Connect with us

Articles

കോളജുകള്‍ക്ക് സ്വയംഭരണത്തിന് വെമ്പല്‍

Published

|

Last Updated

കേരള സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക, പഠന നിലവാരം ഉയര്‍ത്തുക, കോളജുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക, പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കുക, വിദ്യാര്‍ഥികളുടെ പഠന സാധ്യതകള്‍ വിപുലപ്പെടുത്തുക, കോളജുകള്‍ക്ക് വിദ്യാഭ്യാസ മികവ് പ്രകടിപ്പിക്കാന്‍ അവസരം നല്‍കുക എന്നിവയാണ് പ്രൊഫ. മാധവ മേനോന്‍ കമ്മിറ്റി കേരളത്തില്‍ സ്വയംഭരണ കോളജുകള്‍ വേണമെന്ന് സൂചിപ്പിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. മേല്‍ പറഞ്ഞ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ എന്തിനാണ് കോളജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നത്? ഇപ്പോള്‍ തന്നെ പഠന നിലവാരം ഉയര്‍ത്താനും വിദ്യാര്‍ഥികളുടെ പഠന സാധ്യതകള്‍ വിപുലപ്പെടുത്താനും വിദ്യാഭ്യാസ മികവ് വര്‍ധിപ്പിക്കാനും ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനും വേണ്ടി കോളജുകളില്‍ ശരിയായി അധ്യാപനവും ആവശ്യം വേണ്ട ലാബോറട്ടറികളും ഉപകരണങ്ങളും ലൈബ്രറിയും മറ്റ് അനുബന്ധ ക്ലാസ് മുറികളിലെ ആശയവിനിമയ സാങ്കേതിക ഉപകരണങ്ങളും കമ്പ്യൂട്ടറും ഗുണനിലവാരമുള്ള ആത്മാര്‍ഥരായ അധ്യാപകരും ഉണ്ടെങ്കില്‍ സാധ്യമാണെന്നിരിക്കെ സ്വകാര്യ മാനേജ്‌മെന്റുകള്‍ പലതും സ്വയം ഭരണത്തിന് വേണ്ടി ദാഹിക്കുകയാണ്. പരീക്ഷകള്‍ കുറ്റമറ്റതാക്കി സമയത്തിന് ഫലം വരുത്താന്‍ സര്‍വകലാശാലകള്‍ മനസ്സുവെച്ചാല്‍ നടക്കുന്ന കാര്യമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അണ്ടര്‍ഗ്രാജുവേറ്റ് റിസല്‍ട്ടുകള്‍ ഉള്‍പ്പെടെ പി ജി, മറ്റ് റിസല്‍ട്ടുകള്‍ എന്നിവയെല്ലാം സമയത്തിന് വരുന്നുണ്ടല്ലോ? അപ്പോള്‍ പിന്നെ വിദ്യാഭ്യാസ രംഗത്തെ മേന്മയും മികവും കൂട്ടാന്‍ സ്വയംഭരണ കോളജുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന സര്‍ക്കാറിന്റെ ഉദ്ദേശ്യം മറ്റെന്തൊക്കെയോ ആണെന്നാണ് സഹൃദയര്‍ പറയുന്നത്. മാനേജുമെന്റുകളും സര്‍ക്കാറും തമ്മിലുള്ള ഒരു കൂട്ടുകച്ചവടത്തിന്റെ ഗന്ധം നിരീക്ഷകര്‍ മണക്കുന്നു. സ്വകാര്യ കോളജ് അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നല്‍കിത്തുടങ്ങിയതു മുതല്‍ കോളജ് മാനേജ്‌മെന്റുകളുടെ അധികാരത്തിലും അധ്യാപകരുടെ മേലുള്ള പിടിയിലും ചെറിയ കുറവ് വന്നിട്ടുണ്ടെന്നും വാധ്യാന്മാര്‍ യൂനിയന്‍ കളിച്ച് നടക്കുന്നതായും പൊതുവെ സംസാരമുണ്ട്. അതിനൊരു കടിഞ്ഞാണിടുകയാണ് സ്വയംഭരണ കോളജുകള്‍ നല്‍കുന്നതുകൊണ്ട് സര്‍ക്കാറും മാനേജ്‌മെന്റുകളും ഉദ്ദേശിക്കുന്നതെന്ന പിന്നാമ്പുറ വര്‍ത്തമാനവുമുണ്ട്.

