Connect with us

Kerala

മഴക്കാല രോഗം: ആരോഗ്യവകുപ്പില്‍ ജീവനക്കാരില്ല

Published

|

Last Updated

കണ്ണൂര്‍: മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ബോധവത്കരണം ശക്തമാക്കുമ്പോഴും ആരോഗ്യവകുപ്പില്‍ മതിയായ ജീവനക്കാരെ നിയമിക്കാന്‍ സംവിധാനമായില്ല. ഗ്രേഡ് രണ്ട് ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവരുടെ നൂറുക്കണക്കിന് തസ്തികകള്‍ നികത്താതെ കിടക്കുകയാണ്. എന്നാല്‍ വിവിധ തസ്തികകളിലേക്കുള്ള സ്ഥിര നിയമനം അട്ടിമറിച്ച് വ്യാപകമായ കരാര്‍ നിയമനത്തിനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.
ജില്ലാ കേന്ദ്രങ്ങളിലുള്‍പ്പെടെ പ്രധാന ആശുപത്രികളിലെല്ലാം ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് നഴ്‌സുമാരുടെ വിഭാഗത്തിലാണ്. 14 ജില്ലകളിലായി ഏതാണ്ട് 600 ഓളം നഴ്‌സുമാരുടെ ഒഴിവുകളുണ്ട്. ഇതില്‍ 200 എണ്ണത്തിലെങ്കിലും താത്കാലിക നിയമനം നടത്താറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി 400 തസ്തികകളില്‍ ഒരു തരത്തിലുള്ള നിയമനത്തിനും നടപടിയുണ്ടായിട്ടില്ല. നൂറുക്കണക്കിന് ആദിവാസികളുള്‍പ്പെടെ നിത്യേന ചികിത്സ തേടിയെത്താറുള്ള കണ്ണൂര്‍ പോലുള്ള ജില്ലാ ആസ്ഥാനങ്ങളിലെ ആശുപത്രികളില്‍ 20 മുതല്‍ 25 വരെ ഒഴിവുകള്‍ നിലവിലുണ്ട്. നിലവിലുള്ള ഒഴിവ് നികത്താന്‍ പി എസ് സി വഴി അപേക്ഷ ക്ഷണിക്കുകയും തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയാറാക്കി അഭിമുഖം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസം മുമ്പ് കൂടിക്കാഴ്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പട്ടിക തയാറാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
കണ്ണൂര്‍, പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ജീവനക്കാരില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കൂടുതലും അനുഭവപ്പെടാറുള്ളത്. അതേസമയം ഒഴിവുള്ള തസ്തികകളില്‍ സ്ഥിര നിയമനത്തിന് പകരം കരാര്‍ നിയമനത്തിനുള്ള നീക്കവും സജീവമായിട്ടുണ്ട്. നേരത്തെ മൂന്ന് മാസത്തേക്ക് കരാറില്‍ നഴ്‌സുമാരെ നിയമിച്ചിരുന്നെങ്കിലും ഇവരുടെ സേവനം വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. കൃത്യമായ യോഗ്യതയില്ലാത്ത നിരവധി പേര്‍ ഇത്തരത്തില്‍ ജോലിക്കെത്തിയത് ഗുരുതര പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് മുതിര്‍ന്ന ജീവനക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കരാറുകാരുടെ കാലാവധി റദ്ദാക്കിയത്. എന്നാല്‍ വീണ്ടും ഇത്തരത്തില്‍ വ്യാപകമായി കരാര്‍ നിയമനത്തിന് നീക്കമുള്ളതായാണ് സൂചന.
ആരോഗ്യവകുപ്പിലെ വിവിധ തസ്തികകളില്‍ പി എസ് സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെയാണ് ഇതിനായി വല വീശുന്നത്. കാലാവധി കഴിയുമ്പോള്‍ കരാര്‍ പുതുക്കുമെന്നും പിന്നീട് സ്ഥിരപ്പെടുത്തുമെന്നാണ് ഇവര്‍ക്ക് നല്‍കുന്ന വാഗ്ദാനം.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും ഒഴിവുകളും നിരവധിയുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 200ലധികം ഒഴിവുകളാണ് നിലവിലുള്ളത്. 90 ശതമാനം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലും സ്ഥിരനിയമനമുണ്ടായിട്ടില്ല. ഈ രണ്ട് വിഭാഗങ്ങളിലും മഴക്കാല പ്രതിരോധ പരിപാടിയുടെ ഭാഗമായി താത്കാലിക നിയമനത്തിനായി നടപടിയുണ്ടായേക്കും. പനിയും പകര്‍ച്ചവ്യാധികളും പകരുമ്പോള്‍ രക്തപരിശോധനയിലൂടെ രോഗം നിര്‍ണയിക്കുന്നതില്‍ ലാബ് ടെക്‌നീഷ്യന്മാരുടെ സേവനം അത്യന്താപേക്ഷിതമാണ്.
വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഏതാണ്ട് നികത്തിയിട്ടുണ്ടെങ്കിലും ഉപരിപഠനത്തിനായി വരുന്ന മാസം 100ല്‍ പരം ഡോക്ടര്‍മാരെങ്കിലും പോകുമെന്ന് കരുതുന്നത്. ഈ ഒഴിവുകള്‍ എങ്ങനെ നികത്തുമെന്ന് ഇപ്പോഴും ആരോഗ്യവകുപ്പിന് ധാരണയില്ല. അതേസമയം,ഡോക്ടര്‍മാരെ കൂട്ടത്തോടെ നിയമിക്കാന്‍ തിടുക്കപ്പെട്ട് ഇന്റര്‍വ്യൂ നടത്തി ലിസ്റ്റ് ഉണ്ടാക്കിയെങ്കിലും മിക്കവര്‍ക്കും പോസ്റ്റിംഗ് ഓര്‍ഡര്‍ നല്‍കിയിട്ടില്ല.

---- facebook comment plugin here -----

Latest