ഓവുചാല്‍ നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടുമെന്ന് ആക്ഷേപം

Posted on: May 31, 2013 7:50 am | Last updated: May 31, 2013 at 7:50 am
SHARE

മുക്കം: അങ്ങാടിയില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി പരാതി. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 24 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. കൈയേറ്റങ്ങളും കെട്ടിട നിര്‍മാണങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മാണമാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സര്‍വേ നടത്തി നിശ്ചയിച്ച ഭാഗങ്ങളില്‍ രണ്ടടിയോളം സ്ഥലം ഒഴിച്ച് നിര്‍ത്തിയാണ് നിര്‍മാണം നടക്കുന്നതെന്നും പ്രവൃത്തിക്കായി ആവശ്യത്തിന് മണല്‍ ഉപയോഗിക്കുന്നില്ലെന്നും അടിവശം കോണ്‍ക്രീറ്റ് ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണം നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് താലൂക്ക് സര്‍വേയറെ കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് അടയാളപ്പെടുത്തിയ ഭാഗത്താണ് നിര്‍മാണം നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.