Connect with us

Ongoing News

ഉപമുഖ്യമന്ത്രി: എതിര്‍പ്പുമായി ലീഗ്; ഇന്ന് യു ഡി എഫ് യോഗം

Published

|

Last Updated

iumlതിരുവനന്തപുരം: കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദവി കൂടി നല്‍കുന്നതില്‍ യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിം ലീഗിന് എതിര്‍പ്പ്. പതിറ്റാണ്ടുകളായി യു ഡി എഫ് മന്ത്രിസഭകളില്‍ രണ്ടാം സ്ഥാനം ലീഗിന് ആണെന്നിരിക്കെ രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കുന്നതിലൂടെ ഈ സ്ഥാനം നഷ്ടപ്പെടുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് ലീഗിന്റെ നിലപാട്. അതേസമയം, ഉപമുഖ്യമന്ത്രി പദവി ഉള്‍പ്പെടെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യു ഡി എഫ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. കെ ബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ ആവശ്യവും ഇന്നത്തെ മുന്നണി യോഗം പരിഗണിക്കും. ലീഗ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. പ്രത്യേക സാഹചര്യം പരിഗണിച്ച് ഉപമുഖ്യമന്ത്രി പദം അനുവദിക്കാമെന്നും എന്നാല്‍, ഇതൊരു കീഴ്‌വഴക്കമാകരുതെന്നും ലീഗ് ആവശ്യപ്പെടുമെന്നാണ് വിവരം.
ഘടക കക്ഷികളുമായി ആശയ വിനിമയം നടത്താതെ ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്ക് തീരുമാനിച്ചെന്ന വികാരമാണ് ലീഗിന്. കെ കരുണാകരനും എ കെ ആന്റണിയും മുഖ്യമന്ത്രിയായപ്പോഴെല്ലാം മന്ത്രിസഭയില്‍ രണ്ടാം സ്ഥാനമായിരുന്നു ലീഗിന്. എന്നാല്‍, കോണ്‍ഗ്രസിന് 39 എം എല്‍ എമാര്‍ മാത്രമുള്ളപ്പോള്‍ ഉപമുഖ്യമന്ത്രി പദം നല്‍കുന്നത് അംഗീകരിക്കരുതെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. അണികളുടെ വികാരവും നേതാക്കളില്‍ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പും ഇല്ലാതാക്കുകയാണ് ആദ്യ ഘട്ടത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതിന് പിന്നില്‍. അഞ്ചാം മന്ത്രി പദവുമായി ബന്ധപ്പെട്ട് ലീഗിനെതിരെ കോണ്‍ഗ്രസില്‍ നിന്നുണ്ടായ എതിര്‍പ്പിനുള്ള തിരിച്ചടിയായും ലീഗ് നിലപാടിനെ വിലയിരുത്തുന്നു.
സി എം പിയും കേരള കോണ്‍ഗ്രസ് ജേക്കബും ലീഗിന്റെ നിലപാടിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്തായാലും ഇന്നത്തെ യു ഡി എഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. യു ഡി എഫ് യോഗത്തിന് മുന്നോടിയായി മുസ്‌ലിം ലീഗിന്റെ സെക്രട്ടേറിയറ്റ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഈ വിഷയം യു ഡി എഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ രാത്രി മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചയില്‍ ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ മുന്നണിയില്‍ ആലോചിക്കാതെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന നിലപാടിലാണ് ലീഗ്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഏകപക്ഷീയ നിലപാട് സ്വീകരിക്കാനാകില്ലെന്നാണ് മറ്റു ചില കക്ഷികളുടെയും പൊതുനിലപാട്. ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സി എം പിയും കോണ്‍ഗ്രസിന്റെ തീരുമാനത്തോട് വിമുഖത അറിയിച്ചു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപമുഖ്യമന്ത്രിയെ നിയമിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും ഇന്നത്തെ യു ഡി എഫ് യോഗത്തില്‍ അതൃപ്തി അറിയിക്കുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ആരും തങ്ങളോട് സംസാരിച്ചിട്ടില്ല. പരമ്പരാഗതമായി മന്ത്രിസഭയിലെ രണ്ടാം സ്ഥാനം തങ്ങള്‍ക്കാണെന്നാണ് ലീഗിന്റെ അവകാശവാദം. ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രിസ്ഥാനം കൊടുക്കുമെന്ന വാര്‍ത്ത അത്ഭുതകരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ആരോ ബോധപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തയാണിത്. ലീഗിന്റെ സ്ഥാനത്തിന് ചലനം വരുന്ന ഈ തീരുമാനം മുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദും പ്രതികരിച്ചു. കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ഗണേഷ് രാജിവെക്കാനുണ്ടായ സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ആവശ്യം തള്ളാനാണ് സാധ്യത.

---- facebook comment plugin here -----

Latest