ശ്രീശാന്തിന്റെ വാതുവെപ്പ് തുക കണ്ടെടുത്തു

Posted on: May 31, 2013 9:24 am | Last updated: May 31, 2013 at 9:24 am
SHARE

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിയില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വാതുവെപ്പുകാര്‍ നല്‍കിയ പത്ത് ലക്ഷം രൂപയില്‍ 5.5ലക്ഷം രൂപ ഡല്‍ഹി പോലീസ് കണ്ടെത്തി. മുംബൈയിലെ അന്ധേരിയിലെ ഫഌറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിഷേക് ശുക്ലയുടെ സഹായത്തോടെയാണ് പണം കണ്ടെത്തിയത്. ശ്രീശാന്തിന്റെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ 75,000 രൂപ നേരത്തെ മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. ആഢംബര വസ്തുക്കള്‍ വാങ്ങാനും പാര്‍ട്ടി നടത്താനും 3.75 ലക്ഷം രൂപ ശ്രീശാന്ത് ചെലവഴിച്ചതിന് ഡല്‍ഹി പോലീസിന്റെ പക്കലും തെളിവുണ്ട്.
ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഹോട്ടല്‍ മുറിയില്‍ നിന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇവന്റ് മാനേജറും സുഹൃത്തുമായ അഭിഷേക് ശ്രമിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. അറസ്റ്റിന് ഉടനെ മറ്റൊരു സുഹൃത്ത് ജിജു ജനാര്‍ദനന്‍ അഭിഷേകിനെ ഫോണില്‍ വിളിച്ച് ശ്രീശാന്തിന്റെ മുറി ‘വൃത്തിയാക്കാന്‍’ ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അഭിഷേകിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ അഭിഷേകിന് ഡല്‍ഹി കോടതി ജാമ്യമനുവദിച്ചു. 25,000 രൂപക്കുള്ള ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ശുക്ലക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ജാമ്യം ലഭിക്കാവുന്നയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.