Connect with us

National

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ തായ്‌ലാന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു

Published

|

Last Updated

ബാങ്കോക്ക്: മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തായ്‌ലാന്‍ഡിലെത്തി. രണ്ട് ദിവസമാണ് അദ്ദേഹം തായ്‌ലാന്‍ഡിലുണ്ടാകുക. തായ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ശിനാവത്രയടക്കമുള്ള നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. സ്വതന്ത്ര വ്യാപാര കരാറിന്റെ ചട്ടക്കൂട് രൂപപ്പെടുത്തുക, തന്ത്രപരമായ സഹകരണത്തിന്റെ സാധ്യതകള്‍ ആരായുക തുടങ്ങിയവയായിരിക്കും ചര്‍ച്ചയില്‍ ഉയര്‍ന്നുവരിക.
സിവില്‍ ആണവ സഹകരണം ശക്തമാക്കുകയെന്ന തീരുമാനത്തോടെയാണ് മന്‍മോഹന്‍ സിംഗ് ജപ്പാന്‍ വിട്ടത്. ആണവ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതുമായിരുന്നു ജപ്പാനിലെ ചര്‍ച്ചകള്‍. “കിഴക്കോട്ട് നോക്കുക” എന്ന നയത്തിന്റെ ഭാഗമായി നടക്കുന്ന പര്യടനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ഉന്നതതല സംഘവുമുണ്ട്. ആസിയാന്‍ മേഖലയിലെ പ്രധാന രാജ്യമായി പരിഗണിച്ചുവരുന്ന തായ്‌ലാന്‍ഡുമായുള്ള സൗഹൃദത്തെ ഇന്ത്യ അങ്ങേയറ്റം വിലമതിക്കുന്നുണ്ടെന്ന് തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാധ്വാ പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാറിനായി ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണമായി ഫലവത്തായിരുന്നില്ല. ഇരു രാജ്യങ്ങളിലെയും സേവന മേഖലയിലേക്ക് കൂടി തുറന്ന വിപണി നയം കൊണ്ടുവരാനുള്ള നീക്കത്തില്‍ തട്ടിയാണ് ചര്‍ച്ചകള്‍ വഴി മുട്ടിയിരുന്നത്. ജനുവരി 2010 മുതല്‍ തന്നെ 84 ഉത്പന്നങ്ങളുടെ കാര്യത്തില്‍ താരിഫ്‌രഹിത വ്യാപാരം നടക്കുന്നുണ്ട്. ഇത് കൂടുതല്‍ ഇനങ്ങളിലേക്ക് വ്യാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ഇരുരാജ്യങ്ങളും നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകളെന്നും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യയും തായ്‌ലാന്‍ഡും പുലര്‍ത്തുന്ന താത്പര്യം പ്രതിഫലിക്കുന്നതാകും കൂടിക്കാഴ്ചകളെന്നും മന്‍മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി തായ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

---- facebook comment plugin here -----

Latest