Connect with us

Malappuram

സ്‌കൂള്‍ വിപണിയില്‍ 'കുട്ടി'ത്തിരക്ക്

Published

|

Last Updated

മലപ്പുറം: മധ്യവേനല്‍ അവധി കഴിഞ്ഞ് പള്ളിക്കൂടങ്ങള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ വിപണിയില്‍ കുട്ടികളുടെ തിരക്ക്. വില വര്‍ധനക്കിടയിലും കച്ചവടത്തിന് ഇത്തവണയും ഒട്ടും കുറവില്ല. മക്കളുടെ ആവശ്യങ്ങള്‍ക്ക് രക്ഷിതാക്കള്‍ എതിര് നില്‍ക്കാതിരിക്കുന്നതാണ് കച്ചവട സ്ഥാപനങ്ങളെ കൊഴുപ്പിക്കുന്നത്. എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെയുളളവരെല്ലാം പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കടകളില്‍ വര്‍ണം വിതറുന്ന ബാഗുകളും കുടകളും നോട്ടുബുക്കുകളും നിറഞ്ഞിട്ട് മാസങ്ങളായി. നേരത്തെ വാങ്ങി എല്ലാം ഒരുക്കിവെച്ചവരുണ്ടെങ്കിലും അവസാനത്തേക്ക് വെച്ചവരുടെ തിരക്കാണ് ഇപ്പോഴുള്ളത്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ നിറഞ്ഞ കുടകള്‍, ബാഗുകള്‍, ലഞ്ച് കിറ്റ്, ബോക്‌സ്, പേന എന്നിവയാണ് വിപണിയിലെ പ്രധാന ആകര്‍ഷണം. പ്രമുഖ കമ്പനികള്‍ക്കൊപ്പം ചൈനീസ് കമ്പനികളും വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് കുട്ടികളെ ആകര്‍ഷിക്കാനായി കമ്പനികള്‍ രംഗത്തിറക്കിയിട്ടുള്ളത്. സ്‌പൈഡര്‍മാന്‍, ആഗ്രി ബേര്‍ഡ്, ബാര്‍ബി, ടോറ, ബെന്‍ടന്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് കടകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പരസ്യങ്ങളുടെ സ്വാധീനം കാരണം കുരുന്നുകള്‍ ബ്രാന്‍ഡ് ചോദിച്ചാണ് കടയിലെത്തുന്നതെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു.