ഫോണ്‍ ചോര്‍ത്തല്‍ വിവാദം

Posted on: May 31, 2013 6:00 am | Last updated: May 30, 2013 at 10:11 pm
SHARE

siraj copyകെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ ഫോണ്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശാനുസാരം ചോര്‍ത്തുന്നതായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയോടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഈ മാസം 23നാണ് സുകുമാരന്‍ നായര്‍ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി രംഗത്തെത്തുന്നത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പരാതി. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ചു അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് എറണാകുളം റേഞ്ച് ഐ ജി പത്മകുമാറിനെ അധികാരപ്പെടുത്തി. പരാതി അടിസ്ഥാനരഹിതമാണെന്നും പ്രാഥമികാേന്വേഷണത്തില്‍ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് വ്യക്തമായതെന്നുമുള്ള ഐ ജിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നയുടനെയാണ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ഉയരുന്നത്.
അധികാര കേന്ദ്രങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായുള്ള ആരോപണം രാജ്യത്ത് പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം 2005ല്‍ പാര്‍ലമെന്റിനകത്തും പുറത്തും കോലാഹലം സൃഷ്ടിച്ചതാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് അനുരാഗ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ഫോണ്‍ ചോര്‍ത്തല്‍. ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി,നിതിന്‍ ഗഡ്കരി, വിജയ് ഗോയല്‍, ലളിത് മോഡി ഉള്‍പ്പെടെ 60 പ്രമുഖരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഡിസമ്പറിലാണ്. ഇതുമായി ബന്ധപ്പെട്ട് അനുരാഗ് സിംഗടക്കം നാല് പേര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തു. കേരളത്തില്‍ തന്നെ സി പി എം നേതാക്കളും എം എല്‍ എമാരുമായ എളമരം കരീം , കെ കെ ലതിക എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി ആരോപണം വന്നിരുന്നു.
ഏത് ഫോണുകളും ചോര്‍ത്താനുള്ള വൈദഗ്ധ്യം ഇന്ന് സാങ്കേതിക മേഖല കൈവരിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദികളുടെയും വിധ്വംസക പ്രവര്‍ത്തകരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ നിയമത്തില്‍ വ്യവസ്ഥയുമുണ്ട്. രാഷ്ട്രീയ പ്രതിയോഗികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ലെങ്കിലും രാഷ്ട്രീയക്കാര്‍ ഇതിനെ ദുരുപയോഗം ചെയ്യന്നുവെന്ന സംശയം ബലപ്പെടുത്തുകയാണ് ഇതുസംബന്ധിച്ചു ഉയര്‍ന്നു വരുന്ന പരാതികളുടെ ബാഹുല്യം. എതിര്‍കക്ഷികളുടെ പുതിയ കര്‍മപദ്ധതികളും സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയേക്കാവുന്ന കരുനീക്കങ്ങളും, വിദഗ്ധമായി ചോര്‍ത്തിയെടുക്കുന്ന അവരുടെ ഫോണ്‍ സംഭാഷണങ്ങളിലൂടെയാണ് ഇന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കുന്നത്. രാഷ്ട്രീയ മേഖലയെ ബാധിച്ച ധാര്‍മിക അപചയത്തിന്റെ ഭാഗമായി കടന്നുവന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് ഒരു കക്ഷിയും മുക്തമാണെന്ന് പറയാനാകില്ല. ഭരണത്തിലിരിക്കുന്നവര്‍ പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെയാണ് ചാരപ്രര്‍ത്തനം നടത്തുന്നതെങ്കില്‍ മറ്റുള്ളവര്‍ രഹസ്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നതെന്ന് മാത്രം. രണ്ടും അധാര്‍മികമാണ്. വളഞ്ഞ വഴിയിലൂടെയല്ല, സുതാര്യവും ധാര്‍മികവുമായ മാര്‍ഗത്തിലൂടെയാകണം രാഷ്ട്രീയ പ്രവര്‍ത്തനം.
എന്‍ എസ് എസും കോണ്‍ഗ്രസും തെറ്റിപ്പിരിഞ്ഞു പരസ്പരം കൊമ്പുകോര്‍ക്കുകയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എന്‍ എസ് എസ് മുഖ്യശത്രുവായി കാണുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിന് ഇത്തരമൊരു പശ്ചാത്തലമുണ്ടാകണമെന്നില്ല. കോണ്‍ഗ്രസിനെയും തിരുവഞ്ചൂരിനെയും പ്രതിരോധത്തിലാക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുക എന്നതാണ് ഇപ്പോള്‍ എന്‍ എസ് എസിന്റെ നയം. ചെന്നിത്തലയെയും തിരുവഞ്ചൂരിനെയും തമ്മില്‍ അകറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമായിക്കൂടെന്നില്ല അദ്ദേഹത്തിന്റെ പുതിയ പ്രസ്താവം. ചെന്നിത്തല ഇതുവരെ ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.