ജില്ലാതല പ്രവേശനോത്സവം കരുവാരക്കുണ്ടില്‍ 64,000 കുരുന്നുകള്‍ വിദ്യാലയ മുറ്റത്തേക്ക്

Posted on: May 30, 2013 12:55 am | Last updated: May 30, 2013 at 12:55 am
SHARE

മലപ്പുറം: പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങി. ജൂണ്‍ മൂന്നിനാണ് മധ്യവേനല്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. ഈ വര്‍ഷം ജില്ലയിലെ 64000 കുട്ടികള്‍ ഒന്നാംക്ലാസുകളില്‍ പ്രവേശനം നേടും. ജില്ലയിലെ 1350 വിദ്യാലയങ്ങളില്‍ ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാതല പ്രവേശനോത്സവം കരുവാരക്കുണ്ട് ഗവ. എല്‍ പി സ്‌കൂളില്‍ നടക്കും. ടൂറിസം, പിന്നാക്ക ക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നവാഗതരെ ആനയിച്ച്‌കൊണ്ടുള്ള വര്‍ണാഭമായ ഘോഷയാത്രയും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാമമ്പാട് അധ്യക്ഷത വഹിക്കും. മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഓര്‍മപതിപ്പായ മാധ്യമസാക്ഷ്യം ചടങ്ങില്‍ പ്രകാശനം ചെയ്യും. 
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂനിഫോം, പാഠപുസ്തക വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനവും നടക്കും. ഇവക്കായി എല്ലാ വിദ്യാലയങ്ങള്‍ക്കും എസ് എസ് എ തുക അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പാഠ പുസ്തക വിതരണവും ഇത്തവണ നേരത്തെ പൂര്‍ത്തിയായി.
പ്രവേശനോത്സവ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ പ്രധാന അധ്യാപകര്‍ക്കും അവകാശാധിഷ്ഠിത വിദ്യാലയം സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. 18000 അധ്യാപകര്‍ക്ക് മാനേജ്‌മെന്റ് ശേഷീ പരിശീലനവും ഈ അവധിക്കാലത്ത് പൂര്‍ത്തിയാക്കിയതായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ജല്‍സീമിയ, സര്‍വ ശിക്ഷാ അഭയാന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി കെ ഇബ്‌റാഹീംകുട്ടി, കരുവാരക്കുണ്ട് ഹെഡ്മാസ്റ്റര്‍ കെ കെ ജയിംസ്, പി ടി എ പ്രസിഡന്റ് പി ഷൗക്കത്തലി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി ഗംഗാധരന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here