പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലേ?

Posted on: May 30, 2013 6:00 am | Last updated: May 30, 2013 at 12:05 am
SHARE

എന്‍ എസ് എസിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ പഴയപോലെ കോണ്‍ഗ്രസ് നേതൃത്വം മുഖവിലക്ക് എടുക്കുന്നില്ലേ? അതല്ലെങ്കില്‍ സമുദായ നേതൃത്വത്തിന്റെ വിലപേശലുകള്‍ അത്രകണ്ട് ഫലിക്കുന്നില്ല എന്നുവരുമോ? എവിടെയൊക്കെയോ എന്‍ എസ് എസ് നേതൃത്വത്തിന് ഉന്നം പിഴച്ചു തുടങ്ങിയിരിക്കുന്നു. സുകുമാരന്‍ നായര്‍ പറയുമ്പോള്‍ പഴയ പോലെ രാഷ്ട്രീയ നേതാക്കള്‍ ഞെട്ടിവിറയ്ക്കുന്നില്ല. മാത്രമല്ല, മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് മറുപടി പറയാനും തയ്യാറാകുന്നു. ‘എതിര്‍വായില്ലാത്ത തിരുവായ്കള്‍’ക്ക് എന്താണ് സംഭവിക്കുന്നത്?
കേരളത്തില്‍ സര്‍ക്കാറുകള്‍ മാറിമാറി വരുമ്പോള്‍ സമ്മര്‍ദ തന്ത്രങ്ങളും വിലപേശലും നടത്തി എന്‍ എസ് എസ് സ്വന്തം കാര്യങ്ങള്‍ പരമാവധി നേടിയെടുത്തിരുന്നതാണ് മുന്‍കാല അനുഭവം. ഇടതുവലതു സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ വലിയ മൃദുസമീപനമാണ് നായര്‍ സമുദായത്തോട് (എന്നുവെച്ചാല്‍ എന്‍ എസ് എസിനോട്)എല്ലാ കാലത്തും സ്വീകരിച്ചു വരുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് എപ്പോഴെങ്കിലും എന്തെങ്കിലുമൊരു സര്‍ക്കാര്‍ കൈത്താങ്ങ് ലഭിക്കുമെന്ന് വന്നാല്‍ പെരുന്നയില്‍ നിന്ന് ആക്രോശമുയരും. പിന്നെ അത് തണുപ്പിക്കാന്‍ ഭരണകക്ഷി നേതാക്കളുടെ നെട്ടോട്ടവും തമ്പ്രാന്‍മാരുടെ സംപ്രീതിക്കായുള്ള തിരുമുല്‍ക്കാഴ്ചകളുമായിരുന്നു. എന്തും കണിക്കയായി സമര്‍പ്പിച്ച് വേണം പിന്നാക്കക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍. തിരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ കണ്ണുരുട്ടലിന്റെ തീക്ഷ്ണത കൂടും.
മുന്നണികളോട് എന്‍ എസ് എസ് പ്രഖ്യാപിക്കുന്ന സമദൂര സിദ്ധാന്തം ഒടുവില്‍ ശരിദൂരത്തിലെത്തി നില്‍ക്കുന്നു. ശരിദൂരമെന്നത് തങ്ങളുടെ ഇഷ്ടങ്ങള്‍ സാധിച്ചുതരുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുക എന്ന നയമാണെന്നാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. ശരിദൂരം ആരോട് വേണമെന്ന കാര്യത്തില്‍ പലപ്പോഴും ഉന്നം പിഴക്കുന്ന തരത്തിലാണ് എന്‍ എസ് എസ് നേതൃത്വത്തിന്റെ പ്രസ്താവനകളും നിലപാടുകളും സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു?
സമുദായാംഗങ്ങളുടെ ഉന്നതിയല്ല എന്‍ എസ് എസ് നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് ഭരണകൂടങ്ങള്‍ക്ക് നേരത്തെ തന്നെ തിരിച്ചറിഞ്ഞ കാര്യമാണ്. എന്നാല്‍ അത് പൊതുസമൂഹത്തിന് മനസ്സിലായിത്തുടങ്ങി എന്നതാണ് പഴയപോലെ വിലപേശല്‍ തന്ത്രങ്ങള്‍ അത്രകണ്ട് ഗൗനിക്കേണ്ടെന്ന തിരിച്ചറിവിലേക്ക് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും നയിച്ചത്. യു ഡി എഫ് ഭരണകാലത്ത് അര്‍ഹമായതില്‍ കൂടുതല്‍ നായര്‍ സമുദായം വാങ്ങിച്ചെടുക്കുന്നുവെന്ന ആക്ഷേപം ഉയരാറുണ്ടെങ്കിലും പലതും എന്‍ എസ് എസ് സമ്മര്‍ദവും അനുചരന്‍മാരുടെ ഇടപെടലുകളും കൊണ്ട് സമുദായ നേതൃത്വം കൈവശപ്പെടുത്തുകയായിരുന്നു.