സര്‍വീസ് സംഘടനകള്‍ക്ക് മൂക്കുകയര്‍ ഇടുക. സ്വയംഭരണത്തിന്റെ പേരില്‍ ലഭിക്കുന്ന “മിച്ച” അധികാരം അതിനായി ഉപയോഗിക്കാമെന്നും ചില സംഘടനകളും മുറുമുറുക്കുന്നുണ്ട്. സ്വയംഭരണം ലഭ്യമാക്കുമ്പോള്‍ കോളജുകള്‍ക്ക് എന്തെല്ലാമാണ് ഗുണങ്ങള്‍? യു ജി സിയുടെ സ്വയംഭരണ കോളജുകള്‍ക്കുള്ള അധിക ഫണ്ട്, കേരള സര്‍ക്കാറിന്റെ ഒറ്റത്തവണ ധനസഹായം, വിപണി മൂല്യം നോക്കി കോഴ്‌സുകള്‍ മാറ്റാം, ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ കോളജിന്റെ പേര് അച്ചടിച്ചുവരും, സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയും പിടിയില്‍നിന്നുള്ള അയവ്, കൂടുതല്‍ ഫീസ് പിരിക്കാനുള്ള സ്വാതന്ത്ര്യം, അധ്യാപക, അനധ്യാപക വിഭാഗങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം, വികസനത്തിന്റെ പേരിലുള്ള കനത്ത പണപ്പിരിവ് എന്നിവയാണ് സ്വയംഭരണത്തിലൂടെ ലഭിക്കുന്ന പ്രധാന മെച്ചങ്ങള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അധ്യാപക, അനധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ കോഴ പിരിക്കല്‍, എയ്ഡഡ് സ്ട്രീമില്‍ മാനേജ്‌മെന്റ് സീറ്റുകള്‍ക്ക് വേണ്ടി പണം പിരിക്കാവുന്ന സീറ്റുകള്‍, വികസന ഫണ്ട്, അണ്‍ എയ്ഡഡ് കോഴ്‌സുകളിലെ പ്രവേശത്തിന് ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനം തുടങ്ങിയവയാണ് സംസ്ഥാനത്തെ എയ്ഡഡ് -അണ്‍എയ്ഡഡ് രംഗത്തെ പകല്‍ക്കൊള്ളകള്‍. എല്ലാം നടത്തിക്കൊണ്ടുപോകണമെങ്കില്‍ പണം വേണ്ടേ എന്നാണ് പല മാനേജ്‌മെന്റുകളും ചോദിക്കുന്നത്. “നിങ്ങള്‍ തന്നെ വിദ്യാഭ്യാസം നടത്തി ഈ സമൂഹത്തെ ഉദ്ധരിക്കണമെ”ന്ന് ആരാ പറഞ്ഞേ? എന്ന ചോദ്യത്തിന് പലര്‍ക്കും ഉത്തരം കാണില്ല. എന്നാല്‍ ഒരൊറ്റ പൈസ പോലും കോഴ വാങ്ങാതെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ നടത്തുന്ന ചുരുക്കം ചില മാനേജ്‌മെന്റുകളും സംസ്ഥാനത്തുണ്ട്. എന്നാല്‍ എയ്ഡഡ് കോഴ്‌സുകളോടൊപ്പം അണ്‍എയ്ഡഡ് കോഴ്‌സുകള്‍ നടത്തി അവര്‍ ഒരുവിധം പിടിച്ചുനില്‍ക്കുകയാണത്രെ. എയ്ഡഡ് കോഴ്‌സുകളില്‍ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുള്ളപ്പോള്‍ അതേ കോളജിലെ അണ്‍എയ്ഡഡ് കോഴ്‌സില്‍ പഠിപ്പിക്കുന്നവര്‍ക്ക് അഞ്ചിലൊന്ന് പോലും ശമ്പളം ലഭിക്കുന്നില്ല. പണിയൊക്കെ ഒന്നു തന്നെ. അഡ്മിഷന്‍ സമയത്ത് സീറ്റിന് ലക്ഷങ്ങളുടെ ലേലം വിളിയാണ് നടക്കുക. ആവശ്യക്കാര്‍ കൂടുതലും വിഭവം (സീറ്റുകള്‍) കുറവും എന്ന അവസ്ഥയുള്ളതിനാല്‍ പരിഭവമൊന്നുമില്ലാതെ ഒന്നോ രണ്ടോ മക്കളല്ലേ ഉള്ളൂ എന്ന കാരണത്താല്‍ എത്ര വേണേലും നല്‍കുവാന്‍ കേരളത്തിലെ ഇടത്തരക്കാരായ മാതാപിതാക്കള്‍ വരെ തയ്യാറാണ്. സാമൂഹിക നീതിയെക്കുറിച്ച് ധാര്‍മികതയെക്കുറിച്ചും സമത്വത്തെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും മറ്റും പറയുന്നവര്‍ പോലും വിദ്യാഭ്യാസ കച്ചവടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. കിട്ടുന്നതൊക്കെ രണ്ട് കൈയും നീട്ടി സ്വീകരിക്കും. അനീതിയെന്നോ പാപമാണെന്നോ ദൈവത്തിന് നിരക്കാത്തതാണെന്നോ ഭൂരിപക്ഷ സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും നോക്കാറില്ല. എല്ലാറ്റിനും പണം വേണ്ടേ എന്ന ഒരൊറ്റ ചോദ്യം എല്ലാം ശരിയായി! ഈശ്വരാ! ഇവര്‍ക്കൊക്കെ സ്വയംഭരണം കൂടി ലഭിച്ചാലത്തെ സ്ഥിതി ഒന്ന് ഓര്‍ത്തുനോക്കുക.
വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്കരണമാണ് സ്വയംഭരണ കോളജുകള്‍കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കോളജുകള്‍ക്ക് സ്വയംഭരണം നല്‍കുമ്പോള്‍ അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകളില്‍ മാറ്റം വരികയില്ലെന്ന് പറയുമ്പോള്‍ തന്നെ സര്‍വകലാശാലകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ കോളജുകളില്‍ ചെയ്യണമെന്നും പറയുന്നു. സ്വയംഭരണ കോളജുകള്‍ക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കുവാനുള്ള അധികാരം- അവകാശമൊന്നുമില്ല. സ്വയംഭരണമാകുന്ന കോളജുകളോടുള്ള സര്‍ക്കാര്‍ നിര്‍ദേശം ആവശ്യത്തിന് അനധ്യാപകരെ നിയമിക്കണമെന്നാണ്. അതിനൊന്നും സര്‍ക്കാര്‍ ശമ്പളം നല്‍കില്ല. അപ്പോള്‍ പിന്നെ സര്‍വകലാശാലകള്‍ ചെയ്തിരുന്ന പണിയെല്ലാം നിലവിലെ അധ്യാപക, അനധ്യാപകര്‍ തന്നെ പണിയണം. ചോദ്യപേപ്പര്‍ ഉണ്ടാക്കല്‍, പരീക്ഷ നടത്തിപ്പ്, പരീക്ഷാ പേപ്പര്‍ നോട്ടം, ടാബുലേഷന്‍ എന്നിവയെല്ലാം ജോലിയുടെ ഭാഗമാകുമെന്ന് സാരം. ഇപ്പോള്‍ ഈ പ്രവൃത്തികള്‍ക്കെല്ലാം പ്രത്യേകം പണം ലഭ്യമാണെന്നിരിക്കെ സ്വയംഭരണ കോളജുകളിലെ അധ്യാപകര്‍ അടിമപ്പണിക്കായി വിധിക്കപ്പെടും. ഇതുകൂടാതെയാണ് സിലബസ് നിശ്ചയിക്കല്‍, പുതിയ കോഴ്‌സുകള്‍ക്ക് നിര്‍ദേശം വെക്കല്‍ തുടങ്ങി സാധാരണ ജോലികള്‍ക്ക് പുറമെ ചെയ്യേണ്ട ഒട്ടനവധി നിര്‍ബന്ധ പണികള്‍ വേറെയും വരും. നിലവിലെ ജോലി വ്യവസ്ഥകള്‍ക്ക് കടുത്ത മാറ്റമാണ് സ്വയംഭരണ കോളജുകളില്‍ സംഭവിക്കുക. സര്‍വകലാശാലകളില്‍ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ക്ക് തുല്യമായി ഭരണസമിതി യോഗങ്ങളും അക്കാദമി കൗണ്‍സില്‍ യോഗങ്ങളും ബോര്‍ഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും കോളജ് തലത്തിലാണ് നടക്കുക. ഭരണസമിതിയില്‍ മാത്രമാണ് സര്‍ക്കാറിന്റെയും സര്‍വകലാശാലകളുടെയും യു ജി സിയുടെയും നോമിനികളുണ്ടാകുക.
മറ്റ് അക്കാദമിക് ബോഡുകള്‍ മാനേജ്‌മെന്റിന്റെ പൂര്‍ണ നിയന്ത്രണത്തിലും അധികാരത്തിലുമായിരിക്കും നടക്കുക. സെനറ്റ് സ്മ്പ്രദായം സ്വയംഭരണ കോളജുകളില്‍ ഉണ്ടാകില്ല. വിപണിമൂല്യം നോക്കി കോഴ്‌സുകള്‍ നിശ്ചയിക്കപ്പെടും. പുതിയ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകാന്‍ സാധ്യതയേറെയാണ്. അടിസ്ഥാന വിഷയങ്ങളില്‍ കുട്ടികളെ കിട്ടിയില്ലെങ്കില്‍ അത്തരം കോഴ്‌സുകള്‍ നിര്‍ത്തലാക്കും. അടിസ്ഥാന വിഷയങ്ങളില്‍ ജോലിക്ക് കയറിയ അധ്യാപകര്‍ പുതിയ വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയില്ലെങ്കില്‍ തഴയപ്പെടുകയോ പ്രീഡിഗ്രി വേര്‍പ്പെടുത്തിയപ്പോള്‍ പ്ലസ് ടുവിലേക്ക് വിന്യസിച്ചതുപോലെ വിന്യസിക്കപ്പെടുകയോ ചെയ്താലും അത്ഭുതപ്പെടാനില്ല. ജോലി ചെയ്യാതെ ശമ്പളം നല്‍കാനാകില്ലല്ലോ. സ്വയംഭരണമായതിനാല്‍ എല്ലാം സഹിച്ച് കോളജുകളില്‍ തന്നെ കഴിച്ചുകൂട്ടുകയേ നിര്‍വാഹമുള്ളൂ. ജാതി,മത,വര്‍ഗ ചിന്തകള്‍ക്കതീതമല്ലാതെയും മതേതര കാഴ്ചപ്പാടില്ലാതെയും പഠനവും പഠന വിഷയങ്ങളും നിശ്ചയിക്കപ്പെട്ടാല്‍ സര്‍ക്കാറിന് കാഴ്ചക്കാരന്റെ റോളിലിരിക്കാനേ കഴിയൂ. ഇതു സംസ്ഥാനത്തെ മതേതര കാഴ്ചപ്പാടില്‍ മാറ്റം വരുത്തും. നിലവില്‍ പഠിപ്പിക്കലും ഗവേഷണവും ട്യൂട്ടോറിയലുമാണ് കോളജ് അധ്യാപകന്റെ ജോലിയായി യു ജി സി നിശ്ചയിച്ചിട്ടുള്ളത്. സ്വയംഭരണ കോളജുകളില്‍ ഭരണവും പരീക്ഷാ നത്തിപ്പും ജോലിയുടെ ഭാഗമാകും.
