Connect with us

Kerala

ദുബൈ മാതൃകയില്‍ സംസ്ഥാനത്ത് അക്കാദമിക് സിറ്റി വരുന്നു

Published

|

Last Updated

തിരുവനന്തപുരം:ദുബൈ മാതൃകയില്‍ സംസ്ഥാനത്ത് അക്കാദമിക് സിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ എം എബ്രഹാം, ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക് സിറ്റി സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.

ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അക്കാദമിക് സിറ്റി നിര്‍മാണവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു.
അക്കാദമിക് സിറ്റി എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ലോകോത്തര നിലവാരമുള്ള സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്ന കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ച കൈവരിക്കുന്നതിന് ആഗോള വിദ്യാഭ്യാസ സംഗമം നടത്തുന്നതും പരിഗണനയിലുണ്ട്.
ഈ വര്‍ഷം മുതല്‍ എയ്ഡഡ് സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി രണ്ട് ജോഡി യൂനിഫോം വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ 80 കോടി രൂപയുടെ ധനസഹായം കൂടി ചേര്‍ത്ത് മൊത്തം 117 കോടി രൂപ ചെലവിലാണ് ഈ അധ്യയന വര്‍ഷം പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 29 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അധ്യാപക ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പാക്കേജ് അനധ്യാപക ജീവനക്കാര്‍ക്ക് കൂടി ബാധകമാക്കി ആദ്യഘട്ടം 182 പേര്‍ക്ക് നിയമനാംഗീകാരം നല്‍കി. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച പ്രൊഫ. ലബ്ബ ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. കണ്ണൂര്‍, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി മേഖലാ ഓഫീസുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.