Connect with us

Kannur

ഇരിട്ടിയില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ പ്രവൃത്തി പൂര്‍ത്തിയായി അടുത്തമാസം കമ്മീഷന്‍ ചെയ്യും

Published

|

Last Updated

ഇരിട്ടി: ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ ലൈന്‍ ഇരിട്ടിയില്‍ പണി പൂര്‍ത്തിയാവുന്നു. കുന്നോത്തെ 110 കെ വി സബ് സ്റ്റേഷനില്‍ നിന്നും ഇരിട്ടി ടൗണ്‍ വരെയുള്ള അഞ്ചര കിലോ മീററര്‍ ദൂരമാണ് ഭൂഗര്‍ഭ ലൈന്‍ പണി പൂര്‍ത്തിയാവുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഒരു കോടി രൂപ പദ്ധതിക്കായി അനുവദിച്ചത്. 
പ്രകൃതിക്ഷോഭങ്ങളിലും മറ്റ് തകരാര്‍ മൂലവുമുണ്ടാകുന്ന വൈദ്യുതി മുടക്കം ഇരിട്ടി നഗരത്തില്‍ ഒഴിവാക്കാനാണ് ഭൂമിക്കടിയിലൂടെ കേബിള്‍ സംവിധാനം നടപ്പിലാക്കുന്നത്. കുന്നോത്ത് മുതല്‍ ഇരിട്ടി വരെ ഇതിനകം 11 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരിട്ടി പാലത്തിലൊഴികെയുള്ള ഭാഗങ്ങളില്‍ ഭൂഗര്‍ഭ കേബിളും സ്ഥാപിച്ചു. പാലത്തിന് സമീപത്ത് എ മാതൃകയിലുള്ള ഇരുമ്പ് തൂണുകള്‍ വഴിയും ലൈന്‍ വലിച്ചു ഭൂഗര്‍ഭ ലൈനുമായി ബന്ധിച്ചിട്ടുണ്ട്. ലൈന്‍ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനായി കെ എസ് ഇ ബിയുടെ നേതൃത്വത്തില്‍ പവര്‍ എക്യുപ്‌മെന്റ് പരിശോധന ഇന്നലെ നടന്നു. പരിശോധിയില്‍ ഭൂഗര്‍ഭ കേബിള്‍ ലൈന്‍ 100 ശതമാനം പ്രവര്‍ത്തനക്ഷമമാണെന്ന് വിലയിരുത്തി. അടുത്തമാസം തന്നെ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണറിയുന്നത്.