ലീഗിന്റെ നീക്കം സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായെന്ന് എന്‍ എസ് എസ് യോഗത്തില്‍ പൊതുവികാരം

Posted on: May 30, 2013 11:53 pm | Last updated: May 30, 2013 at 11:53 pm
SHARE

ചങ്ങനാശേരി: കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ ഇന്നലെ പെരുന്നയില്‍ ചേര്‍ന്ന എന്‍ എസ് എസ് നേതൃയോഗത്തില്‍ തീരുമാനം. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി ഭൂരിപക്ഷ സമുദായാംഗങ്ങളുമായുള്ള പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് രംഗത്തുവന്നത് എന്‍ എസ് എസിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കിയെന്ന പൊതുവികാരം യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു എന്‍ എസ് എസിന്റെ പ്രധാന ചുമതലക്കാരുടെ യോഗം ഇന്നലെ വിളിച്ചുചേര്‍ത്തത്.
എന്‍ എസ് എസ് അക്കൗണ്ടില്‍ ലഭിച്ച സ്ഥാനങ്ങള്‍ സമുദായാംഗങ്ങള്‍ രാജിവെക്കുന്നത് സംബന്ധിച്ച് തിരക്കിട്ട തീരുമാനങ്ങള്‍ തത്കാലം വേണ്ടെന്ന അഭിപ്രായം യോഗത്തില്‍ ഉണ്ടായതായി സൂചനയുണ്ട്. വിവിധ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്ന അംഗങ്ങള്‍ പദവി നിലനിര്‍ത്താന്‍ എന്‍ എസ് എസ് സ്ഥാനങ്ങള്‍ രാജിവെക്കുന്നത് നേതൃത്വത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിലയിരുത്തലാണ് ഭൂരിപക്ഷം അംഗങ്ങളും ചൂണ്ടിക്കാട്ടിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം തുഷാര്‍ വെള്ളാപ്പള്ളി മാത്രമാണ് ഇതുവരെ എസ് എന്‍ ഡി പിയില്‍ നിന്നും രാജിവെച്ചതെന്ന കാര്യം ചില അംഗങ്ങള്‍ ഓര്‍മപ്പെടുത്തി.
യു ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച ബോര്‍ഡ് സ്ഥാനങ്ങളും മറ്റ് ഭാരവാഹിത്വങ്ങളും സംഘടനാ നിര്‍ദേശമനുസരിച്ച് രാജിവെച്ചവരെ യോഗം അഭിനന്ദിച്ചതായി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഫോണും തിരുവഞ്ചൂരിന്റെ പോലീസ് ചോര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം തന്നോട് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തന്റെ ഫോണ്‍ അനൗദ്യോഗികമായി ചോര്‍ത്തിയെന്നാണ് പരാതിപ്പെട്ടത്. ഔദ്യോഗികമായി ഫോണ്‍ ചോര്‍ത്തിയില്ലെന്ന് പറയാന്‍ അന്വേഷണം വേണ്ടായിരുന്നു. ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ച് പോലീസ് അന്വേഷണമല്ല, ശാസ്ത്രീയ അന്വേഷണമാണ് വേണ്ടിയിരുന്നത്. എ കെ ആന്റണിക്കും കെ കരുണാകരനും സംഭവിച്ചതു തന്നെയാണ് ചെന്നിത്തലക്കും സംഭവിക്കാന്‍ പോകുന്നത്. എന്‍ എസ് എസും കോണ്‍ഗ്രസുമായുള്ള സഹകരണം അവസാനിപ്പിച്ചു. കോണ്‍ഗ്രസ് വഞ്ചനാപരമായ നിലപാട് തുടരുന്നതിനാലാണിത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ധാരണകള്‍ അട്ടിമറിച്ചതായും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ നിലപാട് ഇപ്പോള്‍ പറയാനാകില്ല. ഒരു സമ്മര്‍ദ ഗ്രൂപ്പായി എന്‍ എസ് എസ് തുടരും. മുഖ്യമന്ത്രി വിചാരിച്ചാല്‍ അഞ്ച് മിനുട്ടുകൊണ്ട് യു ഡി എഫിലെ പ്രശ്‌നങ്ങള്‍ തീരും. കേരളം ആര് ഭരിക്കണമെന്നതില്‍ ശക്തമായ പങ്കുവഹിക്കാന്‍ എന്‍ എസ് എസിനു കഴിയും.
രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ ലീഗ് എതിര്‍ക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, ഇതേക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. വര്‍ഗീയത മുതലെടുത്ത് ന്യൂനപക്ഷങ്ങള്‍ എല്ലാ ആനുകൂല്യങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്. എന്‍ എസ് എസ് ഇതിനെതിരെ പ്രതികരിച്ചാല്‍ വര്‍ഗീയത പറയുകയാണെന്നാകും ആരോപണം. മുഖ്യമന്ത്രിയാണ് വിഷയങ്ങള്‍ ഇത്രയും വഷളാക്കിയത്. അതിന് ആയുധമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉപയോഗിച്ചു. സര്‍ക്കാറില്‍ വിശ്വാസമില്ലെന്നും അതുകൊണ്ടു തന്നെ ആര് രാജിവെച്ചാലും തങ്ങള്‍ക്ക് വിഷയമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.