Connect with us

Kannur

ലഹരി വ്യാപനത്തിന് തടയിടാന്‍ തലശ്ശേരി നഗരസഭാ തീരുമാനം

Published

|

Last Updated

തലശ്ശേരി: നഗരത്തില്‍ രഹസ്യമായും പരസ്യമായും തുടരുന്ന ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍ തുറക്കും മുമ്പെ ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടലുകള്‍ വേണമെന്ന കൗണ്‍സില്‍ എ കെ സക്കറിയയുടെ നിര്‍ദേശം കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന സ്വീകരിച്ചു. 
ആവശ്യമായതെല്ലാം ചെയ്യുമെന്ന് ചെയര്‍പേഴ്‌സന്‍ ആമിനാ മാളിയേക്കല്‍ അറിയിച്ചു. നഗരസഭയിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള വാര്‍ഡുകളെ ബാധിക്കുന്ന അതിവേഗ റെയില്‍, ഉള്‍നാടന്‍ ജലപാത സര്‍വേകളെ പറ്റി സ്ഥലവാസികള്‍ക്കുള്ള ആശങ്കകള്‍ പി വി വിജയന്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തലശ്ശേരി പട്ടണത്തില്‍ അംഗീകൃത അറവുശാല നിര്‍മിക്കാന്‍ കഴിയാത്തതും ഇക്കാര്യത്തില്‍ ഇറച്ചിവെട്ട് തൊഴിലാളികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സമരത്തെ പറ്റിയും അഡ്വ. കെ എ ലത്വീഫ് വിശദീകരിച്ചു. പുതിയ നഗരസഭാ കൗണ്‍സില്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം തികയുമ്പോഴും അറവുശാല നിര്‍മാണം നടക്കാത്തത് ഗുരുതരമായ പിഴവാണെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം നിറവേറ്റണമെന്നും ലത്വീഫ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ന്ന് വേണ്ടത് ചെയ്യുമെന്നായിരുന്നു വൈസ് ചെയര്‍മാന്‍ സി കെ രമേശന്റെ മറുപടി. എം പി ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഇ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാവാത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് അഡ്വ. സി ടി സജിത്ത് ആരോപിച്ചു. വൈദ്യുതിയും വെള്ളവും എത്തിക്കാന്‍ കഴിയാത്തതാണ് ഇ ടോയ്‌ലറ്റിന്റെ തടസമെന്നും എത്രയും വേഗത്തില്‍ ഇതിനുള്ള ഫണ്ട് കണ്ടെത്തി ടോയ്‌ലറ്റ് പൊതുജനത്തിന് തുറന്ന് നല്‍കുമെന്നും ചെയര്‍പേഴ്‌സന്‍ അറിയിച്ചു. തെരുവുവിളക്കുകള്‍ കത്താത്തതും നഗരത്തില്‍ തെരുവുനായ്ക്കള്‍ പെരുകിയതും അംഗങ്ങള്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പി ബാലന്‍ മാസ്റ്റര്‍, വി എം സുകുമാരന്‍, പി കെ ഷാനവാസ്, അഡ്വ. എം വി മുഹമ്മദ് സലീം, ടി രാഘവന്‍ പ്രസംഗിച്ചു.

Latest