മാര്‍ക്ക് കുറഞ്ഞതായി പരാതി

Posted on: May 28, 2013 6:00 am | Last updated: May 28, 2013 at 6:19 pm
SHARE

നിലമ്പൂര്‍: മേഖലയിലെ മികച്ച സ്‌കൂളുകളിലൊന്നായ ചന്തക്കുന്നിലെ ഫാത്തിമഗിരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കോടതിയിലേക്ക്. മുന്‍വര്‍ഷങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും എ വണ്‍ നേടി വിജയിച്ച ഫാത്തിമഗിരിയില്‍ ഇത്തവണ ഒരു കുട്ടിക്കുപോലും എപ്ലസ് കിട്ടിയില്ല. 72 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയിരുന്നത്. വര്‍ഷാവസാനം നടന്ന ടേം പരീക്ഷയില്‍ നൂറില്‍ നൂറുമാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കുപോലും ലഭിച്ചത് ബി1, സി1 ഗ്രേഡുകളാണ്. ഇതു തങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതേസമയം സി.ബി.എസ്.ഇ അധികൃതര്‍ ഗ്രേഡിംഗ് നല്‍കിയതില്‍ കണ്‍വേര്‍ഷന്‍ മാര്‍ക്കിലെ തകരാറാണ് ഇതിനു കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. തകരാര്‍ സംബന്ധിച്ച് ചെന്നൈ സി ബി എസ് ഇ റീജ്യണല്‍ ഓഫീസിലേക്ക് പ്രിന്‍സിപ്പാളും പി ടി എ പ്രസിഡന്റും പോയിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് ലഭിക്കുമെന്നും യഥാര്‍ഥ ഫലം ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ പ്ലസ്‌വണിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 30ന് അവസാനിക്കാനിരിക്കെ ഇവിടെ പരീക്ഷയെഴുതിയ പത്താംക്ലാസ് കുട്ടികള്‍ക്ക് പ്ലസ്‌വണ്ണിന് അപേക്ഷിക്കാനാവില്ല. പരീക്ഷയുടെ യഥാര്‍ഥ മാര്‍ക്ക് ലിസ്റ്റ് ലഭിക്കുമ്പോഴേക്കും ഇത്തവണ പ്ലസ്‌വണ്‍ പ്രവേശനം അസാധ്യമാകുമെന്നും കുട്ടികളുടെ ഭാവി അവതാളത്തിലാകുമെന്നും രക്ഷിതാക്കള്‍ പറയുന്നു. അധികൃതര്‍ക്കെതിരെ കോടതിയെ സമിപിക്കാനിരിക്കുകയാണ് രക്ഷിതാക്കള്‍.