Connect with us

Kozhikode

സ്ലാബിടാത്ത ഓടകള്‍ പതിവ് കാഴ്ച

Published

|

Last Updated

കോഴിക്കോട്: ഒരു ദിവസത്തെ മഴകൊണ്ട് തന്നെ നഗരത്തില്‍ കാര്യങ്ങള്‍ കുത്തഴിഞ്ഞു. നടപ്പാതകള്‍ ടൈല്‍സ് പതിച്ച് മനോഹരമാക്കിയെന്ന് മേനി പറയുന്ന നഗരത്തില്‍ സ്ലാബിട്ട് മൂടാത്ത നടപ്പാതകള്‍ ധാരാളം. ആദ്യ മഴക്ക് തന്നെ ഒരു സ്ത്രീ തുറന്നുകിടന്ന ഓടയില്‍ വീണ് മരിക്കുകയും ചെയ്തു.
സ്ലാബിട്ട് മൂടാത്ത ഓടകള്‍ നഗരത്തില്‍ പതിവ് കാഴ്ചയാണ്. ഇപ്പോള്‍ പലയിടത്തും സ്ലാബിട്ട് മൂടിയ ഓടകള്‍ വൃത്തിയാക്കലിന്റെ ഭാഗമായി സ്ലാബ് മാറ്റിയിട്ടിരിക്കുകയുമാണ്. സരോവരത്തിന്റെ ഭാഗത്ത് ഓട വൃത്തിയാക്കാന്‍ നടപ്പാത കുത്തിപ്പൊളിച്ചതല്ലാതെ സ്ലാബുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.
പുതിയ സ്റ്റാന്‍ഡ് പരിസരം, പാളയം തുടങ്ങിയ നഗരത്തിന്റെ പല ഭാഗത്തും ഓടകള്‍ മൂടാതെ കിടക്കുന്നു. മഴക്കാല പൂര്‍വ ശുചീകരണത്തിന് റസിഡന്‍സ് അസോസിയേഷനുകളെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അതും കാര്യക്ഷമമല്ല. മഴയെത്തും മുമ്പേ എന്ന പേരിലാണ് കോര്‍പറേഷന്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തുന്നത്. ഉറവിട മാലിന്യ സംസ്‌കരണം, ഓടകള്‍ ശുചീകരിക്കല്‍, റോഡരികിലും പൊതുസ്ഥലങ്ങളിലും മറ്റും കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കല്‍, വെള്ളക്കെട്ടുകള്‍ ഒഴിവാക്കല്‍, ഉറവിടങ്ങളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീ സൈക്ലിംഗ് പ്ലാന്റില്‍ എത്തിക്കല്‍, ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കല്‍, ക്ലോറിനേഷന്‍, കൊതുക് നശീകരണം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.
എന്നാല്‍ മിക്ക ശുചീകരണ പ്രവൃത്തികളും നടപ്പാക്കാനായില്ല. റോഡരികിലും മറ്റും കൂടിയിട്ട മാലിന്യങ്ങള്‍ ഭാഗികമായി മാത്രമാണ് നീക്കാന്‍ കഴിഞ്ഞത്. മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഇത്തരം ഭാഗങ്ങള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതും പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു.

---- facebook comment plugin here -----

Latest