മലപ്പുറം നഗരസഭയില്‍ ദേശീയപാതയുടെ പരിധി മുപ്പത് മീറ്ററാക്കി കുറച്ചു

Posted on: May 31, 2013 8:15 am | Last updated: May 31, 2013 at 8:15 am
SHARE

മലപ്പുറം: ദേശീയപാതയുടെ പരിധി 45 നിന്ന് 30 മീറ്ററാക്കി കുറച്ച പുതുക്കിയ നഗര വികസന പ്ലാന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. വ്യാപാരികള്‍, യൂനിയനുകള്‍ എന്നിവരില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പരിധി കുറക്കാന്‍ തീരുമാനിച്ചത്. 39 പരാതികളാണ് ഇത് സംബന്ധിച്ച് നഗരസഭക്ക് ലഭിച്ചത്. മുമ്പ് പ്രസിദ്ധീകരിച്ച വികസന പ്ലാനിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിഹരിച്ചാണ് പുതുക്കിയ പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്.
മേല്‍മുറി മച്ചിങ്ങലില്‍ ബസ്റ്റാന്റ് നിര്‍മിക്കാനുള്ള തീരുമാനം കൗണ്‍സില്‍ ഉപേക്ഷിച്ചു. നഗരസഭക്ക് ഇവിടെ സ്വന്തമായി ഭൂമിയില്ലാത്തതാണ് ഇതിനുകാരണം. നഗരസഭക്ക് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈദരാബാദിലെ അക്വാ ക്വാളിറ്റി മാനേജ്‌മെന്റിനെ ഏല്‍പ്പിക്കും. ഇതിനായി വിളിച്ച ടെന്‍ഡറില്‍ രണ്ട് കമ്പനികളാണ് പങ്കെടുത്തത്. നഗരസഭയുടെ സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികള്‍ക്ക് ഇവര്‍ രൂപം നല്‍കും. ഇതിന് 1.75 ലക്ഷം രൂപയാണ് ചിലവ്.
മുണ്ടുപറമ്പിലെ വാതക ശ്മശാനം കഴിഞ്ഞ മൂന്ന് മാസമായി പ്രവര്‍ത്തിക്കാത്ത പ്രശ്‌നം കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ് ഉന്നയിച്ചു. യന്ത്ര തകരാറുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ചെയമാന്‍ കെ പി മുഹമ്മദ് മുസ്തഫ പറഞ്ഞു. ആലുവയിലുള്ള സ്വകാര്യകമ്പനിയാണ് ശ്മശാനം സ്ഥാപിച്ചത്. ഇതിന്റെ സാങ്കേതികവിദ്യ ഇവരുടെ കൈവശം മാത്രമാണുള്ളത്. അഞ്ച് മാസം മുമ്പ് ഉപകരണത്തിന്റെ ചിപ്പ് കേടായതിനെ തുടര്‍ന്ന് നാല്‍പ്പതിനായിരം രൂപയാണ് ചിലവ് വന്നത്. ഒരു മാസത്തിന് ശേഷം വീണ്ടും രണ്ട് ചിപ്പുകള്‍ കേടായി. ഇതിനായി 65000 രൂപ ചിലവ് വരും. ഇതേ തുടര്‍ന്ന് മറ്റൊരു ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്. നിലവില്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്ന് മറ്റൊരു ക്രിമിറ്റോറിയം കൂടി നിര്‍മിക്കാന്‍ നഗരസഭക്ക് പദ്ധതിയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
കോട്ടപ്പടിയില്‍ ആധുനിക ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്‌സും, വലിയപറമ്പില്‍ ആധുനിക മത്സ്യമാര്‍ക്കറ്റും ഹാജിയാര്‍പള്ളിയില്‍ സ്‌പോര്‍ട്‌സ് സെന്ററും നിര്‍മിക്കാനും അംഗീകാരം നല്‍കി. ടെന്‍ഡറില്‍ മൂന്ന് കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ കുറഞ്ഞ തുക പറഞ്ഞ ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കി. നഗരസഭ പരിധിയിലെ എല്ലാ റോഡുകളും 12 മീറ്ററാക്കി വീതി കൂട്ടം. ഈ മാസം 10ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.
വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 25000 രൂപ അനുവദിക്കും. വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ബേങ്ക് അക്കൗണ്ട് വഴിയാക്കുന്നത് സംബന്ധിച്ച വിവരശേഖരണത്തിന് ജൂണ്‍ 5,6,7 തീയതികളില്‍ നഗരസഭയില്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇനി മുതല്‍ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും ആധാര്‍ വഴിയായിരിക്കും ലഭിക്കുക. അംഗവൈകല്യമുള്ളവര്‍ക്കായി വീടുകളില്‍ ചെന്ന് ആധാറെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് തുടങ്ങും. രൂക്ഷമായ തെരുവ് നായ ശല്യം കുറക്കാനായി വന്ധ്യകരണം നടത്താനും അങ്കണ്‍വാടികളിലെ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് മാവേലി സ്റ്റോറിന് പകരം കുടുംബശ്രീ യൂണിറ്റായ നന്മ നീതി മാര്‍ക്കറ്റിനെ ഏല്‍പ്പിക്കാനും യോഗം തീരുമാനിച്ചു. കുന്നുമ്മലിലെ സഹകരണ ആശുപത്രിക്ക് മലിനജല ശുദ്ധീകരണ പ്ലാന്റും ഫുഡ് വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും നിര്‍മിക്കാനായി ടൗണ്‍ഹാളിനടുത്തുള്ള നഗരസഭയുടെ ഭൂമി നല്‍കും. ഡയാലിസിസ് രോഗികള്‍ക്ക് മാസം 900 രൂപ നല്‍കും. ഇവരുടെ എ പി എല്‍ കാര്‍ഡ് ബി പി എല്ലാക്കി മാറ്റും. മേല്‍മുറി തോടിന്റെ വീതി 20 മീറ്ററാക്കും. ഇവിടെ കൈയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.