Connect with us

Kerala

പരിയാരം മെഡി. കോളജ്: മുഖ്യമന്ത്രിയെ സഹകരണ മന്ത്രി വീണ്ടും തിരുത്തി

Published

|

Last Updated

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട നിലപാടില്‍ സഹകരണ മന്ത്രിയും തന്റെ നയം വ്യക്തമാക്കി വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് തിരുത്തലുമായി സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ വീണ്ടും രംഗത്തെത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഇന്നലെ കണ്ണൂരില്‍ സഹകരണ മന്ത്രി ഒന്നുകൂടി വ്യക്തമാക്കിയതോടെ യു ഡി എഫില്‍ പുതിയ വിവാദത്തിന് കൂടി ഇത് വഴിമരുന്നിടും.
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ കലഹത്തെ തുടര്‍ന്ന് ഘടകകക്ഷികളുമായി നിശ്ചയിച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ സഹകരണ മന്ത്രി സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പരിയാരത്തിന്റെ കോടികളുടെ കടബാധ്യതക്ക് സി പി എം മാത്രമല്ല കാരണക്കാര്‍ എന്നുമാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. സര്‍ക്കാര്‍ മേഖലയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. പരിയാരത്തിന്റെ കടബാധ്യതക്ക് എല്ലാ ഭരണസമിതികള്‍ക്കും പങ്കുണ്ടെന്നും ആസ്തി ബാധ്യതകള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടെ എം വി രാഘവനെ പരോക്ഷമായി വിമര്‍ശിക്കാനും മന്ത്രി മുതിര്‍ന്നു. പരിയാരം മെഡിക്കല്‍ കോളജ് ഉണ്ടാക്കിയത് എം വി രാഘവനാണെന്നതു കൊണ്ട് അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ ന്യായമുണ്ടായേക്കാമെന്നു പറഞ്ഞ മന്ത്രി, പക്ഷേ ന്യായം പുറത്തുനിന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കൊണ്ടുനടക്കണ്ടേയെന്നും വ്യക്തമാക്കി.
അതേസമയം, കടക്കെണിയിലും ജപ്തി ഭീഷണിയിലുമായ സഹകരണ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ വീണ്ടും യു ഡി എഫിനുള്ളില്‍ ചര്‍ച്ച നടത്തുമെന്ന നിലപാടാണ് മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും സ്വീകരിച്ചിട്ടുള്ളത്.
പരിയാരം മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ സി എം പി ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് യു ഡി എഫില്‍ മുഖ്യമന്ത്രിയുടെയും കെ പി സി സിയുടെയും മറ്റ് പ്രധാന ഘടകകക്ഷികളുടെയും നിലപാട്. എന്നാല്‍ സഹകരണ മന്ത്രി അത് ഒരിക്കല്‍കൂടി തള്ളിക്കളഞ്ഞിരിക്കുകയാണ്.
പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എം വി രാഘവനെ പ്രകോപിപ്പിക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള യു ഡി എഫ് തീരുമാനം സഹകരണ മന്ത്രി വീണ്ടും ലംഘിച്ചുവെന്നാണ് സി എം പി നേതൃത്വം ആരോപിക്കുന്നത്. ഇത് വീണ്ടും മുന്നണിയില്‍ വലിയ പ്രശ്‌നത്തിനിടയാക്കിയേക്കും.