സ്പര്‍ധ ബാക്കി വെക്കുന്ന സമുദായ മാടമ്പിത്തരം

Posted on: May 31, 2013 6:01 am | Last updated: May 31, 2013 at 7:40 am
SHARE

ഉണ്ടിരുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന് പറഞ്ഞത് പോലെയായിരുന്നു (രമേശ് ചെന്നിത്തല നായരായതു കൊണ്ടല്ല ഈ ചൊല്ല് ഇവിടെ ഉപയോഗിച്ചത്) കേരള യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2014ല്‍ മാത്രം നടക്കാനിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന് സന്നദ്ധമാക്കുക എന്ന ഉദ്ദേശ്യം യാത്രക്കു മേല്‍ ആരോപിക്കുക എളുപ്പമായിരുന്നില്ല. യാത്രാരംഭ ദിനത്തില്‍ വിവിധ പത്രങ്ങളില്‍ ഒരേസമയം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ഒന്നാകെയും ആഭ്യന്തര വകുപ്പിനെ പ്രത്യേകിച്ചും രമേശ് ചെന്നിത്തല വിമര്‍ശിച്ചപ്പോള്‍ ഒരു നേരം അരി ഭക്ഷണം കഴിച്ചിരുന്നവര്‍ക്കൊക്കെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. യാത്രാന്ത്യത്തില്‍ ആവശ്യപ്പെടുക നേതൃമാറ്റമാണോ ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി പദമാണോ എന്ന ആശങ്ക മാത്രമേ വര്‍ണ്യത്തിലുണ്ടായിരുന്നുള്ളൂ. വാഗ്ദാനങ്ങളില്‍ ജനം വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുകയും കേരളത്തിന്റെ ഇനിയും പരിഹരിക്കപ്പെടാത്ത ആവശ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തതിനാലാണ് നേതൃമാറ്റമുന്നയിച്ചേക്കുമോ എന്ന സംശയമുയര്‍ന്നത്. അതിനുള്ള സമയമായില്ലെന്ന് തോന്നിയതുകൊണ്ടാകണം ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രിപദമെന്ന ആവശ്യത്തിലൊതുങ്ങാന്‍ ചെന്നിത്തല തീരുമാനിച്ചത്. ഏറ്റമൊടുവില്‍, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവിന് മന്ത്രിസഭയില്‍ ലഭിക്കുന്ന പ്രാധാന്യം അരക്കഴഞ്ച് പോലും കുറയാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ മുസ്‌ലിം ലീഗ് ഇടഞ്ഞു. എങ്കിലും ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുവാദം വാങ്ങി, മന്ത്രിസഭയിലേക്ക് ചെന്നിത്തല വലതുകാല്‍ വെച്ച് കയറുമെന്ന് തന്നെ വേണം കരുതാന്‍. ഇടഞ്ഞു നില്‍ക്കുന്നവരും അടുത്തു നില്‍ക്കുന്നവരും ലഡു ഭക്ഷിച്ച് നിറഞ്ഞ് ചിരിക്കുന്ന ദൃശ്യ, ചിത്രങ്ങള്‍ വൈകാതെ കാണാനുമാകും. ഉപമുഖ്യമന്ത്രിപദമുള്‍പ്പെടെ കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായ തര്‍ക്കങ്ങളെല്ലാം മാധ്യമ സൃഷ്ടിയെന്ന് പറയുന്നവരെല്ലാം ദൃശ്യ, ചിത്രങ്ങളിലുണ്ടാകുകയും ചെയ്യും.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ രണ്ടാണ്ട് പിന്നിടുമ്പോള്‍ അതിഘോരമായ വിധത്തില്‍ പ്രതിച്ഛായാ പ്രതിസന്ധിയൊന്നും നേരിടുന്നില്ല. സ്വന്തം കാര്യങ്ങള്‍ വൃത്തിയായി നോക്കാന്‍ ത്രാണിയുള്ള ഘടകകക്ഷികളെല്ലാം അത് ഭംഗിയായി നിര്‍വഹിക്കുന്നു, കോണ്‍ഗ്രസിന്റെ മന്ത്രിമാരും താത്പര്യ സംരക്ഷണത്തിന്റെ പാതയില്‍ സുഗമമായി മുന്നേറുന്നു. വിലക്കയറ്റം, പൊതു സ്വത്തിന്‍മേലുള്ള കൈയേറ്റം, ആദിവാസി മേഖലകളില്‍ നിന്നുള്ള പട്ടിണി മരണം തുടങ്ങിയ അസ്വാരസ്യങ്ങളുണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങളിലൂടെ ജനവികാരം തണുപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതിനപ്പുറത്ത് സര്‍ക്കാറിന്റേതായ ജനക്ഷേമ പ്രവൃത്തികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പൊതു സമ്പര്‍ക്ക വിഭാഗത്തിലൂടെ വരുന്ന പരസ്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താവുന്നതാണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞ തവണത്തെ 16 സീറ്റിന്റെ നേട്ടം ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസിലെയും യു ഡി എഫിലെയും നേതാക്കള്‍ മനസ്സിലെങ്കിലും സമ്മതിക്കുന്നുണ്ടാകണം. ഇത്തരമൊരു സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ച്, മന്ത്രിയാകാന്‍ രമേശ് ചെന്നിത്തല എന്തുകൊണ്ട് തത്പരനാകുന്നു? ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകാന്‍ ഇടയുള്ള കുറേക്കൂടി അനുകൂല സാഹചര്യം മുതലെടുത്ത് ഒരു നേതൃമാറ്റത്തിന് തന്നെ കളമൊരുക്കാന്‍ ശ്രമിച്ചു കൂടേ ചെന്നിത്തലക്ക്? യു ഡി എഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലവനെന്ന സ്ഥാനം, ഒരു നിലക്ക് നോക്കിയാല്‍ മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ്. അതുപേക്ഷിക്കേണ്ട സാഹചര്യം എന്താണ് നിലനില്‍ക്കുന്നത്? കോണ്‍ഗ്രസിലെയും യു ഡി എഫിലെയും, അധികാരത്തിലെത്തിയ കാലത്തൊക്കെ ആവര്‍ത്തിക്കപ്പെട്ട, ഗ്രൂപ്പ്/കക്ഷി യുദ്ധങ്ങളില്‍ സമുദായ സംഘടനകള്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?
രമേശ് ചെന്നിത്തലയെ സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് പദവിയില്‍ രണ്ട് ടേം കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തെ ടേമിന്റെ അവസാന ഘട്ടത്തിലുമാണ്. എ ഐ സി സിയുടെ വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത രാഹുല്‍ ഗാന്ധി സംഘടനാ സംവിധാനത്തെ അഴിച്ച് പണിയാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് ദീര്‍ഘകാലമായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നവരെ മാറ്റുക എന്നതാണ്. അതനുസരിച്ചാണെങ്കില്‍ ചെന്നിത്തലക്ക് വൈകാതെ സ്ഥാനചലനമുണ്ടാകും. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാല്‍, വെറുമൊരു ഹരിപ്പാട് എം എല്‍ എയായി ചുരുങ്ങുക എന്നത് ചെന്നിത്തലയെ സംബന്ധിച്ച് സഹിയാവതല്ല. സ്ഥാനമൊഴിഞ്ഞതിന് ശേഷം മന്ത്രി സ്ഥാനത്തിന് ശ്രമിച്ചാല്‍ കെ മുരളീധരന്റെ വിലയേ തനിക്കുമുണ്ടാകൂ എന്ന് അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്. ഉണ്ടിരുന്ന നായര്‍ക്ക് തോന്നിയ വിളിയല്ല, മറിച്ച് കാറ്റുള്ളപ്പോള്‍ പാറ്റുന്നവന്റെ സാമര്‍ഥ്യമാണ് കേരളയാത്രയിലൂടെ കണ്ടത് എന്ന് ചുരുക്കം. അധികാരമില്ലാതെ ഇനി പറ്റില്ലെന്ന് (മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് നോക്കേണ്ടിവരില്ലെന്ന ശങ്ക രൂഢമൂലമാണ് മനസ്സില്‍) ചെന്നിത്തല തുറന്ന് പറയുക തന്നെയാണ്. ചെന്നിത്തലയല്ല, കോണ്‍ഗ്രസില്‍ നിന്ന് ആര് തന്നെ മന്ത്രിസഭയില്‍ വന്നാലും യു ഡി എഫ് സര്‍ക്കാര്‍ ഇപ്പോഴേത് വഴിക്കാണോ സഞ്ചരിക്കുന്നത്, ആ വഴിക്ക് തന്നെ സഞ്ചാരം തുടരുമെന്നതില്‍ സംശയമില്ലാത്തതിനാല്‍ ജനത്തിനോ വോട്ടര്‍ പട്ടികയില്‍ പേരുള്ള, വോട്ട് ചെയ്യുന്ന ജനത്തിനോ ഇവിടെ വലിയ കാര്യമൊന്നുമില്ല.
ഈ യുദ്ധത്തിലെ ഏറ്റവുമധികം നികൃഷ്ടമായ സംഗതി, നായര്‍ സര്‍വീസ് സൊസൈറ്റിയും (എന്‍ എസ് എസ്) ശ്രീനാരായണ ധര്‍മ പരിപാലന യോഗവും (എസ് എന്‍ ഡി പി) സ്വീകരിച്ച നിലപാടുകളാണ്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന ഭീഷണിയാണ് ഇരു സംഘടനകളുടെയും നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും മുഴക്കുന്നത്. മുന്നാക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തെ കാബിനറ്റ് മന്ത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തി, അവിടെ എന്‍ എസ് എസ് നേതാവ് കൂടിയായ ആര്‍ ബാലകൃഷ്ണ പിള്ളയെ പ്രതിഷ്ഠിക്കുകയും ഭാര്യാ പീഡന ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചുള്‍പ്പെടുത്തിയും എന്‍ എസ് എസ്സിന്റെ അപ്രീതി നീക്കാന്‍ ശ്രമിച്ചു ഉമ്മന്‍ ചാണ്ടി. രണ്ട് കാര്യങ്ങളും ഇതുവരെ നടന്നില്ലയെങ്കില്‍ കൂടി ഇത്തരമൊരു നിര്‍ദേശം ചര്‍ച്ചാവിധേയമാക്കിയത് എന്‍ എസ് എസ് സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് വ്യക്തം. ഗണേഷിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന് മുസ്‌ലിം ലീഗ് പറയുമ്പോള്‍ ചര്‍ച്ചകള്‍ നടന്നു/നടക്കുന്നുവെന്നത് സ്ഥിരീകരിക്കപ്പെടുന്നുമുണ്ട്.
ബാലകൃഷ്ണ പിള്ളക്ക് സ്ഥാനലബ്ദിയുണ്ടായാല്‍ അത് സമുദായത്തിന്റെ കണക്കില്‍ എഴുതേണ്ടെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഉടന്‍ പ്രതികരിച്ചു. ഭരണത്തിലെ സമുദായ സന്തുലനമില്ലായ്മയായിരുന്നു എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും നേരത്തെ മുതല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നം. മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി അഞ്ചാമതൊരാള്‍ മന്ത്രിസഭയിലേക്ക് വന്നതോടെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയെന്ന പ്രശ്‌നം ഈ സംഘടനകള്‍ കൂടുതല്‍ ശക്തമായി ഉന്നയിച്ചത്. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് പലായനം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് വരെ സുകുമാരന്‍ നായര്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ മന്ത്രിസഭയില്‍ ഭൂരിപക്ഷമായതുകൊണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഭൂരിപക്ഷ സമുദായത്തിന് ഉണ്ടായതെന്ന് പറയാതെയാണ് ഈ ആരോപണങ്ങളെല്ലാം സുകുമാരന്‍ നായര്‍ ഉന്നയിച്ചത്, വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചത്. ഈ മന്ത്രിസഭ മൂലം എന്‍ എസ് എസ്സിനും എസ് എന്‍ ഡി പിക്കുമുണ്ടായ ബുദ്ധിമുട്ടുകളും ഇവര്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. രമേശ് ചെന്നിത്തലെയെ മന്ത്രിസഭയില്‍ അംഗമാക്കാത്തതായിരുന്നു ഇടക്കാലത്ത് എന്‍ എസ് എസ്സിനുണ്ടായിരുന്ന ബുദ്ധിമുട്ടെന്ന് സുകുമാരന്‍ നായരുടെ മുന്‍കാല പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാകും. രമേശ് മന്ത്രിസഭയില്‍ എത്തിയാലും ഗണേഷിനെ തിരിച്ചെടുത്താലും തീരില്ല അരിശമെന്നാണ് ഇപ്പോഴത്തെ നിലപാട്. പിന്നെ എന്താണ് വേണ്ടതെന്ന് തുറന്ന് പറയാന്‍ സുകുമാരന്‍ നായര്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. വെള്ളാപ്പള്ളിയും അതിന് തയ്യാറാകണം. മറിച്ച് ഇരു മുന്നണികളും ഭൂരിപക്ഷ സമുദായത്തെ ദ്രോഹിക്കുകയാണെന്ന ധാരണ പരത്തി, ഹൈന്ദവ വര്‍ഗീയ ശക്തികള്‍ക്ക് തുണയേകാനാണ് ഉദ്ദേശ്യമെങ്കില്‍ അക്കാര്യവും നേരെ ചൊവ്വെ പറയാവുന്നതാണ്.
