Connect with us

Health

മഞ്ഞപ്പിത്തം: അല്‍പ്പം ചില കാര്യങ്ങള്‍

Published

|

Last Updated

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഥവാ നേത്രത്തിന്റെ അടിഭാഗത്തും മൂത്രത്തിലും മഞ്ഞ നിറം സംജാതമാകുന്ന അവസ്ഥയിലാണ് മഞ്ഞപ്പിത്തം തിരിച്ചറിയുന്നത്. പനിയും ശക്തിയായ വയറുവേദനയും കാണാനിടയുണ്ട്. കാമല അഥവാ മഞ്ഞപ്പിത്തം എന്നു പറയുന്ന ഈ രോഗം പ്രധാനമായും രക്തത്തില്‍ പിത്തദ്രവത്തിന്റെ പരിണാമം വര്‍ധിക്കുമ്പോഴാണ് സംഭവിക്കുന്നത്. മൂത്രത്തില്‍ മഞ്ഞനിറം കാണുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. അതോടൊപ്പം തന്നെ തൊലിയിലും നേത്രത്തിലും മഞ്ഞ നിറം വ്യാപിക്കുന്ന അവസ്ഥയുണ്ടാകും. കരളിന്റെ ഭാഗത്തും വീക്കവും വേദനയും ഉണ്ടാകും. രോഗാരംഭത്തില്‍ പനി ഉണ്ടാകാറുണ്ട്. പിത്ത – വാത സ്രോതസ്സില്‍ പിത്താശയ ഭാഗം ലോപിച്ചാല്‍ പിത്തദ്രാവകം കുടലില്‍ പോകാന്‍ മാര്‍ഗമില്ലാതെ രക്തത്തില്‍ കലരുന്നു. ചില രോഗികള്‍ക്ക് തലകറക്കം, ശക്തിയായ ചൂട് എന്നിവ അനുഭവപ്പെടാറുണ്ട്.

ചില അവസ്ഥകളില്‍ പിത്ത – വാദ സ്രോതസ്സുകളുടെ തടസ്സപ്പെടല്‍ നിമിത്തം സംഭവിക്കുന്ന കാമലയില്‍ മലം കറുത്ത എള്ളുപോലെ ഉണ്ടാകാറുണ്ട്. ശ്രദ്ധയോടെ ചികിത്സിച്ചാല്‍ എളുപ്പം ഭേദമാക്കാവുന്ന രോഗമാണ് മഞ്ഞപ്പിത്തം. കിഴാര്‍ നെല്ലി അരച്ച് പശുവിന്‍ പാലില്‍ ദിവസേന രാവിലെ കഴിച്ചാല്‍ ഏത് മഞ്ഞപ്പിത്തവും മാറും. ഇതിന് നാട്ടറിവുകളില്‍ വേണ്ടത്ര തെളിവുണ്ട്. പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കണം. പാലും ബാര്‍ളിയും കഞ്ഞിയും കഴിക്കുന്നത് നല്ലതാണ്. എണ്ണ വസ്തുക്കള്‍, കോഴിമുട്ട, കോഴിയിറച്ചി, മുളക്, പുളി ഇവ ഒഴിവാക്കണം. മദ്യപാനം, പകലുറക്കം, രാത്രി ഉറക്കമിളക്കല്‍, വെയിലത്ത് നടക്കല്‍ എന്നിവ ഒഴിവാക്കണം.
ദ്രാക്ഷാരിഷ്ടം, ലോഹാസവം, കല്യാണഘൃതങ്ങള്‍, ലോഹസിന്ദൂരം, അന്നഭേദി സിന്ദൂരം, വാശാഗുളിച്യാദി, ദ്രാക്ഷാദി എന്നീ കഷായങ്ങളും ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കാം. മഞ്ഞപ്പിത്തത്തെ പകര്‍ച്ചവ്യാധിയായി ആയുര്‍വേദം പറഞ്ഞിട്ടില്ല. എന്നാല്‍ കുട്ടികള്‍ക്ക് എളുപ്പം പകരുന്നതായി കണ്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. രോഗ സാഹചര്യങ്ങളില്‍ ചൂടാക്കിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം അപകടകാരിയല്ല. എങ്കിലും അശ്രദ്ധകൊണ്ട് മരണം സംഭവിക്കാറുണ്ട്.

Latest