മണിചെയിന്‍ തട്ടിപ്പ് കര്‍ശനമായി തടയണം

Posted on: May 29, 2013 6:00 am | Last updated: May 28, 2013 at 10:16 pm
SHARE

amwayമണിചെയിന്‍ തട്ടിപ്പ് കേസില്‍ അമേരിക്കന്‍ വ്യവസായ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ആംവേ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുള്‍പ്പെടെ മൂന്ന് ഉന്നതരെ കേരളാ പോലീസ് അറസ്റ്റ്് ചെയ്തിരിക്കയാണ്. ആംവേ ഇന്ത്യ ചെയര്‍മാനും സി ഇ ഒയുമായ ഡല്‍ഹി സ്വദേശി പിക്‌നി കോട്ട് വില്യം, ഡയറക്ടര്‍മാരായ നോയിഡ സ്വദേശി സഞ്ജയ് മല്‍ഹോത്ര, ഹരിയാന സ്വദേശി അന്‍ഷു ബുദ്‌രാജ എന്നിവരെയാണ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ ഒ ഡബ്ല്യു) കോഴിക്കോട് യൂനിറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ ആംവേക്കെതിരെ നടന്നുവന്ന അന്വേഷണങ്ങളുടെയും റെയ്ഡുകളുടെയും തുടര്‍ച്ചയായാണ് ഇപ്പോഴത്തെ അന്വേഷണവും അറസ്റ്റും .

