ബാല്‍ക്കണിയില്‍ വസ്ത്രങ്ങളും ഡിഷുകളും; 1,402 പേര്‍ക്ക് പിഴ

Posted on: May 30, 2013 9:33 pm | Last updated: May 30, 2013 at 9:33 pm
SHARE

ഷാര്‍ജ: ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടതിനും സാറ്റലൈറ്റ് ഡിഷ് വെച്ചതിനും 1,402 പേര്‍ക്ക് പിഴയിട്ടതായി നഗരസഭാ ജനറല്‍ മാനേജര്‍ റിയാദ് അബ്ദുല്ല ഇലിയാന്‍ അറിയിച്ചു. 250 ദിര്‍ഹം വീതമാണ് പിഴയിട്ടത്.
താമസ കെട്ടിടങ്ങളിലെ ബാല്‍ക്കണിയില്‍ ഇത്തരം വസ്തുക്കള്‍ കാണാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാല്‍ക്കണിയില്‍ വസ്ത്രം ഉണങ്ങാനിടുന്നതിനെതിരെ വ്യാപക പരിശോധനയാണ് നടത്തിയത്. ഷാര്‍ജ നഗര പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.
കഴിഞ്ഞ വര്‍ഷം 4,834 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എല്ലാ താമസ കെട്ടിടങ്ങളിലും മുന്നറിയിപ്പ് നോട്ടീസ് പതിച്ചിരുന്നു. അറബി, ഇംഗ്ലീഷ്, പാര്‍സി, ഹിന്ദി ഭാഷയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
പിഴ നോട്ടീസ് ലഭിച്ചവര്‍ ഒരാഴ്ചക്കകം അടക്കണം. ഷാര്‍ജയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് എല്ലാവരുടെയും പിന്തുണ വേണം. അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍ ഈ വര്‍ഷത്തെ മികച്ച അറബ് സിറ്റിയായി ഷാര്‍ജയെ തിരഞ്ഞെടുത്തത് ഓര്‍ക്കണമെന്നും റിയാദ് അബ്ദുല്ല ഇലിയാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here