കാര്യങ്ങള്‍ തീര്‍ത്തും അവ്യക്തമായി നിര്‍ത്തി, സര്‍ക്കാറിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ത്രാണിയുള്ളവരാണ് തങ്ങളെന്ന മിഥ്യാബോധം സൃഷ്ടിച്ച്, അതില്‍ അഭിരമിച്ചിരിക്കാനാണ് ശ്രമമെങ്കില്‍ അതൊരു മാടമ്പിത്തരം മാത്രമേ ആകൂ. ദീര്‍ഘകാലം അതിന് ആയുസ്സുണ്ടാകുകയുമില്ല. അതിന് തെളിവാണ്, ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാസ്സാക്കിയ പ്രമേയം. തന്റെ കള്ള് കച്ചവടത്തിന്റെ പങ്ക് പറ്റിയവരാണ് പ്രമേയം പാസ്സാക്കിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ കഴമ്പുണ്ടാകും. പക്ഷേ, പങ്ക് നല്‍കി നേതാക്കളെ വളര്‍ത്തിയെടുത്തത് എന്തിനെന്ന ചോദ്യത്തിന് കൂടി വെള്ളാപ്പള്ളി മറുപടി പറയേണ്ടിവരുമെന്ന് മാത്രം. ആലപ്പുഴ ഡി സി സി പാസ്സാക്കിയ പ്രമേയം അത്രത്തോളം അസഹ്യമെങ്കില്‍ (അതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അനുവദിച്ച സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും തീരുമാനിച്ചത്. ചില നായന്‍മാരെങ്കിലും എന്‍ എസ് എസ്സിലെ സ്ഥാനമുപേക്ഷിച്ച് സര്‍ക്കാര്‍ സ്ഥാനം നിലനിര്‍ത്തി കൂറുകാട്ടുകയും ചെയ്തു) ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കാനും അത് നടത്തിക്കാട്ടാനും രണ്ട് സമുദായ നേതാക്കളും മുന്‍കൈ എടുക്കണം. യഥാവിധിയെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2016ലാണ്. അന്ന് ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയാണ് മത്സരിക്കുന്നതെങ്കില്‍ പരാജയപ്പെടുത്താന്‍ ഈ നായരീഴവ പ്രഭൃതികള്‍ക്ക് സാധിക്കുമോ? ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെ തോല്‍പ്പിക്കാന്‍ സാധിക്കുമോ? പെരുന്നയിലും കണിച്ചുകുളങ്ങരയിലും കാട്ടുന്ന തിണ്ണിമിടുക്ക് മാത്രമേയുള്ളൂ ഈ നേതാക്കള്‍ക്ക് എന്ന് തിരിച്ചറിയാത്തവരായി അവരും അനാവശ്യഭക്തി കാട്ടുന്ന രാഷ്ട്രീയ നേതാക്കളും മാത്രമേ കാണൂ. അതുകൊണ്ടാണ് എന്‍ എസ് എസ്സിനും എസ് എന്‍ ഡി പിക്കുമൊക്കെ ബോര്‍ഡ്, കോര്‍പ്പറേഷന്‍, ദേവസ്വം, സര്‍വകലാശാല സ്ഥാനങ്ങള്‍ നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായതും.
രമേശ് ചെന്നിത്തലയുടെ മന്ത്രി മോഹവും എന്‍ എസ് എസ് – എസ് എന്‍ ഡി പി നേതാക്കളുടെ ഉണ്ടയില്ലാ വെടികളും അതിനോട് മത്സരിക്കാന്‍ തത്രപ്പെട്ട് മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന കടുത്ത നിലപാടുകളും അനാവശ്യ സ്പര്‍ധയുടെ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മന്ത്രിയാകാന്‍ പുറപ്പെട്ട് തീര്‍ത്തും ക്ഷീണിതനായി മാറിയ രമേശ് ചെന്നിത്തല, മന്ത്രിസഭാ പ്രവേശം ഏതെങ്കിലും വിധത്തില്‍ സാധ്യമാക്കി, ലഡു വിതരണ ദൃശ്യ – ചിത്രങ്ങളില്‍ അഭിനയിച്ച് ക്ഷീണം മാറ്റിയേക്കും. അപ്പോഴും നായരീഴവ നേതാക്കള്‍ സൃഷ്ടിച്ച അന്തരീക്ഷ മലിനീകരണം നിലനില്‍ക്കും. ആലപ്പുഴ ഡി സി സിയുടെ ധൈര്യമെങ്കിലും കെ പി സി സിയും മുഖ്യമന്ത്രിയും കാട്ടിയാല്‍ ഈ മലിനീകരണത്തിന്റെ തോത് കുറച്ച് കൊണ്ടുവരാനെങ്കിലും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here