Connect with us

Sports

ഇര്‍ഫാനും ടിന്റുവും മികച്ച താരം

Published

|

Last Updated

കൊച്ചി: സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഒളിംപ്യന്‍ കെ ടി ഇര്‍ഫാന് ലഭിച്ചത്. ഒളിംപ്യന്‍ ടിന്റു ലൂക്കയാണ് മികച്ച വനിതാ താരം. 2012 സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷന്റെ മാനദണ്ഡ പ്രകാരമാണ് പുരസ്‌കാരത്തിനായി താരങ്ങളെ തിരഞ്ഞെടുത്തത്. 
കൊച്ചിയില്‍ നടന്ന സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രസിഡന്റ് ബേബി മാത്യു സോമതീരം പുരസ്‌കാരങ്ങള്‍ കൈമാറി. ഫലകവും 5000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ട്രാക്കിലും ഫീല്‍ഡിലും കരുത്തു തെളിയിച്ച മികച്ച 10 താരങ്ങള്‍ക്ക് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് പുരസ്‌കാരം സമ്മാനിച്ചു. പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ അനില വേണു (600 മീറ്റര്‍, അണ്ടര്‍-14), കോഴിക്കോട് ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്കിലെ താരങ്ങളായ ഷഹര്‍ബാന സിദ്ദീഖ് (400 മീറ്റര്‍, അണ്ടര്‍-16), ജെസി ജോസഫ് (800 മീറ്റര്‍, അണ്ടര്‍-18), തൃശ്ശൂര്‍ വിമല കോളജിലെ ആര്‍ അനു (400, 400 മീറ്റര്‍ ഹര്‍ഡില്‍സ്, അണ്ടര്‍-20), മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എം ജിഷ്ണു (ലോംങ് ജംപ്, അണ്ടര്‍-14), തൃശ്ശൂര്‍ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മെയ്‌മോന്‍ പൗലോസ് (പെന്റാതലണ്‍, 100 മീറ്റര്‍ ഹര്‍ഡില്‍സ്, അണ്ടര്‍-16), എറണാകുളം എളമക്കര ഗവ. എച്ച്.എസ്.എസിലെ ശ്രീനിത് മോഹന്‍ (ഹൈജംപ്, അണ്ടര്‍-18), മലപ്പുറം സ്വദേശി കോട്ടയം സി.എം.എസ് കോളജിലെ ഇ അനീസ് റഹീം (400, 400 മീറ്റര്‍ ഹര്‍ഡില്‍സ്, അണ്ടര്‍-20) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.