ജില്ല കടുത്ത പകര്‍ച്ച വ്യാധി ഭീഷണിയിലേക്ക് :ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന

Posted on: May 29, 2013 2:02 am | Last updated: May 29, 2013 at 2:03 am
SHARE

മലപ്പുറം: മഴ ശക്തമാകുന്നതിന് മുമ്പെ ജില്ല കടുത്ത പകര്‍ച്ച വ്യാധി ഭീഷണിയിലേക്ക് നീങ്ങുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പകര്‍ച്ച വ്യാധികള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. അടുത്ത ദിവസങ്ങളിലായി മഴ ആരംഭിക്കുക കൂടി ചെയ്യുന്നതോടെ രോഗികളുടെ ഗ്രാഫ് കുത്തനെ ഉയരും.
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം എന്നീ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം ഈവര്‍ഷം ഇരട്ടിയലധികമായിട്ടുണ്ട്. കഴിഞ്ഞ തവണ ഒന്‍പത് ഡെങ്കിപ്പനി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം അഞ്ച് മാസം പിന്നിട്ടപ്പോഴേക്ക് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 46 ആയി ഉയര്‍ന്നു.
നാലിരട്ടി വര്‍ധനവാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. മഞ്ഞപ്പിത്തവും വയറിളക്കവും ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 533 കേസുകളാണ് കഴിഞ്ഞ തവണയെങ്കില്‍ ഇത്തവണയിത് 1200 എണ്ണമായിട്ടുണ്ട്. വയറിളക്കത്തില്‍ 17000 എന്നത് 22,000 ആയും വര്‍ധിച്ചതായാണു റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് നിലമ്പൂരിലാണ്. മഞ്ഞപ്പിത്തം അരീക്കോട് ഭാഗത്താണ് കൂടുതലായി കണ്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയവരുടെ കണക്കാണിത്.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നേടിയവര്‍ ഇതിലേറെ വരുമെന്നതിനാല്‍ ജില്ലയിലെ രോഗികളുടെ യഥാര്‍ത്ഥ കണക്കുകള്‍ ഭീതിതമായിരിക്കും. നിലവില്‍ രോഗികളെ കൊണ്ട് സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്. രൂക്ഷമായ ശുദ്ധജലക്ഷാമത്തെ തുടര്‍ന്ന് ലോറികളിലും മറ്റു വണ്ടികളിലും വീട്ടിലെത്തിക്കുന്ന വെളളം തിളപ്പിക്കാതെ കുടിക്കുന്നത് മഞ്ഞപ്പിത്തം വര്‍ധിക്കാന്‍ കാരണമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here