Connect with us

Malappuram

നിര്‍ധനരായ കുട്ടികള്‍ക്ക് 'സ്‌നേഹപൂര്‍വം'; എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ധനസഹായം

Published

|

Last Updated

മലപ്പുറം: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനായി സാമൂഹികനീതി വകുപ്പിന് കീഴിലെ സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന “സ്‌നേഹപൂര്‍വം” പദ്ധതിയുടെ ധനസഹായം എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. വിവിധ സാഹചര്യങ്ങളാല്‍ മാതാപിതാക്കളില്‍ ഒരാള്‍ മരിക്കുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ സഹായമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഇത്തരം കുട്ടികളെ അനാഥാലയങ്ങളിലാക്കാതെ സ്വന്തം വീടുകളിലോ ബന്ധുക്കളുടെ വീടുകളിലോ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനാണ് ധനസഹായം അനുവദിക്കുക. ഒമ്പതാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപയും അതിന് മുകളിലുളളവര്‍ക്ക് 500 രൂപയുമാണ് നല്‍കുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കി വന്നിരുന്ന ധനസഹായം എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കും.
ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പുറമെ ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 22,375 വരെയും കുടുംബ വാര്‍ഷിക വരുമാനമുളള കുടുംബങ്ങളിലെ കുട്ടികളെയും പദ്ധതിയിലുള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം കുടുംബങ്ങളിലെ സര്‍ക്കാര്‍ – എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം – പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രതിമാസം 1000 രൂപ ധനസഹായം നല്‍കും. അപേക്ഷാ ഫോമിന്റെ മാതൃക സാമൂഹിക നീതി വകുപ്പിന്റേയും സാമൂഹിക സുരക്ഷാമിഷന്റേയും സൈറ്റുകളിലും അങ്കണവാടികളിലും ഐ സി ഡി എസ് ഓഫീസുകളിലും ലഭിക്കും. “സ്‌നേഹപൂര്‍വം” പദ്ധതി കൂടാതെ ശയ്യാവലംബികളായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 400 രൂപ ധനസഹായം നല്‍കുന്ന “ആശ്വാസകിരണം” പദ്ധതിയും മിഷന്‍ നടപ്പാക്കുന്നുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്യുന്നുണ്ട്.

Latest