ഇപ്പോഴത്തെ സെമസ്റ്റര്‍ രീതിയും സെമിനാറുകളും പ്രൊജക്ടുകളുടെ മേല്‍നോട്ടവും ട്യൂട്ടോറിയലുകളും ഇന്റേണല്‍ അസസ്‌മെന്റുകളും ഗവേഷണവും പഠിപ്പിക്കലും നടത്തി സമയമില്ലാത്ത അവസ്ഥയില്‍ സ്വയംഭരണത്തിന്റെ പേരിലുള്ള ഭരണ ചുമതല ഉപേക്ഷിക്കാനാകാത്ത വലിയ തലവേദനയായി തീരും. സര്‍ക്കാറിന്റെയും സര്‍വകലാശാലകളുടെയും നിയന്ത്രണം കുറയുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക് അധ്യാപക- അനധ്യാപക ജീവനക്കാരുടെ മേല്‍ കൂടുതല്‍ അധികാരമാകും. സര്‍വകലാശാലകള്‍ക്കും മാനേജ്‌മെന്റുകളുടെ അധ്യാപക, അനധ്യാപക ശിക്ഷാ നടപടികള്‍ക്ക് മുമ്പില്‍ കാഴ്ചക്കാരായി മാറി നില്‍ക്കേണ്ടി വരും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇത്തരം സ്വയംഭരണ കോളജുകളില്‍ പ്രത്യേകിച്ചും അധ്യാപകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ പഠന നിലവാരത്തിനോ ഒരു മാറ്റവും ഉണ്ടാകാനിടയില്ല. മറിച്ച് അധ്വാന ഭാരം കൂടുന്നതിനാല്‍ അധ്യാപകരുടെ മികവ് പഠിപ്പിക്കുന്ന കാര്യത്തില്‍ കുറവ് വരുമെന്ന ഒരു വലിയ ന്യൂനതയും സംഭവിക്കാനിടയുണ്ട്. ഇന്നത്തെ നിലയില്‍ സ്വയംഭരണം ലഭിക്കണമെങ്കില്‍ അധ്യാപകര്‍ ഒന്നടങ്കം നിലവിലെ സേവന- വേതന ലഭ്യതയില്‍ മാറ്റം വരാതെ തന്നെ കഠിനാധ്വാനം ചെയ്യാനും കൂടുതല്‍ ഭാരം ചുമക്കാനും തയ്യാറാക്കുന്നവരും അവരെ മിത്രങ്ങളായി കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ നിര്‍ലോഭമായ സഹായസഹകരണം നല്‍കുന്ന മാനേജ്‌മെന്റുകളും ആകണം. വിദ്യാഭ്യാസം കച്ചവടമായി കാണാതെ സേവനമായി കാണുന്ന മാനേജ്‌മെന്റും ആകേണ്ടതായി വരും. നിലവില്‍ സര്‍വകലാശാലകള്‍ നല്‍കുന്ന പരീക്ഷാ സംബന്ധമായ ജോലികള്‍ക്കുള്ള വേതനത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്താതെ തുടര്‍ന്ന് കൊണ്ടുപോകുവാന്‍ കഴിയണം. സ്വയംഭരണത്തിന്റെ കൂടുതല്‍ ജോലിക്ക് കൂടുതല്‍ വേതനം, മികവിന് അംഗീകാരം നല്‍കുക. അധാര്‍മികമായ രീതിയിലൊന്നും പണമുണ്ടാക്കില്ലെന്ന കാഴ്ചപ്പാടും മാനേജ്‌മെന്റുകള്‍ക്കുണ്ടാകണം. ഇത്രയും മാതൃകാപരമായി പ്രവൃത്തിക്കുന്ന സ്വകാര്യ കോളജുകള്‍ക്ക് മാത്രമേ സ്വയംഭരണം നല്‍കുന്നതുകൊണ്ട് സമൂഹത്തിനും വിദ്യാര്‍ഥി ലോകത്തിനും മികവുണ്ടാക്കാന്‍ കഴിയുകയുള്ളൂ. ഇത് കേരളത്തില്‍ നടക്കുമോ? നിലവില്‍ സര്‍വകലാശാലകളില്‍ 100 ല്‍ കൂടുതല്‍ അഫിലിയേറ്റഡ് കോളജുകള്‍ ഉള്ളത് 100 ആയി നിജപ്പെടുത്തുകയും പരീക്ഷകള്‍ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്താല്‍ തന്നെ സംസ്ഥാനത്തിന് അക്കാദമിക മികവ് നേടാനാകും. അങ്ങനെ ആയാല്‍ സംസ്ഥാനത്ത് പുതിയ സ്വയംഭരണ കോളജുകളുടെ ആവശ്യം തന്നെ ഉണ്ടാകില്ല.

 

Latest