Connect with us

Kozhikode

പട്ടികജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മിച്ചുനല്‍കല്‍: പദ്ധതി ജില്ലാ ഭരണകൂടം അട്ടിമറിച്ചതായി പ്രതിപക്ഷം

Published

|

Last Updated

കോഴിക്കോട്: മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പട്ടികജാതി വിഭാഗക്കാര്‍ക്ക് വീടുവെച്ചു കൊടുക്കാനായി തയ്യാറാക്കിയ പദ്ധതി അട്ടിമറിച്ചതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
നാല് പഞ്ചായത്തുകളില്‍ നിന്നായി തിരഞ്ഞെടുത്ത ഇരുപത് പട്ടികജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കാനായിരുന്നു ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി 90 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. മുക്കം ഗ്രാമപഞ്ചായത്ത് മുഖേനയാണ് പദ്ധതി നടത്താനിരുന്നത്. പഞ്ചായത്ത് 28 ലക്ഷം രൂപ ഉപയോഗിച്ച് സെന്റിന് 25,000 രൂപ നിരക്കില്‍ രേണ്ടകാല്‍ ഏക്കര്‍ സ്ഥലം വാങ്ങി. എന്നാല്‍ ജില്ലാ ഭരണകൂടം ഇടപെട്ട് വില്‍പ്പന റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സെന്റിന് 18,000 രൂപ നിരക്കില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങി. പുരയിടം കൂടാതെ വീട്ടിലേക്കുള്ള റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനും ഫണ്ട് വകയിരുത്തിയിരുന്നു. റോഡ് ടാര്‍ ചെയ്യുന്നതിനായി ആറ് ലക്ഷം രൂപയുടെ ടാറും പ്രദേശത്ത് ഇറക്കി. എന്നാല്‍ ഇപ്പോള്‍ ടാര്‍ കാണാനില്ലെന്നും റോഡുണ്ടാക്കാമെന്ന് പറഞ്ഞ സ്ഥലത്ത് റോഡില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പദ്ധതി അട്ടിമറിക്കപ്പെട്ടിട്ടും ഇത്തവണ ജില്ലാ പഞ്ചായത്ത് 11 ലക്ഷം രൂപ കൂടി അനുവദിച്ചത് റദ്ദ് ചെയ്യണമെന്നും പദ്ധതി നിര്‍ത്തലാക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. പദ്ധതി അട്ടിമറിയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നിയോഗിച്ച മൂന്നംഗ സമിതി അടുത്ത ജില്ലാ പഞ്ചായത്ത് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് ആര്‍ ശശി പറഞ്ഞു.
നന്മണ്ട പഞ്ചായത്തിലെ അക്ഷയകേന്ദ്ര നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണത്തിനായി നിയോഗിച്ച ആറംഗ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. സെക്രട്ടറി കെ എസ് അബ്ദുല്‍ സലീം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ഷീബ പങ്കെടുത്തു.

 

Latest