ഇടപ്പള്ളി മേല്‍പ്പാലത്തിന് ഭരണാനുമതി; അട്ടപ്പാടിയിലെ ആസ്പത്രികള്‍ക്ക് 25 ലക്ഷം

Posted on: May 29, 2013 5:40 pm | Last updated: May 30, 2013 at 12:13 am
SHARE

edapally-fly-overതിരുവനന്തപുരം: ഇടപ്പള്ളി മേല്‍പ്പാലത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കി. 135 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മിക്കുക. 95 കോടി രൂപ സര്‍ക്കാര്‍ വഹിക്കും. തിരുവനന്തപുരം മോണോ റെയിലിന്റെ ആദ്യഘട്ട നിര്‍മാണത്തിനും ഭരണാനുമതി നല്‍കി. ടെക്‌നോ സിറ്റി മുതല്‍ കരമന വരെയുള്ള 22.20 കിലോമീറ്റര്‍ 3590 കോടി രൂപക്കാണ് നിര്‍മിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തിലണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

അട്ടപ്പാടി മേഖലയിലെ കോട്ടത്തറ, അഗളി ആസ്പത്രികളില്‍ 75 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അട്ടപ്പാടിയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രത്യേക അലവന്‍സും ആശ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവും നല്‍കും. ഡോക്ടര്‍മാര്‍ക്ക് 20000 രൂപ പ്രത്യേക അലവന്‍സും മറ്റ് ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം കൂടുതലായുമാണ് നല്‍കുക.

സര്‍ക്കാര്‍ ആസ്പത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 25 ലക്ഷം രൂപ അനുവദിക്കും. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തബാങ്കും ലഹരി വിമോചന കേന്ദ്രവും തുടങ്ങും. അഗളി സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയും ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ആരംഭിക്കും. ആദിവാസി മേഖലയിലെ ആശുപത്രികളില്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പി എസ് സിയില്‍ പുതുതായി മൂന്ന് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. നോര്‍ക്ക വഴി പ്രാവാസികള്‍ക്കു നല്‍കുന്ന ധനസഹായം 20,000 രൂപയില്‍ നിന്നും ഒരു ലക്ഷമായും കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കുള്ള സഹായം 20000 രൂപയില്‍ നിന്നും 50,000 രൂപ ആയും ഉയര്‍ത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്് 2.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നിന്ന് ഗെയിലിന്റെ പൈപ്പ് ലൈന്‍ ഇടാന്‍ ഭൂമിയുടെ ഉപയോഗ അവകാശം വിലയ്‌ക്കെടുക്കും. ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ അഞ്ചിരട്ടി കണക്കാക്കി അതിന്റെ പത്തു ശതമാനമാണ് ഉടമകള്‍ക്ക് നല്‍കുക. ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here