Connect with us

International

സ്‌ഫോടന പരമ്പര; ഇറാഖില്‍ 23 മരണം

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും സ്‌ഫോടന പരമ്പര. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ ശിയാക്കളും ന്യൂനപക്ഷമായ സുന്നികളും തമ്മില്‍ മാസങ്ങളായി നടക്കുന്ന കലാപത്തിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ബഗ്ദാദിലെ തിരക്കേറിയ പട്ടണത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് വക്താക്കാള്‍ അറിയിച്ചു. ഇന്നലെ രാവിലെയായിരുന്നു സ്‌ഫോടനം. പിന്നീട് ബഗ്ദാദിന്റെ വിവിധ ഭാഗങ്ങളിലും മറ്റ് ചില പ്രവിശ്യകളിലും സ്‌ഫോടനം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, മധ്യ ബഗ്ദാദില്‍ പോലീസുകാരെ ലക്ഷ്യം വെച്ച് നടന്ന സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടതായും പോലീസ് മേധാവികളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഇറാഖ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ ശിയ – സുന്നി വംശീയ ഏറ്റുമുട്ടലില്‍ ഒരുമാസത്തിനിടെ 160 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന കണക്ക്.
ബുധനാഴ്ച രാത്രി കിഴക്കന്‍ ഇറാഖിലെ ജിഹാദ് ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ശിയ ശക്തി പ്രദേശത്താണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ശിയാ സായുധ സംഘമായ അസ്വയ്ബ് അഹ്‌ലുല്‍ഹഖിന്റെ വക്താക്കള്‍ അറിയിച്ചു.

Latest