വിമതര്‍ക്കുള്ള ആയുധ ഉപരോധം ഇ യു പിന്‍വലിച്ചു

Posted on: May 29, 2013 6:00 am | Last updated: May 29, 2013 at 10:27 am
SHARE

willliam hegബ്രസല്‍സ്: സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇ യു ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. ആസ്ത്രിയയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് വകവെക്കാതെയാണ് ഏറ്റുമുട്ടല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയിലെ വിമത വിഭാഗത്തിന് ആയുധം നല്‍കാന്‍ തീരുമാനമായത്. ബ്രസല്‍സില്‍ ഇ യു വിദേശകാര്യ മന്ത്രിമാരുടെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ഉപരോധം പിന്‍വലിക്കണമെന്ന നിലപാടില്‍ ഇ യുവിലെ പ്രധാന രാഷ്ട്രങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ഉറച്ചുനിന്നതോടെ മറ്റ് അംഗരാഷ്ട്രങ്ങളും തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.

സിറിയന്‍ വിമതര്‍ക്ക് ആയുധങ്ങളെത്തിക്കുന്നതിന് ഇ യു അംഗരാഷ്ട്രങ്ങള്‍ക്ക് മേല്‍ ചുമത്തിയ ഉപരോധം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് വ്യക്തമാക്കി. അതേസമയം, സിറിയയിലേക്ക് ആയുധങ്ങളയക്കാന്‍ ബ്രിട്ടന്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഹേഗ് കൂട്ടിച്ചേര്‍ത്തു. യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയയില്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയാല്‍ അത് കൂടുതല്‍ ആപത്താണ് ഉണ്ടാക്കുകയെന്നുമാണ് കഴിഞ്ഞ ദിവസം ആസ്ത്രിയ, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇ യുവിനെ പോലുള്ള സംഘടനകള്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാത്തപക്ഷം അത് സിറിയന്‍ ജനതയോട് ചെയ്യുന്ന കടുത്ത അപരാധമാണെന്നും ആസ്ത്രിയന്‍ പ്രതിനിധി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നതെന്നും രാസായുധങ്ങളടക്കമുള്ള മാരകായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിമതര്‍ക്ക് ആയുധം എത്തിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും വാദിച്ചത്. വിമതര്‍ക്ക് അനിവാര്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇ യുവിന്റെ തീരുമാനത്തെ സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ സ്വാഗതം ചെയ്തു. സിറിയന്‍ സൈന്യം രൂക്ഷമായ ആക്രമണങ്ങളാണ് പ്രക്ഷോഭ മേഖലകളില്‍ നടത്തുന്നതെന്നും സിറിയന്‍ ജനതയെ പ്രതിരോധിക്കാന്‍ ഇ യു രാഷ്ട്രങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും സിറിയന്‍ നാഷനല്‍ കൗണ്‍സില്‍ വക്താവ് അദിബ് ശിന്‍സാകിലി വ്യക്തമാക്കി.
സിറിയയില്‍ രണ്ട് വര്‍ഷത്തോളമായി നടക്കുന്ന വിമത പ്രക്ഷോഭത്തില്‍ ഇതിനകം 94,000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എന്‍ മനുഷ്യാവകാശ സംഘടനാ വക്താക്കള്‍ അറിയിച്ചത്. വിമതര്‍ക്ക് പാശ്ചാത്യ സഹായം എത്തിത്തുടങ്ങിയത് മുതല്‍ മരണ സംഖ്യയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here