Connect with us

Malappuram

ജില്ലയിലെ 82 സ്‌കൂളുകളില്‍ ടോയ്‌ലറ്റും മൂത്രപ്പുരയും നിര്‍മിക്കും

Published

|

Last Updated

മലപ്പുറം: മെച്ചപ്പെട്ട ഭൗതിക സൗകര്യമൊരുക്കുന്നതിനായി ജില്ലയിലെ 82 സ്‌കൂളുകളില്‍ ടോയ്‌ലറ്റും മൂത്രപ്പുരയും ഒരുക്കാന്‍ പദ്ധതി. 66 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 16 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലുമാണ് ഇവയുടെ നിര്‍മാണം നടക്കുക. ഓരോ വി എച്ച് എസ് ഇക്കും 2.70 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. 
സഹായം ലഭിക്കുന്ന സ്‌കുളുകളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പു പൂറത്തിറക്കി. ഈ അധ്യയന വര്‍ഷം തന്നെ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കും. നേരത്തെ 45 സ്‌കൂളുകളില്‍ ടോയ്‌ലറ്റും 138 ഇടത്ത് മൂത്രപ്പുര സ്ഥാപിക്കാനുമായി വിദ്യാഭ്യാസ വകുപ്പ് നാലുകോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് വകയിരുത്തുമ്പോഴും വിദ്യാര്‍ഥി അനുപാതത്തിനനുസരിച്ചു ജില്ലയില്‍ പല സ്‌കുളുകളില്‍ ഇനിയും ടോയ്‌ലറ്റും മറ്റു സംവിധാനങ്ങളുമായിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും മെച്ചപ്പെട്ട ഭൗതിക സൗകര്യം ഒരുക്കല്‍ ഇനിയും പൂര്‍ണമായിട്ടില്ല. ആര്‍ എം എസ് എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) ഫണ്ട് കിട്ടിത്തുടങ്ങിയിട്ടില്ല. അതിനാല്‍ കൃത്യമായ കണക്കുനല്‍കാനാണ് ഇനി വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പുതിയ കണക്കുകളുണ്ടാക്കി ഉടന്‍ സമര്‍പ്പിക്കുമെന്ന് എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി കെ ഇബ്‌റാഹിംകുട്ടി പറഞ്ഞു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പട്ടികജാതി പട്ടികവര്‍ഗ ന്യൂനപക്ഷ വിദ്യാഭ്യാസം, പ്രീ പ്രൈമറി വിദ്യാഭ്യാസം എന്നിവക്കായി ഇത്തവണ എസ് എസ് എ ഫണ്ട് അനുവദിക്കില്ല. മുന്‍വര്‍ഷം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി യു പി, ഹൈസ്‌കൂളുകളില്‍ ഹെല്‍പ്‌ഡെസ്‌ക്കുകള്‍, സൈക്കിള്‍, നീന്തല്‍ എന്നിവയില്‍ പരിശീലനം, ഡി ടി പി, തയ്യല്‍, ബുക്ക് ബൈന്‍ഡിംഗ് തുടങ്ങിയവക്കുള്ള പരിശീലനവും നല്‍കിയിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ജില്ലയില്‍ കഴിഞ്ഞ വര്‍ഷ 30 പഠന വീടുകള്‍ ആരംഭിക്കുകയും പ്രത്യേക വളണ്ടിയര്‍മാരെ നിയമിക്കുകയും മദ്രസാ അധ്യാപകര്‍ക്ക് പരിശീലന നല്‍കുകയയും ചെയ്തിരുന്നു. കൂടാതെ പ്രീ-പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പ്രീ-പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കുകയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ പദ്ധതികള്‍ക്ക് ഈവര്‍ഷം തുക അനുവദിക്കില്ലെന്ന് എസ് എസ് എ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ക്ലാസ്മുറി നിര്‍മാണം, ജനറല്‍ ടോയ്‌ലറ്റ്, ഗേള്‍സ് ടോയ്‌ലറ്റ്, അഡാപ്റ്റഡ് ടോയ്‌ലറ്റ്, റാമ്പ് ആന്‍ഡ് റയില്‍, കുടിവെള്ളം, വൈദ്യുതീകരണം, ഇടഭിത്തി, ശിശുസൗഹൃദ സൗകര്യം, സ്‌കൂള്‍ കെട്ടിട റിപ്പയറിംഗ് എന്നിവക്കായി 15.22 കോടി രൂപ ചെലവഴിക്കുകയും ചെയ്തു.

 

---- facebook comment plugin here -----

Latest