Connect with us

Editorial

ബോള്‍ഗാട്ടി: വിവാദം ഖേദകരം

Published

|

Last Updated

siraj copyഎം എം യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ബോള്‍ഗാട്ടി പദ്ധതി, ലുലുമാള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. സി പി എമ്മിന്റെ തലമുതിര്‍ന്ന നേതാവ് എം എം ലോറന്‍സാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ ആദ്യമായി രംഗത്ത് വന്നത്. പര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി അതേറ്റെടുത്തു. ബോള്‍ഗാള്‍ട്ടി ഭൂമി ഇടപാടില്‍ ക്രമക്കേടുണ്ടെന്നും ലുലു മാളിന്റെ നിര്‍മാണം റോഡ് കൈയേറിയാണെന്നുമാണ് ആരോപണം. വ്യവസായ പ്രമുഖന്‍ എന്നതിലുപരി സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനും അന്താരാഷ്ട്ര തലത്തില്‍ തന്നെ ആദരണീയനുമായ എം എം യൂസുഫലിയെ ഇത് വേദനിപ്പിച്ചത് സ്വാഭാവികം. ബോള്‍ഗാട്ടി പദ്ധതിയില്‍ പിന്മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന്റെ ഭൂമിക്കായി നല്‍കിയ പാട്ടത്തുക 72 ലക്ഷം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് അദ്ദേഹം കത്ത് നല്‍കിയിരിക്കയാണ്.
വ്യവസായ കേരളത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാകുന്നതാണ് ഈ വിവാദവും യൂസുഫലിയുടെ പിന്മാറ്റവും. ഭാവിയില്‍ സംസ്ഥാനത്ത് കടന്നുവരാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ പിന്തിരിപ്പിക്കാനും, വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പിന് അനയോജ്യമല്ല കേരളമെന്ന സന്ദേശം പ്രചരിക്കാനും ഇത് ഇടവരുത്തും. തൊഴിലാളി യൂനിയനുകളുടെ അതിരുകടന്ന അവകാശ ബോധവും സമരോത്സുകതയും ഇടക്കാലത്ത് വ്യവസായികള്‍ കേരളത്തിലേക്ക് വരാന്‍ മടിച്ചിരുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് തുടങ്ങാനിരുന്ന പല വ്യവസായങ്ങളുടെയും വഴിമാറ്റത്തിന് ഇത് ഇടയാക്കുകയുണ്ടായി. ഒരു വ്യവസായ സ്ഥാപനത്തിന് തറക്കല്ലിടുന്നതോടെ തന്നെ അവിടെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പതാകകളും ഉയര്‍ന്നു പറന്നിരുന്ന പരിതാപകരമായ ആ സ്ഥിതി വിശേഷത്തില്‍ നിന്ന് സംസ്ഥാനം മോചിതമാകുകയും വ്യവസായികളുടെ കടന്നുവരവ് വര്‍ധിക്കുകയും ചെയ്യവെയാണ് ഇപ്പോള്‍ അനാവശ്യമായ ബോള്‍ഗാട്ടി, ലുലുമാള്‍ വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്.
സി പി എമ്മിലെ ഗ്രൂപ്പിസത്തിന്റെ പ്രതിഫലനം എന്നതിലുപരി മറ്റു വസ്തുതകളൊന്നും വിവാദത്തിന് പിന്നിലില്ലെന്നാണ് പ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വം ചേരിതിരിഞ്ഞു പരസ്പരം കൊമ്പുകോര്‍ക്കുന്നതില്‍ നിന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ ഇടതു ഭരണ കാലത്താണ് ബോള്‍ഗാട്ടിക്കും, ലുലുമാളിനുമുള്ള ഭൂമി കൈമാറ്റം നടന്നത്. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് അന്നത്തെ സര്‍ക്കാര്‍ തലവന്‍ വി എസ് അച്യുതാനന്ദനും, പൊതുമരാമത്ത് മന്ത്രി പൊലോളി മുഹമ്മദ് കുട്ടിയും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമാണ്. സുതാര്യമായിരുന്നു ഭൂമി കൈയേറ്റമെന്ന് ഇവരൊക്കെ സാക്ഷ്യപ്പെടുത്തുന്നു. ചട്ടവിരുദ്ധമായി കൈമാറ്റത്തിലൊന്നുമില്ലെന്നും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ച വ്യക്തി എന്ന നിലയിലാണ് യൂസുഫലിക്ക് അനുമതി നല്‍കിയതെന്നും പാലൊളി മുഹമ്മദ് കുട്ടിയുമായി സംസാരിച്ചപ്പോള്‍ എല്ലാം സുതാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും വി എസ് പറയുന്നു. സി പി എം ജില്ലാ കമ്മിറ്റിയുടെ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാലോളിയുടെ പ്രസ്താവത്തില്‍ നിന്ന് അദ്ദേഹം എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തം. ഭൂമി കൈമാറ്റത്തില്‍ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും വിവാദങ്ങള്‍ക്കു പിന്നില്‍ സ്ഥാപിത താത്പര്യങ്ങള്‍ മാത്രമാണെന്നുമാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണിയുടെ പക്ഷം. ഏതായാലും ആദരണീയനും സമുന്നതനുമായ യൂസുഫലിയെ കൈയേറ്റക്കാരനായി ചിത്രീകരിക്കുന്ന പ്രസ്താവന വളരെ തരംതാണതായിപ്പോയി.
29 രാഷ്ട്രങ്ങളില്‍ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുകയും, ഗള്‍ഫിലെ മലയാളി വ്യവസായികളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്ന യൂസുഫലിയുടെ എം കെ ഗ്രൂപ്പിന,് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറിയതു കൊണ്ട് ഒന്നും സംഭവിക്കാനില്ല. കക്ഷിരാഷ്ട്രീയ, ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കുപരി വ്യവസായങ്ങളുടെ വളച്ചര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന മറ്റു സംസ്ഥാനങ്ങള്‍ അതേറ്റെടുക്കും. പദ്ധതി നടപ്പാക്കാന്‍ എല്ലാ സഹായങ്ങളും നല്‍കാമെന്ന് കര്‍ണാടകയും തമിഴ്‌നാടും ഇതിനകം തന്നെ എം കെ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കി നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. താത്പര്യങ്ങള്‍ സംരക്ഷിക്കുകയും തന്റെ സ്ഥാപനങ്ങളില്‍ ഇതിനകം 30,000ത്തോളം മലയാളികള്‍ക്ക് ജോലി നല്‍കുകയും ചെയ്ത എം കെ ഗ്രൂപ്പിന്റെ ബോള്‍ഗാട്ടി പദ്ധതി, പ്രത്യക്ഷത്തില്‍ നാലായിരം പേര്‍ക്കും പരോക്ഷമായി പതിനായിരം പേര്‍ക്കും ജോലി നല്‍കാന്‍ പ്രാപ്തമാണ്. ഇത് വഴിമാറിപ്പോകാതിരിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള യൂസുഫലിയുടെ തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രത്യാശിക്കാം.