Connect with us

Wayanad

ചെറുകിട വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം തകൃതിയില്‍: പ്രതിഷേധം വ്യാപകം

Published

|

Last Updated

കല്‍പ്പറ്റ: ചീക്കല്ലൂരില്‍ ചെറുകിട വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം തകൃതിയിലായി. വിമാനത്താവളം സ്ഥാപിക്കുന്നതു മൂലം ജില്ലയ്ക്കുണ്ടാവുന്ന വികസനം ചൂണ്ടിക്കാണിച്ച് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ വിതരണം ചെയ്ത നോട്ടീസ്, പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള അധികൃതരുടെ തീരുമാനമാണ് വ്യക്തമാക്കുന്നത്. 
അതിനിടെ ഇതിനെതിരായ പ്രതിഷേധവും വ്യാപകമായി. വിമാനത്താവളത്തിനെതിരായ പ്രതിഷേധം കുറയ്ക്കുകയാണ് നോട്ടീസിറക്കിയതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് വിമാനത്താവള പദ്ധതിക്കെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തുവരുന്നത്. വിമാനത്താവളം വന്നാല്‍ ജില്ലയുടെ വിനോദസഞ്ചാരം, കൃഷി, തൊഴില്‍, ആരോഗ്യം, ദുരിതാശ്വാസം, വികസനം തുടങ്ങി എല്ലാ മേഖലകളിലും വന്‍ കുതിപ്പുണ്ടാവുമെന്നാണ് നോട്ടീസില്‍ പറയുന്നത്. “എനിക്കും ഉയരണം വാനോളം” എന്ന പേരിലിറക്കിയ നോട്ടീസാണ് ജില്ലയിലൊട്ടുക്കും കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തത്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചീക്കല്ലൂരിലാണ് നിര്‍ദിഷ്ട ചെറുകിട വിമാനത്താവളത്തിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഏക്കര്‍കണക്കിനു നെല്‍വയലുകള്‍ നികത്തി വിമാനത്താവളം വേണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നതിനിടെയാണ് നോട്ടീസ് പ്രചാരണം. പ്രദേശത്തു കൃഷി കാര്യമായി നടക്കുന്നില്ലെന്നും അതിനാല്‍ പദ്ധതി കൃഷിമേഖലയെ ബാധിക്കില്ലെന്നും മറ്റു വിമാനത്താവളവുമായി ബന്ധപ്പെട്ട് പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവ ദിവസംതോറും കയറ്റുമതി ചെയ്യാനാവുമെന്നതിനാല്‍ കൃഷിക്കു നേട്ടമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
വിമാനത്താവളത്തിനും അനുബന്ധ ആവശ്യത്തിനുമായി 500 ഏക്കര്‍ ഭൂമിയാണ് വേണ്ടിവരിക. ഇതിനായി 150 കുടുംബങ്ങളെ മാത്രമേ കുടിയൊഴിപ്പിക്കേണ്ടിവരികയുള്ളൂവെന്നും ഭൂപ്രകൃതിക്കനുസരിച്ചു ശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ കുറേ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാന്‍ കഴിയുമെന്നും നോട്ടീസിലുണ്ട്. വയനാടിന്റെ സമഗ്രവികസന പദ്ധതികളുടെ ആദ്യ ചുവടുവയ്പ്പാണ് ഫീഡര്‍ വിമാനത്താവളം എന്നു പറഞ്ഞാണ് മള്‍ട്ടികളറില്‍ പുറത്തിറക്കിയ നോട്ടീസ് അവസാനിക്കുന്നത്. നോട്ടീസ് വ്യാപകമായതിനെ തുടര്‍ന്നാണ് വിമാനത്താവളത്തെ എതിര്‍ക്കുന്ന സംഘടനകള്‍ വീണ്ടും സജീവമായി രംഗത്തുവരുന്നത്.
നെല്‍വയലുകള്‍ നികത്തിയും കൃഷിഭൂമി നശിപ്പിച്ചും ആദിവാസികളെയും തദ്ദേശീയരെയും പിറന്ന മണ്ണില്‍ നിന്ന് ആട്ടിപ്പായിച്ചും വിമാനത്താവളമുണ്ടാക്കാനുള്ള ശ്രമം ചെറുക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി മുന്നറിയിപ്പു നല്‍കി.
ടൂറിസംവികസനമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ ദിനേന എത്തുന്ന ഹില്‍ സ്റ്റേഷനായ ഊട്ടിയില്‍ വിമാനത്താവളമില്ല. പൂക്കളുടെയും പച്ചക്കറികളുടെയും കേന്ദ്രമായ മൈസൂരില്‍ വിമാനത്താവളം തുറന്ന് ഒരുവര്‍ഷം കഴിയും മുമ്പേ അടച്ചിട്ടിരിക്കുകയാണ്. എന്‍ ബാദുഷ അധ്യക്ഷതവഹിച്ചു. സണ്ണി മരക്കടവ്, വി എം രാജന്‍, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, വി എം മനോജ്, ഗേകുല്‍ദാസ്, രാമകൃഷണന്‍ തച്ചമ്പത്ത് സംസാരിച്ചു.
വയനാട്ടിലെ ആദിവാസികളുടെയും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളുടെയും പ്രകൃതി സമ്പത്തിന്റെയും വികസനം സാക്ഷാല്‍ക്കരിക്കാനാണ് വിമാനത്താവളം കൊണ്ടുവരുന്നതെന്ന കള്ളം പറഞ്ഞാണ് ലഘുലേഖ ആരംഭിക്കുന്നതെന്നും എന്നാല്‍, ചീക്കലൂര്‍ ഗ്രാമത്തിലെ വിശാലമായ നെല്‍വയലുകളും ഒട്ടേറേ കുളങ്ങളും കിണറുകളും തോടുകളും ഏഴുമീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തി ആദിവാസികള്‍ ഉള്‍പ്പടെയുള്ള നൂറു കണക്കിനു പാവപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുമാണ് പുതിയ പദ്ധതിക്ക് വേണ്ടിയുള്ള നീക്കം ആരംഭിക്കുന്നതെന്നും ശാസ്ത്ര സഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വയനാടിന്റെ പ്രകൃതി സൗന്ദര്യത്തിലേക്കും സുഖശീതളമായ കാലാവസ്ഥയിലേക്കും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിമാനത്താവളം വേണമെന്നവകാശപ്പെടുന്ന ലഘുലേഖ ദിശതെറ്റിയ വികസനം വയനാടിന്റെ കാലാവസ്ഥയ്ക്ക് ഏല്‍പ്പിച്ച പോറലുകള്‍ കാണാതെ പോവുകയാണ്. വിമാനത്തില്‍ വന്നിറങ്ങാന്‍ പോവുന്നത് സമൂഹത്തിന്റെ ഏറ്റവും ഉന്നത ശ്രേണിയിലുള്ള 10 ശതമാനം ആളുകളാണ്. സാമൂഹികവികസനം എന്ന ലക്ഷ്യം പാടെ മറന്ന് സാമ്പത്തിക വികസനം മാത്രം ലക്ഷ്യമിടുന്ന ആഗോളവല്‍ക്കരണ കാലഘട്ടത്തെ അജണ്ടകള്‍ നടപ്പാക്കാനുള്ള ത്വരയാണ് വിമാനത്താവള പദ്ധതിയില്‍ തെളിഞ്ഞുകാണുന്നത്. എമര്‍ജിങ് കേരള നിര്‍ദേശങ്ങളിലെ പൊതുസമീപനവും ഇതുതന്നെ ആയിരുന്നു.
വയനാടിന്റെ സാമൂഹിക വികസനത്തിന് വിമാനത്താവളമല്ല ഏറ്റവും അത്യാവശ്യം. ഇപ്പോള്‍ അനുഭവിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വിമാനത്താവളം പരിഹാരമേ അല്ല. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക തകര്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കെ, എല്ലാത്തിനും പരിഹാരം വിമാനത്താവളമാണ് എന്ന മട്ടിലുള്ള ലഘുലേഖ ജനങ്ങളെ കബളിപ്പിക്കലാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പ്രഫ. കെ ബാലഗോപാലന്‍ അധ്യക്ഷതവഹിച്ചു. എം ഡി ദേവസ്യ, മാഗി വിന്‍സന്റ്, എം ദേവകുമാര്‍, പി വി സന്തോഷ്, പി സി ജോണ്‍, പി സുരേഷ് ബാബു, കെ വി മത്തായി, കെ ടി ശ്രീവല്‍സന്‍ സംസാരിച്ചു. ജില്ലയില്‍ നെല്‍പ്പാടം നികത്തി വിമാനത്താവളം നിര്‍മിക്കരുതെന്ന് യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജഗോപാല്‍ വാഗത്താനം ഉദ്ഘാടനം ചെയ്തു. വി വി തോമസ് അധ്യക്ഷതവഹിച്ചു. രാജു ജോസഫ്, എം മുകുന്ദകുമാര്‍, എം ടി ഔസേഫ്, എം ദിവാകരന്‍, ഷീല, ആഷ്‌വി സംസാരിച്ചു.