Connect with us

Kerala

ടി പി വധത്തിന് പിറ്റേദിവസം മനോജും കുഞ്ഞനന്തനും രണ്ട് തവണ ഫോണില്‍ സംസാരിച്ചുവെന്ന് സാക്ഷിമൊഴി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് രണ്ട് തവണ 13-ാം പ്രതിയും സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി കെ കുഞ്ഞനന്തനുമായി ഫോണില്‍ ബന്ധപ്പെട്ടതായി സാക്ഷി മൊഴി. ടി പി കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം പ്രതികള്‍ പി കെ കുഞ്ഞനന്തനെ വിളിച്ച് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപാതകം നടത്തിയ പിറ്റേ ദിവസം പ്രതികള്‍ തലശ്ശേരി കുണ്ടുംചിറയില്‍ ഒന്നിച്ചിരുന്നു. ഇവിടെ വെച്ച് മനോജ് കുഞ്ഞനന്തനുമായി രാവിലെ 8.27ന് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള കോളും ഉച്ചക്ക് 12.08ന് 96 സെക്കന്റ് ദൈര്‍ഘ്യമുള്ള മറ്റൊരു കോളും സംസാരിച്ചതായി കോള്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേസിലെ 151-ാം സാക്ഷി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് നോഡല്‍ ഓഫീസര്‍ രാജ്കുമാര്‍ പാറോത്തില്‍ വിചാരണ കോടതിയില്‍ മൊഴി നല്‍കി.
കുഞ്ഞനന്തന്‍ സ്വന്തം പേരിലെടുത്ത 9447642688 നമ്പറില്‍ നിന്നും മനോജ് സ്വന്തം പേരിലെടുത്ത 9947212020 നമ്പറില്‍ നിന്നുമാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് രാജ്കുമാര്‍ എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ പറഞ്ഞു.
ടി പി കൊല്ലപ്പെട്ട ദിവസം രാത്രി 10.07 അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് 78 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ വന്നതായി രേഖയിലുണ്ടെന്ന് രാജ്കുമാര്‍ മൊഴി നല്‍കി. ടി പി സ്വന്തം പേരിലെടുത്ത 9656660656 എന്ന നമ്പറിലേക്ക് രാത്രി 10.7ന് 9495319103 എന്ന നമ്പറില്‍ നിന്നാണ് ഇന്‍കമിംഗ് കോള്‍ എത്തുന്നത്. ഈ സമയം ടവര്‍ ലൊക്കേഷന്‍ ഓര്‍ക്കാട്ടേരിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ടി പി കൊല്ലപ്പെടുന്നത് മെയ് നാലിന് രാത്രി ഒമ്പതിനും ഒമ്പതരക്കും ഇടയിലാണെന്നാണ് പ്രതിഭാഗം പറഞ്ഞിരുന്നു. ഈ വാദം തള്ളിക്കളയുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍. ടി പി ഉപയോഗിച്ച മൊബൈലിന്റെ ഇ എം ഇ ഐ കോഡുകളും ഇദ്ദേഹത്തിന്റെ പേരിലാണെന്നതിനുള്ള മേല്‍വിലാസവും കോടതി രേഖയായി സ്വീകരിച്ചു.
ടി പി ചന്ദ്രശേഖരന്റേത് കൂടാതെ രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ശാഫി, പത്താം പ്രതി കെ കെ കൃഷ്ണന്‍ തുടങ്ങിയവരുടെ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ള കോളുകളുടെ വിശദാംശങ്ങളാണ് കോടതി പരിശോധിച്ചത്.
ഗൂഢാലോചന നടന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്ന ഏപ്രില്‍ രണ്ടിന് വൈകിട്ട് 30-ാം പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ കെ സി രാമചന്ദ്രന്‍, സി എച്ച് അശോകന്‍, പി മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ ഉണ്ടായിരുന്നതായി ടവര്‍ ലൊക്കേഷന്‍ രേഖകളില്‍ കാണുന്നതായി രാജ്കുമാര്‍ കോടതിയെ അറിയിച്ചു.
നാലാം പ്രതി ടി കെ രജീഷ് രണ്ട് നമ്പറുകള്‍ എടുത്തിരുന്നു. ഇതില്‍ ഒന്ന് ഇയാളല്ല ഉപയോഗിച്ചിരുന്നതെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. കൊലപാതകം നടത്തി പിറ്റേ ദിവസം ടി കെ രജീഷ് തലശ്ശേരി വേലൂലെത്തുകയും ഒന്നാം പ്രതി അനൂപ്, ദാസന്‍, അന്‍ഷിത്ത്, മനീഷ്, രാജേഷ് എന്നിവര്‍ക്കൊപ്പം ഇന്നോവ കാറില്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ഈ സമയം ഇയാളുടെ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് ആറിന് കര്‍ണാടകയിലെത്തുകയും ഏഴിന് വൈകിട്ട് മുംബൈയിലേക്ക് പോകുകയുമായിരുന്നു. ഏഴിന് രാവിലെ 9.17ന് മുംബൈയില്‍ നിന്നാണ് രജീഷ് അവസാനത്തെ കോള്‍ ചെയ്യുന്നത്. ഇതിന് ശേഷം പിന്നീട് കോളുകള്‍ വന്നിട്ടില്ലെന്നും രേഖയില്‍ കാണുന്നതായി രാജ്കുമാര്‍ മൊഴി നല്‍കി.
ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായെങ്കിലും പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ക്രോസ് വിസ്താരം ഇന്നത്തേക്ക് മാറ്റിവെച്ചു.

Latest