ജില്ലയിലെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ബി പി എല്‍ കാര്‍ഡ് നല്‍കാന്‍ ഉത്തരവ്

Posted on: May 30, 2013 12:09 am | Last updated: May 30, 2013 at 12:09 am
SHARE

പാലക്കാട്: ജില്ലയിലെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ബി പി എല്‍ കാര്‍ഡ് നല്‍കാന്‍ ഉത്തരവായി. സര്‍ക്കാര്‍ അധികാരമേറ്റശേഷം 2011 സെപ്റ്റംബര്‍ മുതല്‍ എല്ലാ ബി പി എല്‍ കാര്‍ഡിനും ഒരു രൂപ നിരക്കില്‍ പ്രതിമാസം 25 കി ഗ്രാം അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കി ഗ്രാം ഗോതമ്പും കാര്‍ഡൊന്നിന് നല്‍കിവരുന്നുണ്ട്. 2009 ലെ ബി പി എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ബി പി എല്‍. കാര്‍ഡുകള്‍ ലഭിക്കാത്ത എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 2013 ജനുവരി മാസം മുതല്‍ ഏപ്രില്‍ വരെ പ്രതിമാസം ലഭ്യമാകുന്ന വിഹിതത്തിന് പുറമെ 19 കിലോ—ഗ്രാം അരി 6. 20 രൂപ നിരക്കിലും ആറ് കി. ഗാം ഗോതമ്പ് 4. 70 രൂപ നിരക്കിലും നല്‍കിവരുന്നു. ബി പി എല്ലുകാര്‍ക്ക് അഞ്ച് കി ഗ്രാം. അരി 6. 20 രൂപ നിരക്കിലും, ഏഴ് കി. ഗ്രാം ഗോതമ്പ് 4. 70 രൂപ നിരക്കിലും കൊടുക്കുന്നുണ്ട്. ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് ഒറ്റത്തവണ ധനസഹായമെന്ന രീതിയില്‍ 500 രൂപ നല്‍കി. ജില്ലയിലെ അര്‍ഹമായ 2875 എ പി എല്‍. റേഷന്‍ കാര്‍ഡുകള്‍ ബി പി എല്‍ ആക്കി, അനര്‍ഹമായി കൈവശം വെച്ച 7612 ബി പി എല്‍ കാര്‍ഡുകള്‍ എ പി എല്‍ ആക്കി നല്‍കി. നിലവില്‍ എ പി എല്‍ കാര്‍ഡുളള ആദിവാസി കുടുംബങ്ങള്‍ക്ക് കാര്‍ഡ് ബി പി എല്‍ ആക്കുകയും ആദിവാസി കുടുംബങ്ങള്‍ക്ക്െ ബി പി എല്‍ കാര്‍ഡ് നല്‍കുകയും ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. അട്ടപ്പാടി മേഖലയില്‍ റേഷന്‍ വിതരണം കുറ്റമറ്റ രീതിയിലാക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം ഇവര്‍ കോളനികള്‍ സന്ദര്‍ശിക്കുകയും പരാതിയിന്‍മേല്‍ നേരിട്ട് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു. മണ്ണാര്‍ക്കാട് താലൂക്കില്‍ 10 റേഷന്‍ കടകളും, ചിറ്റൂര്‍, പാലക്കാട് താലൂക്കുകളില്‍ മൂന്ന് വീതവും, ഒറ്റപ്പാലം താലൂക്കില്‍ നാലും, ആലത്തൂര്‍ താലൂക്കില്‍ രണ്ടും ഉള്‍പ്പെടെ ആകെ 22 റേഷന്‍ കടകള്‍ പുതുതായി അനുവദിച്ചു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഓപ്പണ്‍ മാര്‍ക്കറ്റ്, റേഷന്‍ കടകള്‍, എല്‍ പി ജി ഔട്ട് ലെറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഓപ്പണ്‍ മാര്‍ക്കറ്റ് റെയ്ഡില്‍ ദുരുപയോഗം ചെയ്ത 190 എല്‍ പി —ജി. സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായ നിലയില്‍ 2499 ക്വിന്റലും, 142 ലിറ്റര്‍ മണ്ണെണ്ണ, 190 കി ഗ്രാം പഞ്ചസാര, 171 കി ഗ്രാം ഗോതമ്പ് എന്നിവ പിടിച്ചെടുത്തു. വിവിധ കേസുകളിലായി പിഴയിനത്തില്‍ 67,000 രൂപ ഈടാക്കി. ഉപഭോക്തൃ ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദര്‍ശനം, സെമിനാര്‍, തെരുവു നാടകങ്ങള്‍ സംഘടിപ്പിച്ചു. ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളെ കംപ്യൂട്ടര്‍ ശൃംഖലയിലാക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here