എന്നാല്‍ ഇന്ന് സ്ഥിതി മെല്ലെ മെല്ലെ മാറിത്തുടങ്ങുന്നു എന്ന സൂചനയാണ് ഉണ്ടായിരിക്കുന്നത്. മകളെ എം ജി പ്രോ വൈസ് ചാന്‍സിലറാക്കാനും ഏറെ നാളായി തന്റെ നിഴലായി നടക്കുന്ന ചില സമുദായ അംഗങ്ങളെ സംസ്ഥാന ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനും സമുദായ നേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ ഏവിടെയൊക്കെയോ പിഴച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം എന്‍ എസ് എസ് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഭരണകൂടത്തിനും നേതാക്കള്‍ക്കുമെതിരെ വര്‍ഗീയ സ്വരത്തില്‍ ചെളിവാരിയെറില്‍ തുടങ്ങിയിട്ടും പഴയ പോലെ എല്ലാം നടത്തികൊടുക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ അമിത താത്പര്യം കാട്ടുന്നില്ല.
എന്നാല്‍, എന്‍ എസ് എസിന് ഒന്നും നടക്കുന്നില്ലെന്നോ ഭരണകൂടം അവരെ ഭയക്കുന്നില്ലെന്നോ ഇതിനര്‍ഥമില്ല. പഴയ പോലെ, പൂവ് ചോദിച്ചാല്‍ പൂന്തോട്ടം നല്‍കുന്നില്ല എന്നേ ഉള്ളൂ. തിരുമനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നില്ല എന്ന് മാത്രം.
കേന്ദ്ര സര്‍ക്കാറില്‍ അര്‍ഹമായ പരിഗണന ഇല്ലെന്ന പരാതിയായിരുന്നു തുടക്കത്തില്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. ശരി തരൂരിനെ മന്ത്രിയാക്കിയപ്പോള്‍ അദ്ദേഹം ‘ഡല്‍ഹി നായരാ’ണെന്ന ആക്ഷേപം സുകുമാരന്‍ നായര്‍ മുന്നോട്ട് വെച്ചു. പെരുന്നയില്‍ എത്തി എന്‍ എസ് എസ് നേതാക്കളെ വാരിപ്പുണരാനും വാനോളം പുകഴ്ത്തുവാനും പുറം തിരുമ്മാനും ശരി തരൂര്‍ തയ്യാറാകില്ലെന്ന സങ്കടമാകാം ഡല്‍ഹി നായര്‍ പ്രയോഗത്തിന് സുകുമാരന്‍ നായരെ പ്രേരിപ്പിച്ചത്. പിന്നീട് കെ സി വേണുഗോപാലിനെ കേന്ദ്ര സഹമന്ത്രിയാക്കിയാണ് എന്‍ എസ് എസിന്റെ പിണക്കം കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാറ്റിയത്. ഏറെക്കഴിയും മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ വീണ്ടും കലാപവും പരിഭവവുമായി എന്‍ എസ് എസ് രംഗത്ത് എത്തി. ഒടുവില്‍ ഹൈക്കമാന്‍ഡ് ദൂതനായി കോണ്‍ഗ്രസ് നേതാവ് വിലാസ് റാവു ദേശ്മുഖ് പെരുന്നയില്‍ എത്തി. അന്ന് അടച്ചിട്ട മുറില്‍ വെച്ച് എന്‍ എസ് എസ് നേതൃത്വത്തിന് ചില ഓഫറുകള്‍ നല്‍കിയെന്നാണ് സുകുമാരന്‍ നായര്‍ അവകാശപ്പെടുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരം മാറ്റി ശരിദൂരം പ്രഖ്യാപിച്ചത്രേ സംഘടന. യു ഡി എഫ് സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സുകുമാരന്‍ നായര്‍ ചാനലുകള്‍ക്ക് മുന്നില്‍ അവകാശവാദങ്ങളുമായി കണക്കുകള്‍ നിരത്തി. പിന്നീട് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ നിര്‍ണായക സ്ഥാനത്ത് എത്തിക്കാന്‍ ചില കരുക്കല്‍ നീക്കിയെങ്കിലും കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന്റെ തന്ത്രപരമായ ഇടപെടലുകളെ തുടര്‍ന്ന് ഈ ശ്രമം പരാജയപ്പെട്ടു. വിവാദം തന്റെ പ്രതിച്ഛായക്ക് ഇടിവാണുണ്ടാക്കുകയെന്ന് തിരിച്ചറിഞ്ഞ രമേശ് സുകുമാരന്‍ നായരുടെ ആവശ്യത്തെ തള്ളിപ്പറഞ്ഞു.
