ഭാഷാ പുരോഗതിക്ക് കര്‍മ പദ്ധതി

Posted on: May 29, 2013 9:19 am | Last updated: May 29, 2013 at 9:19 am
SHARE

തിരുവനന്തപുരം:ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ മലയാളത്തിന്റെ വികസനത്തിനായി വിപുലമായ കര്‍മ പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കര്‍മ പദ്ധതി തയ്യാറാക്കിയ ശേഷം ചിങ്ങം ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിളംബര ദിനമായി പ്രഖ്യാപിച്ച് അവതരിപ്പിക്കും. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ത്തത്.

മലയാള ഭാഷയുമായും സാഹിത്യവുമായും ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഏകീകരിച്ച് മലയാളം യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ ജയകുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മലയാളം സര്‍വകലാശാലയില്‍ അടുത്ത മാസം 22 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. മലയാളം നിര്‍ബന്ധിത ഭാഷയാക്കുന്ന നിയമനിര്‍മാണം സംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക പര്യാപ്തമാകില്ലെന്നും യോഗത്തില്‍ സംസാരിച്ച കവി ഒ എന്‍ വി കുറുപ്പ് പറഞ്ഞു.
മലയാളം മിഷന്റെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ പഠന സാമഗ്രികള്‍ നല്‍കണം. ഇവര്‍ക്കുള്ള പഠന പുസ്തകങ്ങള്‍ ശാസ്ത്രീയമായി തയ്യാറാക്കി നല്‍കണം. സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ മലയാള അര്‍ഥ വ്യാഖ്യനങ്ങളുള്ള നിഘണ്ടു തയ്യാറാക്കാന്‍ സഹായം ചെയ്യണം. നാല് യൂനിവേഴ്‌സിറ്റികള്‍ മലയാളം ചെയര്‍ സ്ഥാപിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. അതിനുള്ള സഹായം യൂനിവേഴ്‌സിറ്റികള്‍ക്ക് നല്‍കണമെന്നും ഒ എന്‍ വി അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിമായി പഠിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി നിയമം കൊണ്ടുവരണമെന്ന് കവയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. പാഠപുസ്തകങ്ങളില്‍ സാഹിത്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. മലയാളം മിഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാക്കിമാറ്റി തളിര്‍ മാസികയെ വിപുലപ്പെടുത്തി മിഷന്റെ കീഴിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്നും സുഗതകുമാരി പറഞ്ഞു.
മന്ത്രിമാരായ കെ സി ജോസഫ്, പി കെ അബ്ദുര്‍റബ്ബ്, എഴുത്തുകാരായ പുതുച്ചേരി രാമചന്ദ്രന്‍, ജോര്‍ജ് ഓണക്കൂര്‍, ശ്രീനാഥ്, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം ആര്‍ തമ്പാന്‍, മലയാളം മിഷന്റെ ചുമതലയുള്ള തലേക്കുന്നില്‍ ബഷീര്‍ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here