രമേശ് ഉപ മുഖ്യമന്ത്രി

Posted on: May 29, 2013 6:00 am | Last updated: May 29, 2013 at 11:14 am
SHARE

ramesh chennithalaതിരുവനന്തപുരം:കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉപ മുഖ്യമന്ത്രിയാകും. റവന്യൂ വകുപ്പും ഉപ മുഖ്യമന്ത്രി പദവുമായി മന്ത്രിസഭയില്‍ ചേരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി. റവന്യൂവിന് പുറമെ മറ്റൊരു വകുപ്പ് കൂടി രമേശിന് നല്‍കും. ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കും. ഉപമുഖ്യമന്ത്രി പദം നല്‍കുന്നതിന് ഹൈക്കമാന്‍ഡും അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍, തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കണമെന്ന ആവശ്യം രമേശ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഘടക കക്ഷികളുമായും ഹൈക്കമാന്‍ഡുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നാളെ ചേരുന്ന യു ഡി എഫ് യോഗത്തിന് മുന്നോടിയായി ഇന്ന് തന്നെ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കേണ്ടെന്നും ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയെന്നാണ് വിവരം.
കെ ബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണ പിള്ള കത്ത് നല്‍കിയ സാഹചര്യത്തില്‍ ഘടക കക്ഷികളുമായെല്ലാം ഇക്കാര്യം ചര്‍ച്ച ചെയ്യും. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സന്തോഷകരമായ തീരുമാനമുണ്ടാകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഉപ മുഖ്യമന്ത്രി പദവും റവന്യൂവിന് പുറമെ മറ്റൊരു വകുപ്പും നല്‍കുകയെന്ന കാര്യത്തില്‍ മാത്രമാണ് അന്തിമ തീരുമാനമായിട്ടുള്ളത്. മറ്റു കാര്യങ്ങളില്‍ ഇന്നും നാളെയുമായി ചര്‍ച്ചകള്‍ നടക്കും. ഇക്കാര്യത്തില്‍ തന്റെ സഹപ്രവര്‍ത്തകരുടെ കൂടി അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ തീരുമാനം എടുക്കാനാകൂ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ ഉടലെടുത്ത ധാരണയാണ് ഇന്നലെ ചര്‍ച്ച ചെയ്തത്.
ഐ ഗ്രൂപ്പ് മന്ത്രിമാര്‍ കൈവശം വെക്കുന്ന ഏതെങ്കിലും ഒരു വകുപ്പ് എടുത്ത് ഉപ മുഖ്യമന്ത്രിയാക്കുകയെന്ന ഫോര്‍മുല നേരത്തെ തന്നെ എ വിഭാഗം മുന്നോട്ടുവെച്ചിരുന്നു. അടൂര്‍ പ്രകാശിന്റെ കൈവശമുള്ള റവന്യൂ ആണ് ഐ ഗ്രൂപ്പിന്റെ കൈയിലുള്ള പ്രധാന വകുപ്പ്. നേരത്തെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പ് നല്‍കിയപ്പോഴാണ് അടൂര്‍ പ്രകാശിന് റവന്യൂ ലഭിച്ചത്. രമേശിന് റവന്യൂ കൈമാറുമ്പോള്‍ അടൂര്‍ പ്രകാശ് നേരത്തെ കൈവശം വെച്ചിരുന്ന ആരോഗ്യ വകുപ്പിലേക്ക് മടങ്ങും. വി എസ് ശിവകുമാറിനും പഴയ ഗതാഗത വകുപ്പ് തന്നെ ലഭിക്കും.
മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുക്കുമെങ്കിലും പാമോലിന്‍ കേസില്‍ തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തില്‍ വിജിലന്‍സ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ തന്നെ നിലനിര്‍ത്തും. ഇതിന് പുറമെ വനം വകുപ്പും തിരുവഞ്ചൂരിന് നല്‍കും.
രമേശിന് പകരം സ്പീക്കര്‍ ജി കാര്‍ത്തികേയനെ കെ പി സി സി പ്രസിഡന്റാക്കും. തിരുവഞ്ചൂര്‍ സന്നദ്ധമാണെങ്കില്‍ അദ്ദേഹത്തിന് സ്പീക്കര്‍ പദവി നല്‍കാനും ആലോചനയുണ്ട്. അതുണ്ടായില്ലെങ്കില്‍ വി ഡി സതീശനെ സ്പീക്കറാക്കും. മന്ത്രിസഭാ രൂപവത്കരണ വേളയില്‍ തന്നെ സതീശനെ സ്പീക്കറാക്കുന്ന കാര്യം പരിഗണിച്ചതാണെങ്കിലും അന്ന് അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. എന്തായാലും ജൂണ്‍ പത്തിന് തുടങ്ങുന്ന നിയമസഭാ സമ്മേളത്തിനു മുന്നോടിയായി മന്ത്രിസഭാ അഴിച്ചുപണി പൂര്‍ത്തിയാക്കും. ഏതായാലും ഗണേഷിന്റെ തിരിച്ചു വരവിനുള്ള സാധ്യത അടയുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഗണേഷ് കുമാറിനെ തിരികെ മന്ത്രിസഭയില്‍ എടുക്കുന്നതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും പി സി ജോര്‍ജും ശക്തമായി എതിര്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here