കാരശ്ശേരിയില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്

Posted on: May 29, 2013 1:40 am | Last updated: May 29, 2013 at 1:40 am
SHARE

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി നോര്‍ത്ത് കാരശ്ശേരി വാര്‍ഡ് മെമ്പര്‍ റീന പ്രകാശ് ചുമതലയേറ്റു.
യു ഡി എഫ് ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം മുസ്‌ലിം ലീഗിനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമായിരുന്നു പ്രസിഡന്റ് പദവി. മുസ്‌ലിം ലീഗിലെ ഷൈനാസ് ചാലൂളി രാജി വെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എട്ടിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് റീന പ്രകാശ് വിജയിച്ചത്.
എന്‍ സി പിയിലെ വി കെ ലീലയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. കാരശ്ശേരിയില്‍ ആദ്യമായാണ് കോണ്‍ഗ്രസ് നോമിനി പ്രസിഡന്റാകുന്നത്. കോഴിക്കോട് റൂറല്‍ എ ഇ ഒ. കെ എം കൃഷ്ണകുമാര്‍ വരണാധികാരിയായിരുന്നു.
സത്യപ്രതിജ്ഞക്ക് ശേഷം നടന്ന അനുമോദന ചടങ്ങില്‍ വി കെ വിനോദ്, സന്തോഷ് ജോണ്‍, വി കെ ലീല, ഷൈനാസ് ചാലൂളി, എം ടി അശ്‌റഫ്, സെക്രട്ടറി സി ഇ സുരേഷ് ബാബു പ്രസംഗിച്ചു. തുടര്‍ന്ന് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്റിനെ നോര്‍ത്ത് കാരശ്ശേരിയിലെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു.
യോഗത്തില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, കൊടിയത്തൂര്‍, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബശീര്‍ പുതിയോട്ടില്‍, ബാബു കളത്തൂര്‍, മോയന്‍ കൊളക്കാടന്‍, വി കുഞ്ഞാലി, സി ജെ ആന്റണി, പി പൈതല്‍ ഹാജി, സന്തോഷ് ജോണ്‍, സലാം തേക്കുംകുറ്റി, വി ജംനാസ്, കെ കോയ പ്രസംഗിച്ചു.