പച്ചക്കറി വില വീണ്ടും മേലോട്ട്

Posted on: May 28, 2013 6:02 am | Last updated: May 28, 2013 at 6:15 pm
SHARE

marketകണ്ണൂര്‍:സംസ്ഥാനത്ത് വീണ്ടും പച്ചക്കറി വില വര്‍ധിക്കുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും നിന്നുള്ള പച്ചക്കറി വരവില്‍ കുറവുണ്ടായതാണു വില കയറാന്‍ കാരണം. തക്കാളി, ബീന്‍സ്, ചെറിയ ഉള്ളി, സവാള, വള്ളിപ്പയര്‍, മത്തന്‍ എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. വില പേശി വാങ്ങേണ്ട ഇനങ്ങളുടെ പട്ടികയില്‍ വീട്ടമ്മമാര്‍ക്കിനി ഇഞ്ചിയെയും ഉള്‍പ്പെടുത്താം. വെള്ളിയാഴ്ച ഇഞ്ചിയുടെ വിപണി വില കിലോക്ക് ഏറ്റവും ഉയര്‍ന്ന വിലയായ 150 രൂപയിലെത്തി.വാഴപ്പഴത്തിനും വില വര്‍ധിച്ചു.കഴിഞ്ഞ ആഴ്ച പ്രധാന ചെറുകിട കച്ചവട കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 14 രൂപ മുതല്‍ 16 രൂപവരെ വില ഈടാക്കിയിരുന്ന തക്കാളിക്ക് തിങ്കളാഴ്്ചയോടെ 36 രൂപ മുതല്‍ 38 രൂപ വരെയായി.

ബീന്‍സിന് 40 രൂപയാണ് കൂടിയത്. കിലോക്ക് 40 രൂപക്ക് ലഭിച്ചിരുന്ന ബീന്‍സിന് ഇന്നലത്തെ ചില്ലറ വിപണി വില 80 രൂപയാണ്. ഇഞ്ചിക്ക് കിലോക്ക് 150 രൂപ മുതല്‍ 160 രൂപ വരെ ഉയര്‍ന്നു. ശരാശരി 140-150 രൂപയാണ് വിവിധ വിപണികളിലെ ഇഞ്ചി വില. ചെറിയ ഉള്ളിയുടെ വിലയില്‍ അഞ്ചു രൂപ കൂടി. ചെറിയ ഉള്ളി കിലോയ്ക്കു70 രൂപയാണ് വില. നാടന്‍ മത്തനൊഴികെയുള്ളവക്ക് എട്ട് രൂപ മുതല്‍ 10 രൂപയുടെ വരെ വര്‍ധനയാണ് കിലോക്ക് വന്നത്. വേനല്‍ക്കാലത്ത് കിലോക്ക് 50 രൂപയില്‍ താഴെ ലഭിച്ചിരുന്ന മാതളത്തിന്റെ വില 85 രൂപ മുതല്‍ 100 രൂപവരെയായി. ആവശ്യത്തിനുള്ള എത്തുന്നില്ല കറിവേപ്പില (കിലോക്ക് 30), കൊത്തമല്ലി ഇല എന്നിവയുടെ വിലയും വര്‍ധിച്ചു. പച്ചക്കറിക്കൊപ്പം സൗജന്യമായി നല്‍കിയിരുന്ന മല്ലിയിലയുടെ വില കിലോക്ക് 100ല്‍ എത്തി. അതിനാല്‍ മല്ലിയില ചോദിക്കുന്നവരോട് ഇല്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ചേനക്കും ചേമ്പിനും അഞ്ച് രൂപ വരെ കച്ചവട കേന്ദ്രങ്ങളില്‍ അധികം ഈടാക്കുന്നുണ്ട്. പാളയന്‍കോടന്‍, രസകദളി, നേന്ത്രന്‍, റോബസ്റ്റ തുടങ്ങിയ പഴങ്ങളുടെ വിലയില്‍ മൂന്ന് മുതല്‍ 11 വരെ രൂപ വര്‍ധന വന്നു. കഴിഞ്ഞാഴ്ച ലഭിച്ചതിനെക്കാള്‍ കുറഞ്ഞ അളവിലാണ് ഇവയുടെ ലഭ്യത. നേന്ത്രക്കായ കിട്ടാനില്ല. വരും ദിവസങ്ങളില്‍ 10 രൂപയിലധികം വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. മാമ്പഴം സുലഭമായി ലഭിക്കേണ്ട കാലമായിട്ടും ആവശ്യത്തിന് ലോഡുകള്‍ എത്തുന്നില്ല. ഏപ്രില്‍ ആദ്യ ആഴ്ചകളില്‍ ശരാശരി കിലോക്ക് 40 രൂപയുണ്ടായിരുന്ന വരവ് മാമ്പഴങ്ങളുടെ വില 55 രൂപ മുതല്‍ 60 രൂപ വരെയായി. രണ്ടു ദിവസത്തിനുള്ളില്‍ വീണ്ടും വില ഉയരുമെന്ന് വ്യാപാരികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും ആവശ്യത്തിനുള്ള ലോഡ് എത്തിയില്ല. മൊത്ത വിതരണക്കാര്‍ മുന്‍കൂര്‍ പണം കൊടുത്തു നല്‍കിയ ഓര്‍ഡറുകളും പൂര്‍ണമായും എത്തിയിട്ടില്ല.
കൃഷി കുറഞ്ഞതും ജലക്ഷാമം മൂലം ഉത്പാദനം കുറഞ്ഞതുമാണ് ഇഞ്ചി വില ഉയരാന്‍ ഇടയാക്കിയത്. വിപണിയില്‍ ഇഞ്ചിയുടെ ലഭ്യത കുറഞ്ഞതോടെ വിലയും കുതിച്ചുയരുകയായിരുന്നു. പുതിയ ഇഞ്ചി വിപണിയിലെത്താന്‍ ആഗസ്ത് വരെയെങ്കിലും കാത്തിരിക്കണമെന്നതിനാല്‍ വില ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടകില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ ഇഞ്ചി കൂടുതല്‍ എത്തുന്നത്. വയനാട്, മൂവാറ്റുപുഴ, ഇടുക്കി എന്നിവിടങ്ങളിലെ ഇഞ്ചി പാടങ്ങളാണ് കേരളത്തിന്റെ ബാക്കി ഇഞ്ചി വിതരണ സ്രോതസ്സുകള്‍. കേരളത്തിലെ കര്‍ഷകര്‍ ഭൂരിഭാഗവും കാര്‍ഷിക വായ്പയെടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ഇഞ്ചിക്കൃഷി ചെയ്യുന്നവരാണ്. മഴ കുറഞ്ഞത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. ആവശ്യത്തിനുള്ള ലോഡുകളും എത്തുന്നില്ല.
ഇതിന് പുറമെ വാഴയിലയുടെ വരവും ഏതാണ്ട് നിലച്ച മട്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ക് വില വര്‍ധിച്ചിരുന്നു. ഗുണനിലവാരമുള്ള ഇല ലഭിക്കാതെയുമായി. ഹോട്ടലുകളും കല്യാണ ആവശ്യങ്ങള്‍ക്കുമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വാഴയില ഉപയോഗിക്കുന്നത്. കടുത്ത വേനലിനെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ കഴിയാത്തത് വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചെന്നാണ് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വ്യാപാരികളുടെ വിശദീകരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here