1959ല്‍ അമേരിക്കന്‍ വ്യവസായികളായ ജെ വാന്‍ ആന്‍ഡലും റിച്ചാര്‍ഡ് ഡേവാസും ചേര്‍ന്ന് രൂപം നല്‍കിയ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സംവിധാനമാണ് ആംവേ എന്ന അമേരിക്കന്‍ വേ . കമ്പനി ഇന്നവകാശപ്പെടുന്നത് ശരിയാണെങ്കില്‍ എണ്‍പത്തിയെട്ട് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കോടികളുടെ ബിസിനസ് സാമ്രാജ്യമായ ആംവേയുടെ വിറ്റുവരവ് 2012 ഡിസംബര്‍ 31നകം 11.3 ബില്യന്‍ (1130 കോടി) ഡോളറിലെത്തിയിട്ടുണ്ട്. . 2012ല്‍ ഫോബ്‌സ് മാസികയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ അമേരിക്കയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ 25-ാം സ്ഥാനത്താണ് ആംവേ.
19 വര്‍ഷം മുമ്പ് ഇന്ത്യയില്‍ കടന്നുകയറിയ ആംവേ കമ്പനി ഡയരക്ട് സെല്ലിംഗ് വഴി മണി ചെയിനിലൂടെ കോടികളാണ് വാരിക്കൂട്ടിയത്. വിദേശ നിക്ഷേപത്തെ amwayപ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് അനുമതി നല്‍കിയത്. എന്നാല്‍ ഇതിന് പകരം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്ന ഉത്പന്നങ്ങള്‍ ആറ് മുതല്‍ പത്ത് മടങ്ങ് വരെ അധിക വിലക്ക് മണി ചെയിന്‍ ശൃംഖല വഴി വിതരണം ചെയ്ത് കൊള്ളലാഭം കൊയ്യുകയായിരുന്നു ആംവേ അധികൃതര്‍. വിറ്റു കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം മണിചെയിന്‍ ശൃംഖലയിലുള്ളവര്‍ക്ക് വീതിച്ച് നല്‍കുകയും ബാക്കി തുക കമ്പനിയുടെ തലപ്പത്തുള്ളവര്‍ വീതിച്ചെടുക്കുകയുമാണ് രീതി. നേതൃ നിരയിലുള്ളവരില്‍ പ്രധാനികളെല്ലാം അമേരിക്കക്കാരാണ്. ഇന്ത്യയില്‍ നിന്ന് മാത്രം പ്രതിവര്‍ഷം 48 കോടി രൂപ കമ്പനി ലാഭമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം . ലാഭ വിഹിതമാകട്ടെ വീണ്ടും വന്‍കിട ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിക്ഷേപിച്ച് പണം ഇരട്ടിപ്പിക്കുന്നു.
നിശ്ചിത ശതമാനം തുക പ്രതിമാസം ലാഭം വാഗ്ദാനം ചെയ്ത് ,മേന്മയേറിയതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ നേരിട്ട് വില്‍പ്പനക്ക് നല്‍കി വന്‍തുക നിക്ഷേപം സ്വീകരിക്കുന്ന രീതിയാണ് ആംവേയുടെ നെറ്റ് മാര്‍ക്കറ്റിംഗ്. ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനനുസൃതമായി ലാഭവിഹിതം കൂടുമെന്ന് നിക്ഷേപകനെ വിശ്വസിപ്പിക്കുന്നതില്‍ കമ്പനി അധികൃതര്‍ പ്രത്യേക മിടുക്കും കാണിക്കുന്നു. എന്നാല്‍ മാര്‍ക്കറ്റിലെ കിടപിടിക്കാവുന്ന ഉത്പന്നത്തേക്കാള്‍ പത്തിരട്ടിയിലധികം വിലയുള്ളതിനാല്‍ ആംവേ ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ വിറ്റഴിക്കുക ശ്രമകരമാണെന്ന് ഏതാനും മാസങ്ങള്‍ കൊണ്ട് കണ്ണികള്‍ തിരിച്ചറിയുന്നു. ഉത്പന്നങ്ങള്‍ പിന്നീട് ഏറ്റെടുക്കാന്‍ മടിക്കുന്ന നിക്ഷേപകന്‍ തലയൂരാന്‍ കമ്പനിയെ സമീപിച്ചാല്‍ കൈ മലര്‍ത്തുകയാകും ഉടമകള്‍. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി പരാതിയുമായി രംഗത്തുവന്നത്.
വാണിജ്യ സ്ഥാപനങ്ങളുടെയും കുത്തക കമ്പനികളുടെയും മോഹന വാഗ്ദാനങ്ങളില്‍ വശംവദരായി ,മെയ്യനങ്ങാതെ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വ്യഗ്രതയിലാണ് ഇടത്തരക്കാര്‍ ഇത്തരം നെറ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളില്‍ നിക്ഷേപമിറക്കുന്നത് . ആദ്യമാസങ്ങളിലോ വര്‍ഷങ്ങളിലോ വന്‍ലാഭം തിരിച്ചുനല്‍കി കെണിയൊരുക്കുന്ന മണി ചെയിന്‍ കമ്പനികള്‍ക്ക് പിന്നീട് അടിതെറ്റിയ അനുഭവങ്ങളാണ് ടൈക്കൂണ്‍ മുതല്‍ കോളിബോയര്‍ വരെ വരച്ചു കാട്ടുന്നത്.
പുത്തന്‍ വിപണന തന്ത്രവും വാഗ്ദാനങ്ങളുടെ പെരുമഴയുമായെത്തുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ പേരിന് നിയമമുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനോ പരിശോധിക്കാനോ സ്ഥിരം സംവിധാനമില്ലെന്നതാണ് വസ്തുത. പരാതിയുമായി ആരെങ്കിലും രംഗത്തുവരുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതും നടപടി സ്വീകരിക്കുന്നതും. ഡയറക്ട് മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ കുറ്റമറ്റ നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം മാര്‍ക്കറ്റിംഗ് മേഖലയിലെ കള്ള നാണയങ്ങളെ കുറിച്ച് സാധാരണക്കാരെ ബോധവാന്മാരാക്കാനുള്ള ശ്രമവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇതോടൊപ്പം ഭരണ രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ച് ആംവേയുടെ സാമ്പത്തിക ചൂതാട്ടവും വെട്ടിപ്പുകളും വെളിച്ചത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘം ജാഗ്രത്താകണം . അല്ലാതെ കള്ളന് കഞ്ഞിവെക്കുന്ന സമീപനം ഉദ്യോഗസ്ഥ, ഭരണ തലങ്ങളില്‍ നിന്നുണ്ടാകരുത്.

LEAVE A REPLY

Please enter your comment!
Please enter your name here