Connect with us

Kerala

സര്‍ക്കാര്‍ മാറിയിട്ടും എന്‍ ബി എസില്‍ 'മൂലധനം' വില്‍പ്പന തകൃതി

Published

|

Last Updated

ആലപ്പുഴ: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായെങ്കിലും സഹകരണ മേഖലയിലെ പ്രസാധക സ്ഥാപനമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഇതറിഞ്ഞ മട്ടില്ല. സംഘത്തിന്റെ പ്രസാധന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ കൈയയച്ച് സഹായം നല്‍കിയിട്ടും മുന്‍ സര്‍ക്കാറിന്റെ നയങ്ങള്‍ തന്നെയാണ് സംഘം ഇപ്പോഴും പിന്തുടരുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. കാറല്‍ മാര്‍ക്‌സിന്റെ മൂലധനം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സാഹിത്യകൃതികളുടെ പ്രചാരണത്തിനാണ് സാഹിത്യസംഘം ഇപ്പോഴും പ്രാമുഖ്യം നല്‍കുന്നതെന്നാണ് ആക്ഷേപം. സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം തന്നെ ഇടതുപക്ഷ സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യലാണെന്ന് സാഹിത്യപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് പോലും പരാതിയുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സംഘം 800 പുസ്തകം പ്രസിദ്ധീകരിച്ചത് യു ഡി എഫ് സര്‍ക്കാറിന്റ നേട്ടമായി മാധ്യമങ്ങളിലെ പരസ്യത്തിലൂടെ അവകാശപ്പെടുമ്പോഴും ഇതിന്റെ യഥാര്‍ഥ നേട്ടം ഇടതുപക്ഷത്തിനോ ഇടതുപക്ഷ സഹയാത്രികര്‍ക്കോ ആയിരുന്നെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണെന്ന് സാഹിത്യപ്രേമികള്‍ ആരോപിക്കുന്നു. ആധുനിക കമ്മ്യൂണിസ്റ്റുകാര്‍ പോലും കൈയൊഴിഞ്ഞ കാറല്‍മാര്‍ക്‌സിന്റെ മൂലധനം എന്ന വിലപിടിപ്പുള്ള പുസ്തകം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രസിദ്ധീകരിച്ചെങ്കിലും കാര്യമായ വില്‍പ്പനയുണ്ടായിരുന്നില്ല. പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് ഓര്‍ഡര്‍ കരസ്ഥമാക്കാന്‍ സഹകരണ വകുപ്പ് തന്നെ മുന്‍കൈയെടുത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ലൈബ്രറികളും മറ്റും വന്‍തോതില്‍ കോപ്പികള്‍ വാങ്ങിക്കൂട്ടിയതൊഴിച്ചാല്‍ പൊതുവിപണിയില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇടതു സര്‍ക്കാറിന്റെ കാലത്ത് പ്രസിദ്ധീകൃതമായ മൂലധനം സര്‍ക്കാര്‍ മാറിയിട്ടും വന്‍തോതില്‍ വിറ്റഴിക്കാന്‍ സാഹിത്യപ്രവര്‍ത്തക സംഘം ശ്രമിക്കുന്നത് വിവാദമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും വന്‍തോതില്‍ പരസ്യം നല്‍കി മൂലധനം വിറ്റഴിച്ച സംഘം ഇത്തവണയും ഇതിന്റെ വില്‍പ്പന പ്രധാന പ്രവര്‍ത്തനമായി ഏറ്റെടുത്തിരിക്കയാണ്. മൂവായിരത്തിലധികം രൂപ വിലയുള്ള മൂലധനം ഇപ്പോള്‍ 1750 രൂപക്ക് വിറ്റഴിക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ്. സി പി എം സഹയാത്രികനും കവിയും ദേശാഭിമാനി മുന്‍ ലേഖകനുമായ ഏഴാച്ചേരി രാമചന്ദ്രനാണ് സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. അതെസമയം സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ തന്റെ വകുപ്പില്‍ നടക്കുന്ന ഇടതുപക്ഷവത്കരണത്തെ എതിര്‍ക്കുന്നില്ലെന്നും തന്റെ മുന്‍ഗാമിയുടെ ഉപദേശനിര്‍ദേശങ്ങളനുസരിച്ചാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള സാഹിത്യകാരന്മാര്‍ ആരോപിക്കുന്നു.

Latest