Connect with us

Kerala

സുഗന്ധവ്യഞ്ജന വിനോദസഞ്ചാര പാതക്കായി ശിപാര്‍ശ ചെയ്യുമെന്ന് പാര്‍ലിമെന്ററി സമിതി

Published

|

Last Updated

കൊച്ചി: കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ വികസനം സാധ്യമാക്കുന്നതിന് സുഗന്ധവ്യഞ്ജന വിനോദസഞ്ചാര പാതക്ക് വേണ്ടി ശിപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് ഗതാഗത, വ്യോമയാന, വിനോദസഞ്ചാര വകുപ്പുകളുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സമിതി വ്യക്തമാക്കി. സുഗന്ധവ്യഞ്ജനമുള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് കേരളത്തിന് 31 രാജ്യങ്ങളുമായി വ്യാപരബന്ധം ഉണ്ട്. ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തി സുഗന്ധവ്യഞ്ജന വിനോദസഞ്ചാര പാത ഒരുക്കിയാല്‍ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് വന്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് പാര്‍ലിമെന്ററി സമിതി ചെയര്‍മാന്‍ സീതാറാം യെച്ചുരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൈനയില്‍ നിന്ന് ഇസ്താംബൂള്‍ വരെയുള്ള സില്‍ക്ക് പാതക്ക് സമാനമായ നിലയില്‍ ഇതിനെ വികസിപ്പിക്കാനാകുമെന്നും ഈ പദ്ധതിക്ക യുനസ്‌കോയുടെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന ശിപാര്‍ശ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം-കോട്ടപ്പുറം ജലപാത കൊടുങ്ങല്ലൂര്‍ വരെ നീട്ടണമെന്നും ജലപാത കൊടുങ്ങല്ലൂരിലേക്ക് നീട്ടുന്നതോടെ മുസരിസ് പദ്ധതി പ്രദേശത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ നല്ലനിലയിലാണെങ്കിലും പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ പ്രദേശങ്ങളിലെ ചരിത്രത്തെയും സംസ്‌കാരത്തെയും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള മ്യൂസിയങ്ങള്‍ ഇല്ലെന്നും ഇത്തരം മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി വേണമെന്നും ശിപാര്‍ശ ചെയ്യമെന്ന് അദ്ദേഹം പറഞ്ഞു.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി അതുവഴി വല്ലാര്‍പാടത്തേക്ക് കൂടുതല്‍ കപ്പലുകള്‍ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
കൊച്ചി കപ്പല്‍ശാലയുടെ പ്രവര്‍ത്തന നിലവാരം വളരെ മികച്ചതാണ്. തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കപ്പല്‍ശാലയില്‍ പുരോഗമിച്ചുവരികയാണെന്നും തദ്ദേശീയമായ വിമാനവാഹിനി കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിമാനവാഹിനി കപ്പല്‍ നിര്‍മിക്കാന്‍ ശേഷിയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉള്‍പ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്‍ എച്ച് ഐയുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സമിതി പരിശോധിച്ചു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനെ കുറിച്ച് എന്‍ എച്ച് ഐ എ ആലോചിക്കേണ്ടിവരുമെന്നും സീതാറാംയെച്ചൂരി അഭിപ്രായപ്പെട്ടു. നിലവില്‍ നാലുവരി ദേശീയപാതകള്‍ക്കായി 60 മീറ്റര്‍ വീതി വേണമെന്നാണ് നിയമം. എന്നാല്‍ രാജ്യത്തുതന്നെ കേരളത്തിനു മാത്രമായാണ് 45 മീറ്റര്‍ വീതി മതിയെന്ന ഇളവ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറ് ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൂടികാഴ്ചകള്‍ നടത്തിയ പാര്‍ലിമെന്ററി സമിതി പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുമ്പുതന്നെ ശിപാര്‍ഷകള്‍ സമര്‍പ്പിക്കുമെന്ന് യച്ചൂരി വ്യക്തമാക്കി. സമിതി അംഗങ്ങളായ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബി ജെ പി എം പി വിമല കാശ്യപ് സുദ്, ഒഡീഷയില്‍ നിന്നുള്ള ബി ജെ ഡി എം പി ശശിഭൂഷണ്‍ ബെഹ്‌റ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest