Connect with us

Kerala

ഉപമുഖ്യമന്ത്രി: യു ഡി എഫില്‍ ധാരണയായില്ല

Published

|

Last Updated

udf

തിരുവനന്തപുരം: ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യു ഡി എഫ് യോഗത്തില്‍ തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കും മുമ്പ് ഘടകകക്ഷികളുമായെല്ലാം ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
രമേശിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ തങ്ങളെ അമ്പരപ്പിച്ചെന്ന ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ഘടകകക്ഷികളുമായെല്ലാം ഉഭയകക്ഷി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ ധാരണ.
കെ ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ കത്തില്‍ കക്ഷിനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി.
ഉപമുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പിന്നീട് പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തന്നെ തീരുമാനമായിട്ടില്ല. ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രമേശ്, ഗണേഷ് എന്നിവരില്‍ ഒരാള്‍ മാത്രമേ മന്ത്രിസഭയിലെത്തൂവെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ സൂചന നല്‍കി. ഇവര്‍ രണ്ടുപേരെയും നിയമിക്കണമെങ്കില്‍ മൂന്നാമതൊരാള്‍ സ്ഥാനം രാജിവെക്കേണ്ടിവരുമെന്ന് തങ്കച്ചന്‍ പറഞ്ഞു.
ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഘടക കക്ഷി നേതാക്കളെ വിശ്വാസത്തിലെടുക്കും. മുഖ്യമന്ത്രിയും ചെന്നിത്തലയും നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായ ശേഷം ഘടക കക്ഷികളും ഹൈക്കമാന്‍ഡുമായും ആലോചിച്ചശേഷമേ തീരുമാനമെടുക്കൂ. ഉപമുഖ്യമന്ത്രിസ്ഥാനം ഭരണഘടനയില്‍ ഇല്ല. അതിനാല്‍ ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിക്കേണ്ടതുണ്ട്. ചെന്നിത്തലയുമായി മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച നടന്നത് നിഷേധിക്കുന്നില്ല. അവര്‍ തമ്മില്‍ എന്തൊക്കെയാണ് സംസാരിച്ചത് എന്നത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്.
ഇത് കാരണം സര്‍ക്കാറിന്റെ ഒരു പ്രവര്‍ത്തനത്തിനും തടസ്സമുണ്ടാക്കിയിട്ടില്ല. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മുസ്‌ലിം ലീഗിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നിട്ടില്ല. ലീഗ് പ്രതിനിധികള്‍ ആശങ്ക ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഏകപക്ഷീയമായ തീരുമാനം കോണ്‍ഗ്രസ് എടുക്കില്ല. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളില്‍ തുടര്‍ന്നും ഇത്തരം വാര്‍ത്തകള്‍ വരും. അതുകേട്ട് അസ്വസ്ഥരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. യു ഡി എഫിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തക്ക വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വിശ്വസനീയമായി വാര്‍ത്ത നല്‍കണം. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉപദേശിക്കാനില്ല. രമേശിന്റെ സത്യപ്രതിജ്ഞാ തീയതി പോലും ചില പത്രങ്ങള്‍ തീരുമാനിച്ചു.
രണ്ടു കക്ഷികളെ മാത്രം ബാധിക്കുന്ന വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തീരുമാനിക്കും. പൊതുവായ വിഷയങ്ങള്‍ കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യും. ഇതാണ് യു ഡിഎഫിന്റെ ശൈലിയെന്നും തങ്കച്ചന്‍ പറഞ്ഞു.
ഗണേഷിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ കത്ത് രണ്ട് ദിവസം മുമ്പാണു മുഖ്യമന്ത്രിക്ക് ലഭിച്ചത്. പിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതെന്നും കണ്‍വീനര്‍ അറിയിച്ചു. മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള യോഗത്തില്‍ വ്യക്തമാക്കി. അങ്ങനെ ഏറ്റെടുത്താലും ശമ്പളമോ മറ്റാനുകൂല്യങ്ങളോ വേണ്ടെന്ന് പിള്ള അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ പദവികള്‍ ഒഴിഞ്ഞ എസ് എന്‍ ഡി പി, എന്‍ എസ് എസ് അംഗങ്ങളുടെ രാജി സ്വീകരിച്ചിട്ടില്ല. സാമുദായിക സംഘടനകള്‍ തങ്ങളോട് പിണക്കത്തിലാണെന്ന് കരുതുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest