നക്‌സലിസം നേരിടാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്ന് സര്‍വകക്ഷി യോഗം

Posted on: May 31, 2013 7:37 am | Last updated: May 31, 2013 at 7:37 am
SHARE

റായ്പൂര്‍: നക്‌സലിസത്തെ നേരിടാന്‍ കേന്ദ്രം നക്‌സല്‍ ബാധിത സംസ്ഥാനങ്ങളെയെല്ലാം ഏകോപിപ്പിച്ച് സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഇന്നലെ ഇവിടെ ചേര്‍ന്ന സര്‍വകക്ഷി യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. നക്‌സലിസം വന്‍ ഭീഷണിയാണെന്നും ദേശീയ പ്രശ്‌നമാണെന്നും യോഗം വിലയിരുത്തി.
സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയുടെ പേരില്‍, മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ചിരുന്നു.
മെയ് 25ന് ബസ്തര്‍ ജില്ലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം 29 പേരുടെ മരണത്തിനിടയാക്കിയ നക്‌സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രമണ്‍ സിംഗ് സര്‍വകക്ഷി യോഗം വിളിച്ചത്. ഭരണ കക്ഷിയായ ബി ജെ പി, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സി പി ഐ, സി പി എം, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നീ കക്ഷി നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.
നക്‌സലിസം ഉയര്‍ത്തുന്ന പ്രതിസന്ധി നേരിടാന്‍ നടപ്പാക്കേണ്ട ഹ്രസ്വകാല- ദീര്‍ഘകാല പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്ന് പിന്നീട് വാര്‍ത്താ ലേഖകരോട് സംസാരിക്കവെ മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. ഗോത്രവര്‍ഗ മേഖലയില്‍ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ബസ്തറില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടക്കിടെ ഇത്തരം സര്‍വകക്ഷി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതാണ്.
സര്‍വകക്ഷി യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നുവെങ്കില്‍ വിലപ്പെട്ട കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here