Connect with us

Kozhikode

കരിങ്കല്‍ ക്വാറിക്കെതിരെ നാട് കൈകോര്‍ക്കുന്നു

Published

|

Last Updated

നരിക്കുനി: രണ്ട് പതിറ്റാണ്ട് കാലം ഒരു നാടിന്റെ സൈ്വര്യം കെടുത്തിയ കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശം പ്രതിഷേധങ്ങളുമായി കൈകോര്‍ത്തു.
ക്ഷമിച്ചും സഹിച്ചും പരിധികള്‍ ലംഘിച്ചിട്ടും തുടരുന്ന ദുരിതത്തിനെതിരെയുള്ള പ്രതിഷേധാഗ്നിയിലാണ് സ്ത്രീകളും കുട്ടികളും അടക്കം അണിനിരന്ന് ദുരന്താനുഭവങ്ങളുടെ കെട്ടഴിച്ചത്. വീര്യമ്പ്രം കൊയിലോട്ടുപാറ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ പരിസ്ഥിതി സംരക്ഷണ ജനകീയ സമിതി സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് പ്രതിഷേധാഗ്നിയുമായി വീട്ടമ്മമാരും കുടുംബങ്ങളും ഒന്നിച്ചെത്തിയത്.
ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു ഈ കരിങ്കല്‍ക്വാറി. അന്നു മുതല്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് പ്രദേശവാസികള്‍ പറഞ്ഞുവെച്ചത്. വ്യത്യസ്ത ദുരിതങ്ങളാണ് അവര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്.
ക്വാറി പ്രവര്‍ത്തനം തുടരുന്നത് മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍, അയല്‍വാസികളായിട്ടും വഴി തടസ്സപ്പെടുത്തിയതിനാല്‍ അന്യരെപ്പോലെ കഴിയേണ്ടിവരുന്നവര്‍, വീട് വിണ്ടുകീറിയവര്‍, ക്വാറിയില്‍ നിന്നുള്ള കല്ലുതെറിച്ച് ദുരിതമനുഭവിക്കുന്നവര്‍, ലോറികളുടെ മരണപ്പാച്ചില്‍, കുടിവെള്ളക്ഷാമം അനുഭവിക്കുന്നവര്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളുമായി എത്തിയവര്‍ കണ്‍വെന്‍ഷനില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചു.
ഇവ അധികൃതര്‍ക്ക് സമര്‍പ്പിക്കും. നടപടിയുണ്ടാകാതിരുന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് കണ്‍വെന്‍ഷന്‍ താക്കീത് നല്‍കി. സലാം വട്ടോളി ഉദ്ഘാടനം ചെയ്തു.
കെ ഷൈജു അധ്യക്ഷത വഹിച്ചു. വി കെ മുഹമ്മദ് റഷീദ് വിഷയാവതരണം നടത്തി. ടി എം റശീദ്, പി വി സുധ, പി ബി ഷൈന്‍, പി അബ്ദുല്ല, കെ കെ ജമാലുദ്ദീന്‍, എ റിശ്‌നാസ് സംസാരിച്ചു.

---- facebook comment plugin here -----

Latest