ഈയടുത്ത് മകളെ എം ജി യൂനിവേഴ്‌സിറ്റി വി സി, പ്രോ വി സി സ്ഥാനങ്ങളിലൊന്നില്‍ പ്രതിഷ്ഠിക്കാനുള്ള മോഹം സുകുമാരന്‍ നായര്‍ പലകുറി കോണ്‍ഗ്രസ് നേതാക്കളോട് ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാറില്‍ നിര്‍ണായക ശക്തിയായ മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്‍ എസ് എസിന് വീണ്ടും കല്ലുകടിയായി. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്‌സിറ്റി അടക്കം നിരവധി സ്ഥാപനങ്ങളുടെ തലപ്പത്ത് നോമിനികളെ പ്രതിഷ്ഠിക്കാനും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും പോലീസ് നിയമനങ്ങളിലും നേതൃത്വത്തിന്റെ ഇഷ്ടക്കാരെ പരമാവധി തിരുകിക്കയറ്റാനും എന്‍ എസ് എസിന് കഴിഞ്ഞു. എന്നാല്‍ മകളെ യൂനിവേഴ്‌സിറ്റിയുടെ തലപ്പത്ത് അവരോധിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ യു ഡി എഫ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ മാത്രം പ്രീണിപ്പിക്കുന്നു എന്ന ആരോപണം തീവ്രമായി ഉന്നയിച്ച് സുകുമാരന്‍ നായര്‍ രംഗത്തുവന്നു. പിന്നീട് രമേശ് ചെന്നിത്തലയെ ഏതുവിധേനയും സര്‍ക്കാറിന്റെ താക്കേല്‍ സ്ഥാനത്ത് എത്തിക്കാന്‍ പണി പലതു പയറ്റിയിട്ടും നടക്കാതെ പോയി. നായര്‍ ബ്രാന്‍ഡില്‍ മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനം കാണില്ലെന്ന് തിരിച്ചറിഞ്ഞതോടെ, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ശത്രുവായി ചിത്രീകരിച്ച് പൊതുമധ്യത്തില്‍ അവതരിപ്പിക്കാനാണ് ജി സുകുമാരന്‍ നായര്‍ ഇപ്പോള്‍ പാടുപെടുന്നത്.
എന്‍ എസ് എസിന്റെ വിലപേശല്‍ ശക്തിക്ക് മൂര്‍ച്ചപോരെന്ന തിരിച്ചറിവില്‍ നിന്നാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സര്‍ക്കാറിനെതിരെ തിരിക്കാന്‍ സുകുമാരന്‍ നായര്‍ ശ്രമിച്ചത്. ‘ഭൂരിപക്ഷ സമുദായ’ത്തിന്റെ പേര് ഉപയോഗിച്ചു തുടങ്ങിയത് ‘നായര്‍ സമുദായ’ത്തിന്റെ പേര് പോരാഞ്ഞിട്ടാണല്ലോ. എന്നാല്‍ കാലങ്ങളായി സംവരണ വിഷയങ്ങളില്‍ അടക്കം എന്‍ എസ് എസ്- എസ് എന്‍ ഡി പി വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ മറന്നാണ് വ്യക്തി താത്പര്യങ്ങള്‍ നേടിയെടുക്കാന്‍ ഇരുവരും ചങ്ങാത്തം കൂടിയിരിക്കുന്നത്.
ഒടുവില്‍ ആലപ്പുഴ ഡി സി സി നേതൃത്വം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പൂര്‍വകാല ചരിത്രം പ്രമേയത്തിലൂടെ അവതരിപ്പിച്ചതാണ് കഴിഞ്ഞദിവസങ്ങളില്‍ ഏറെ പൊല്ലാപ്പായത്. എന്‍ എസ് എസ് ഓഫീസില്‍ പ്യൂണായി ഔദ്യോഗിക സേവനം ആരംഭിച്ച സുകുമാരന്‍ നായരും കള്ളുകച്ചവടം തുടങ്ങി ജീവിതത്തിലേക്ക് എത്തിയ വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തേണ്ടെന്ന ഒറ്റവരി പ്രമേയമാണ് ഇരുവരെയും ആശങ്കപ്പെടുത്തുന്നത്.
ആലപ്പുഴ ഡി സി സിയുടെ പ്രമേയം സമുദായ നേതാക്കളെ ഇത്ര പരിഭ്രാന്തരാക്കാന്‍ കാരണമെന്താണ്? നേതാക്കളുടെ പഴയകാല ചരിത്രം ചികഞ്ഞുപോയാല്‍ പൊതുമധ്യത്തില്‍ ഇനിയും പ്രതിച്ഛായ പോകുമെന്ന ഭയപ്പാടാണോ നേതാക്കളെ നിയമനടപടിയെന്ന ഓലപ്പാമ്പ് കാട്ടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. അല്ലെങ്കില്‍, കോണ്‍ഗ്രസുകാര്‍ക്ക് നട്ടെല്ലുവെച്ചോ എന്ന ഭീതിയോ? ഇനി മറ്റ് ഡി സി സി നേതൃത്വങ്ങളും സമാനമായ രീതിയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാകുമോ നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്?

LEAVE A REPLY

Please enter your comment!
Please enter your name here