ഇസ്‌റാഈല്‍ ഭീഷണിക്ക് സിറിയന്‍ പ്രസിഡന്റിന്റെ മറുപടി

Posted on: May 31, 2013 12:15 am | Last updated: May 31, 2013 at 12:15 am
SHARE

ദമസ്‌കസ്: സിറിയന്‍ മണ്ണില്‍ ആക്രമണം നടത്തുമെന്ന ഇസ്‌റാഈലിന്റെ മുന്നറിയിപ്പിന് പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ മറുപടി. സിറിയന്‍ അതിര്‍ത്തി ലംഘിക്കുകയോ സൈനിക നടപടികള്‍ നടത്തുകയോ ചെയ്താല്‍ ഇസ്‌റാഈല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലബനാന്‍ ടി വിയായ അല്‍ മനാറിന് നല്‍കിയ അഭിമുഖത്തില്‍ അസദ് വ്യക്തമാക്കി. വിമതര്‍ക്കെതിരായ പോരാട്ടത്തിനും മറ്റുമായി സിറിയന്‍ സൈന്യത്തെ സഹായിക്കാന്‍ റഷ്യ ആയുധ സഹായം നല്‍കുന്നുണ്ടെന്നും വിമാനവേധ മിസൈലുകളായ എസ് 300 സിറിയയിലെത്തിയിട്ടുണ്ടെന്നും ബശര്‍ അല്‍ അസദ് പറഞ്ഞു. കൂടുതല്‍ മിസൈലുകളും ആയുധങ്ങളും നിറച്ച കപ്പലുകള്‍ തുടര്‍ ദിവസങ്ങളില്‍ സിറിയന്‍ തുറമുഖത്ത് എത്തുമെന്നും അസദ് കൂട്ടിച്ചേര്‍ത്തു.
സിറിയക്ക് മിസൈല്‍ സംവിധാനം നല്‍കുമെന്ന റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കവേ കഴിഞ്ഞ ദിവസമാണ് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി മോശെ യാലൂന്‍ സിറിയക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. സിറിയന്‍ സൈന്യത്തെ റഷ്യ സഹായിക്കുകയാണെങ്കില്‍ സിറിയക്കെതിരെ സൈനിക നടപടിയെടുക്കുമെന്ന് മോശെ വ്യക്തമാക്കിയിരുന്നു. സിറിയന്‍ വിമതര്‍ക്കുള്ള ആയുധ ഉപരോധം യൂറോപ്യന്‍ യൂനിയന്‍ പിന്‍വലിച്ചതോടെയാണ് സിറിയക്ക് മിസൈല്‍ സംവിധാനങ്ങള്‍ നല്‍കുമെന്ന് റഷ്യ വ്യക്തമാക്കിയത്. റഷ്യയുടെ ആയുധ സഹായം സിറിയന്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ആരോപിച്ച ഇസ്‌റാഈല്‍, ഇ യു നടപടിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, വിമത കേന്ദ്രങ്ങളില്‍ മുന്നേറ്റം നടത്തുന്ന സിറിയന്‍ സൈന്യം പൂര്‍ണ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും തലസ്ഥാനമായ ദമസ്‌കസിലെയും വിമത ശക്തികേന്ദ്രമായ ഖുസൈറിലെയും വിമത നിയന്ത്രണത്തിലുണ്ടായിരുന്ന നഗരങ്ങളും പ്രദേശങ്ങളും സൈന്യം തിരിച്ചുപടിച്ചതായും അസദ് വ്യക്തമാക്കി.
അതിനിടെ, സിറിയന്‍ പ്രതിസന്ധി പരിഹരിക്കുകയെന്ന അജന്‍ഡയോടെ അടുത്തമാസം ജനീവയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ സമ്മേളിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ഭിന്നത പരിഹരിക്കുകയെന്നതാണ് ചര്‍ച്ചയുടെ പ്രധാന ഉദ്ദേശ്യം. സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതരെയും പ്രതിപക്ഷത്തെയും പിന്തുണക്കുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും അറേബ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച നടത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യയും അമേരിക്കയുമാണ് സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്.
ബശര്‍ അല്‍ അസദ് ഭരണം അവസാനിപ്പിക്കാതെ ചര്‍ച്ചക്കോ വിട്ട് വീഴ്ചക്കോ തയ്യാറല്ലെന്ന നിലപാടില്‍ വിവിധ പ്രതിപക്ഷ നേതാക്കള്‍ ഉറച്ച് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here