ഒരു ലിറ്റര്‍ പെട്രോളിന് 300 കി.മീ. ഓടുന്ന കാര്‍ റെഡി!

Posted on: May 30, 2013 7:14 pm | Last updated: May 30, 2013 at 7:15 pm
SHARE

jugad carകാറോടിക്കുന്നവരൊക്കെ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘മൈലേജെത്ര കിട്ടും?…’ പലപ്പോഴും കുറച്ച് കൂട്ടിപ്പറഞ്ഞ് അഭിമാനം കാക്കാറാണ് പതിവ്. മൈലേജ് കുറഞ്ഞാല്‍ കാര്‍ നിര്‍മാതാവിനല്ല, മോശം നമുക്കാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ‘മൈലേജെത്ര’ എന്ന ഈ ചോദ്യം ഇനി അധികകാലം ചോദിക്കേണ്ടി വരില്ല. മുംബൈയിലെ ആറ് കോളജ് വിദ്യാര്‍ഥികള്‍ ഒരു വിപ്ലവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് മുപ്പതല്ല, 300 കിലോമിറ്റര്‍ മൈലേജ് കിട്ടുന്ന കാര്‍ അവര്‍ കണ്ടുപിടിച്ചിരിക്കുന്നു!!.

മുംബൈ കെ ജെ സോമയ്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് വന്‍കിട കാറ് നിര്‍മാതാക്കളെ പോലും നാണിപ്പിക്കുന്ന വിധം പുതിയ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ നിര്‍മിച്ച ‘ജുഗാദ്’ എന്ന കാറാണ് നാളെയുടെ ഇന്ധനക്ഷാമത്തിന് പരിഹാരമാകാന്‍ പോകുന്നത്. കോളജ് ലൈബ്രറിയില്‍ നിന്ന് ലഭിച്ച ജുഗാദ് ഇന്നൊവേഷന്‍ എന്ന പുസ്തകമാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിലേക്ക് ഇവരെ നയിച്ചത്. പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഊണും ഉറക്കവും ഒഴിച്ച് പരിശ്രമിച്ചപ്പോള്‍ ജുഗാദ് യാഥാര്‍ഥ്യമാകുകയായിരുന്നു. ഈ പുസ്തകത്തിന്റെ സ്മരണാര്‍ഥമാണ് കാറിന് ‘ജുഗാദ്’ എന്ന പേരും നല്‍കിയത്.

ഫൈബര്‍ ഗ്ലാസ് കൊണ്ടാണ് കാറ് നിര്‍മിച്ചിരിക്കുന്നത്. ഭാരം 60 കിലോഗ്രാം. മൂന്ന് ചക്രം. ചെലവ് വെറും നാല് ലക്ഷം (300 കി.മീ മൈലേജ് കിട്ടുമെങ്കില്‍ നാലല്ല 40 ലക്ഷം മുടക്കിക്കൂടേ) രൂപ മാത്രം. കാര്‍ 20 ദിവസം ടെസ്റ്റ് ഡ്രൈവ് നടത്തിയപ്പോള്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിച്ചുവെന്ന് വിദ്യാര്‍ഥികളില്‍ ഒരാളായ ചന്ദന്‍ പതക് പറഞ്ഞു.

കോളജിലെ പഠനത്തിന് ശേഷം എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ദിവസവും കാറിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കാര്‍ നിര്‍മാണ യൂനിറ്റുകള്‍ സന്ദര്‍ശിച്ചാണ് രൂപകല്‍പ്പനക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചത്. ജൂലൈയില്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ഷെല്‍ ഇക്കോ മാരത്തണ്‍ റൈസില്‍ വാഹനം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആറംഗ സംഘം. ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ നിന്ന് ഒരു കാര്‍ ഈ റൈസില്‍ പങ്കെടുക്കുന്നത്.