സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം: അരുണാ റോയ് എന്‍ എ സിയില്‍ നിന്ന് പിന്മാറുന്നു

Posted on: May 30, 2013 12:29 am | Last updated: May 30, 2013 at 12:32 am
SHARE

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹിക അജന്‍ഡ നിശ്ചയിക്കാനുള്ള ഉന്നതാധികാര സമിതിയായ ദേശീയ ഉപദേശക സമിതിയില്‍(എന്‍ എ സി) അംഗമായി തുടരാന്‍ താത്പര്യമില്ലെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക അരുണാ റോയ് യു പി എ അധ്യക്ഷയായ സോണിയാ ഗാന്ധിയെ അറിയിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എം ജി എന്‍ ആര്‍ ഇ ജി എ)ക്ക് കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് മിനിമം കൂലി നല്‍കണമെന്ന എന്‍ എ സിയുടെ ശിപാര്‍ശ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാണിക്കുന്ന വിമുഖതയില്‍ പ്രതിഷേധിച്ചാണ് അരുണാ റോയ് എന്‍ എ സിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
എന്‍ എ സിയിലെ അരുണയുടെ കാലാവധി മെയ് 31ന് അവസാനിക്കാനിരിക്കെയാണ്, വീണ്ടും തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അവര്‍ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ചത്. ഇത് അവര്‍ അംഗീകരിച്ചിട്ടുമുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കണമെന്ന സമിതിയുടെ നിര്‍ദേശം പരിഗണിക്കാത്ത പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാടിനെ അരുണ ശക്തിയായി അപലപിച്ചു. ഈ പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം കൂലി നല്‍കണമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടതിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
കര്‍ണാടക ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചിട്ടും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം കൂലി നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് അരുണ പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള സര്‍ക്കാറിന്റെ അവകാശവാദങ്ങളെല്ലാം പരിഹാസ്യമാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി മാനിക്കാന്‍ സര്‍ക്കാര്‍ തന്നെ തയ്യാറാകാത്തത് വേദനാജനകമാണെന്നും അവര്‍ പറഞ്ഞു. സാമൂഹിക മേഖലയിലെ സര്‍ക്കാറിന്റെ മോശമായ പ്രകടനത്തെ അരുണാ റോയ് ഈയിടെ പരസ്യമായി വിമര്‍ശിച്ചിരുന്നു.