Connect with us

Palakkad

ട്രൈബല്‍ സ്‌കൂളുകളില്‍ സ്ഥിരം അധ്യാപകരില്ല; കുട്ടികള്‍ സ്‌കൂള്‍ മാറാനൊരുങ്ങുന്നു

Published

|

Last Updated

പാലക്കാട്: പറമ്പിക്കുളം മേഖലയിലെ രണ്ട് ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ കുട്ടികളെ നാട്ടിലുള്ള സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ നീക്കം തുടങ്ങി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചുങ്കം ട്രൈബല്‍ എല്‍ പി സ്‌കൂളിലും തേക്കടി മുപ്പതേക്കര്‍ കോളനിയിലെ ട്രൈബല്‍ എല്‍ പി സ്‌കൂളിലും സ്ഥിരം അധ്യാപകരെ നിയമിക്കാറില്ല. ഉള്ള അധ്യാപകര്‍ കൃത്യമായി സ്‌കൂളില്‍ പഠിപ്പിക്കാന്‍ എത്താറുമില്ല.—ചുങ്കം സ്‌കൂളില്‍ നാല് അധ്യാപകര്‍ വേണ്ടിടത്ത് പുറത്ത് നിന്നുള്ള രണ്ട് താത്കാലിക അധ്യാപകരും കുരിയാര്‍കുറ്റിയിലെ മറ്റൊരു അധ്യാപികയുമാണ് ക്ലാസെടുക്കുന്നത്. പ്രധാനാധ്യാപിക ദിവസവും എത്താത്തതിനാല്‍ അധ്യാപകര്‍ കാര്യമായി പഠിപ്പിക്കാറില്ലെന്ന് കോളനിവാസികള്‍ പറയുന്നു. പൂപ്പാറ, എര്‍ത്ഡാം അഞ്ചാം കോളനി, പറമ്പിക്കുളം കുരിയാര്‍കുറ്റി എന്നിവിടങ്ങളിലുള്ള കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 81 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിച്ചത്. തേക്കടി മുപ്പതേക്കര്‍ കോളനിയിലെ ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം 35 കുട്ടികള്‍ പഠിച്ചിരുന്നു. ഇത്തവണ 12 കുട്ടികള്‍ കൂടി സ്‌കൂളില്‍ ചേരാനിരിക്കുകയാണ്. ഇവിടെയും സ്ഥിരം അധ്യാപകരില്ല. നാല് പേര്‍ വേണ്ടിടത്ത് രണ്ട് താത്കാലിക അധ്യാപകര്‍ മാത്രമാണുള്ളത്. ഹെഡ്മാസ്റ്റര്‍ മാസത്തിലൊരിക്കല്‍ സ്‌കൂളിലെത്തി അധ്യാപകര്‍ക്ക് ശമ്പളം നല്‍കി മടങ്ങുകയാണ് പതിവ്. ഇത്തവണ സ്‌കൂള്‍ തുറക്കാന്‍ പത്ത് ദിവസം മാത്രം അവശേഷിക്കെ പുതിയ കുട്ടികളെ ചേര്‍ക്കാന്‍ സംവിധാനമൊന്നും അധികൃതര്‍ ഒരുക്കിയിട്ടില്ലെന്ന് കോളനിവാസികള്‍ പറയുന്നു. മക്കളെ നല്ല നിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ നാട്ടിലെ ഹോസ്റ്റലുകളില്‍ നിര്‍ത്തി പഠിപ്പിക്കാനാണ് തീരുമാനിച്ചത്. രണ്ട് സ്‌കൂളുകളിലും സ്ഥിരം അധ്യാപകരെ നിയമിക്കാത്തപക്ഷം ടി സി വാങ്ങി വേറെ സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് ഇവരുടെ തീരുമാനം.
എല്‍ പി പഠനം കഴിഞ്ഞാല്‍ തുടര്‍ന്ന് പഠനം നടത്താന്‍ പറമ്പിക്കുളം മേഖലയില്‍ സൗകര്യമില്ല. സത്തേുമടയില്‍ നിന്ന് മുപ്പതേക്കര്‍ കോളനിയിലെത്താന്‍ വാഹന സൗകര്യമില്ല. 14 കിലോമീറ്റര്‍ കൊടുംവനത്തിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. താമസസൗകര്യം കുറവായതിനാല്‍ സ്ഥലം മാറ്റം നല്‍കിയാലും അധ്യാപകര്‍ ഇവിടെ എത്താന്‍ താത്പര്യം കാണിക്കാറില്ല.

---- facebook comment plugin here -----

Latest