Connect with us

Kozhikode

റേഷന്‍ ഗോതമ്പ് പിടികൂടിയ സംഭവം: അന്വേഷണം ഊര്‍ജിതം

Published

|

Last Updated

വടകര: റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട എഫ് സി ഐ മുദ്രയുള്ള 80 ചാക്ക് ഗോതമ്പ് പിടികൂടിയ സംഭവത്തില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കി. ചോമ്പാല പോലീസാണ് കെ എല്‍ 11 – 2070 നമ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 80 ചാക്ക് ഗോതമ്പ് പിടികൂടി ലോറി ജീവനക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. സിവില്‍ സപ്ലൈസ് അധികൃതര്‍ പോലീസ് സ്റ്റേഷനിലെത്തി ഗോതമ്പ് പരിശോധിച്ചതിന് ശേഷമാണ് റേഷന്‍ ഗോതമ്പാണെന്ന് തിരിച്ചറിഞ്ഞതും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും.
തുടര്‍ന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ ജെ ടി റോഡിലെ കെ ടി മമ്മു, കെ ടി അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൊത്ത വ്യാപാരകേന്ദ്രം, പവിത ട്രേഡിംഗ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തിക്കോടിയിലെ ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനിലെത്തി പിടിച്ചെടുത്ത ഗോതമ്പുകള്‍ പരിശോധിച്ചു.
വടകരയിലെ റേഷന്‍ മൊത്ത വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ വന്‍തോതില്‍ അരിയും ഗോതമ്പുമടക്കമുള്ള റേഷന്‍ സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
ഗോതമ്പ് മാഹിയിലെ സ്വകാര്യ മില്ലിലേക്കും അരി വടകരയിലെ തന്നെ പല മൊത്ത വ്യാപാരികള്‍ക്കും തിരിമറി നടത്തുകയാണെന്നും പരാതിയുണ്ട്. നേരത്തെ റേഷന്‍ അരി വടകരയിലെ ചില സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നെങ്കിലും ഇവരെ അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു. റേഷന്‍ അരിയും ഗോതമ്പും തിരമിറിക്കായി വന്‍ റാക്കറ്റ് തന്നെ വടകരയില്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. രാത്രികാലങ്ങളില്‍ പരിശോധന നടത്താന്‍ സിവില്‍ സപ്ലൈസിന് വേണ്ടത്ര ജീവനക്കാരും സംവിധാനങ്ങളും ഇല്ലാത്തതിനാലാണ് തിരിമറി കണ്ടെത്താന്‍ കഴിയാത്തതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. ഗോതമ്പ്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവര്‍ ചോറോട് ചേനന്‍ കുളങ്ങര അജു (34), ക്ലീനര്‍ മേപ്പയില്‍ കുന്നത്ത് ബിജു (40) എന്നിവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം ശുഹൈബ് റിമാന്‍ഡ് ചെയ്തു.

Latest