ബി പി എല്‍ പട്ടികയില്‍ നിന്നും 3188 പേരെ ഒഴിവാക്കി; രോഗബാധിതരുളള 1231 കുടുംബങ്ങള്‍ പട്ടികയില്‍

Posted on: May 30, 2013 12:53 am | Last updated: May 30, 2013 at 12:53 am
SHARE

മലപ്പുറം: ജില്ലയില്‍ ഇതുവരെ 3188 പേരെ ബി പി എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. ജില്ലാ കലക്ടറുടെ പരിഗണനക്കായി ലഭിച്ച അപേക്ഷകളില്‍ മുന്‍ഗണന നല്‍കി 1231 പേര്‍ക്ക് ബി പി എല്‍ കാര്‍ഡ് അനുവദിച്ചു. ക്യാന്‍സര്‍ ബാധിതര്‍ അംഗങ്ങളായുളള 114 കുടുംബങ്ങള്‍, വൃക്കരോഗികളുളള 82 കുടുംബങ്ങള്‍, ശാരീരിക – മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുളള 337 കുടുംബങ്ങള്‍, ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീകള്‍ ഗൃഹനാഥകളായ 117 കുടുംബങ്ങള്‍ക്ക് ബി പി എല്‍ കാര്‍ഡ് നല്‍കി. കൂടാതെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളായവര്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍, ശരീരം തളര്‍ന്ന് കിടക്കുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവരുളള 580 കുടുംബങ്ങള്‍ക്കും ബി പി എല്‍ കാര്‍ഡ് അനുവദിച്ചിട്ടുണ്ട്. 
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍, ആയിരം ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുളള വീടോ ഫഌറ്റോ സ്വന്തമായുളളവര്‍, നാല് ചക്രവാഹനമുളളവര്‍ എന്നിവരെ ബി പി എല്‍. പട്ടികയില്‍ നിന്നും ഒഴിവാക്കും.
അര്‍ഹതപ്പെട്ടവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ പഞ്ചായത്ത്, നഗരസഭകളിലും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും, നഗരസഭകളില്‍ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറായും സ്‌ക്രീനിങ് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, റേഷനിങ് ഇന്‍സ്‌പെക്റ്റര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കുന്ന ലിസ്റ്റ് ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതിന് ശേഷമാണ് ലിസ്റ്റ് പ്രസിദ്ധികരിക്കുക. ആനക്കയം പഞ്ചായത്തില്‍ 477 പേര്‍ക്ക് ബി പി എല്‍ കാര്‍ഡ് അനുവദിക്കുകയും 94 പേരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത് ജില്ലയിലെ പ്രഥമ ലിസ്റ്റ് പ്രസിദ്ധികരിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here