Connect with us

Malappuram

സ്‌കൂളുകളിലെ താത്കാലിക അധ്യാപക ഒഴിവുകള്‍: സ്വന്തക്കാരെ നിയമിക്കല്‍ വ്യാപകം

Published

|

Last Updated

വണ്ടൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളിലെ താത്കാലിക അധ്യാപക നിയമനങ്ങളില്‍ സ്വന്തക്കാരെ തിരുകികയറ്റുന്നതായി വ്യാപക പരാതി. പി എസ് സി മുഖേന അധ്യാപക നിയമനം നടക്കാത്ത സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലാണ് പണവും മറ്റു സ്വാധീനങ്ങളും ഉപയോഗിച്ച് ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നത്.
സ്‌കൂള്‍ പിടിഎ കമ്മിറ്റികളുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെയും ഇടപെടലുകളിലൂടെയാണ് സ്വന്തക്കാരോ അല്ലെങ്കില്‍ സ്വാധീനമുള്ളവരോ കയറിപ്പറ്റുന്നത്. ദിവസ വേതനാടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഈ നിയമനങ്ങള്‍. ദിവസവേതനാടിസ്ഥാത്തില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ വേതനം ഇരട്ടിയായി വര്‍ധിപ്പിച്ചതോടെയാണ് ഈ മേഖലയിലും മത്സരം വ്യാപകമായത്. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 500രൂപയായും െ്രെപമറി അധ്യാപകര്‍ക്ക് 400 രൂപയായുമായാണ് ദിവസവേതനം വര്‍ധിപ്പിച്ചത്. നേരത്തെ 250, 200 രൂപ നിരക്കിലാണ് നല്‍കിവന്നിരുന്നത്. ദിവസവേതനം വര്‍ധിപ്പിച്ചതോടെ നിരവധിപേരാണ് താത്കാലിക അധ്യാപക ജോലിയില്‍ ചേരാന്‍ അഭിമുഖത്തിന് എത്താറുള്ളത്.
എസ്എസ്എല്‍സി മുതല്‍ അധ്യാപകയോഗ്യത നേടിയ കോഴ്‌സിലെ മാര്‍ക്കുകളോടൊപ്പം അതത് പഞ്ചാത്തിലെയും വാര്‍ഡിലെയും അംഗങ്ങള്‍ക്ക് മുന്‍ഗണനയും നല്‍കികൊണ്ടാണ് അധ്യാപക നിയമനങ്ങള്‍ നടത്തേണ്ടത്.എന്നാല്‍ പല പഞ്ചായത്തുകളിലും ഇത് ലംഘിക്കപ്പെടുകയാണ്. താത്കാലിക അധ്യാപകരെ നിയമിക്കുന്നതിന്റെ മുന്നോടിയായി പത്രങ്ങളില്‍ വാര്‍ത്ത നല്‍കണമെന്ന പൊതുനിര്‍ദേശം അവഗണിച്ച് മറ്റാരുമറിയാതെ അധ്യാപകരെ നിയമിക്കുന്നവരുമുണ്ട്. ചിലര്‍ പത്രമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കാറുണ്ടെങ്കിലും പത്രങ്ങളുടെ താലൂക്ക് തിരിച്ചുള്ള പ്രാദേശിക പേജുകളില്‍ മാത്രം വാര്‍ത്ത വരുന്നതിനാല്‍ കൂടുതല്‍ യോഗ്യതയുള്ള മറ്റു പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ ഇക്കാര്യം അറിയാറില്ല. അഭിമുഖം അറിഞ്ഞ് പങ്കെടുക്കാന്‍ നിരവധി പേര്‍ എത്താറുണ്ടെങ്കിലും അധികൃതര്‍ നേരത്തെ ആളുകളെ തീരുമാനിച്ചിരിക്കുന്നതിനാല്‍ പലരും നിരാശരായി മടങ്ങാറാണ് പതിവ്.ഇതു സംബന്ധിച്ച് അഭിമുഖത്തില്‍ പങ്കെടുത്തവരുടെ യോഗ്യത സംബന്ധിച്ചും തിരഞ്ഞെടുക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങളെ കുറിച്ചും വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തിയാല്‍ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകള്‍ പുറത്തറിയിക്കാന്‍ സാധിക്കുമെങ്കിലും അധികപേരും ശ്രമിക്കാറില്ല. താത്കാലിക അധ്യാപക നിയമനത്തില്‍പോലും പണവും സ്വാധീനവും ഉപയോഗിച്ച് ജോലി തട്ടിയെടുക്കുന്ന പ്രവണത വ്യാപകമായിട്ടും സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കാനോ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരുടെ യോഗ്യതക്കനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനോ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.